റിലീസിന് മുൻപ് തന്നെ പുഷ്‌പ രണ്ടാം ഭാഗം 1000 കോടി ക്ലബിൽ? അല്ലു വെറുതെയല്ല 300 കോടി വാങ്ങിയത്..! കാരണം ഇത്
ഇന്ത്യൻ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്‌പ രണ്ടാം ഭാഗം. താരതമ്യേന ചെറിയ കാൻവാസിൽ ഒരുക്കിയ ഒന്നാം ഭാഗം തന്നെ പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചിരുന്നു. മൂന്ന് വർഷം മുൻപ് റിലീസായ ഒന്നാം ഭാഗത്തിന്റെ വമ്പൻ വിജയം ഉണ്ടാക്കിയ ഹൈപ്പ് നിലനിർത്തിക്കൊണ്ടാണ് രണ്ടാം ഭാഗം വരുന്നത്.
തെന്നിന്ത്യൻ താര രാജാവും സ്‌റ്റൈലിഷ് സ്‌റ്റാർ എന്നറിയപ്പെടുകയും ചെയ്യുന്ന അല്ലു അർജുൻ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ അല്ലു വാങ്ങിയ പ്രതിഫലം ഉൾപ്പെടെ വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ റിലീസിന് രണ്ടാഴ്‌ച ശേഷിക്കെ പുഷ്‌പ രണ്ടാം ഭാഗത്തിന്റെ നിർമ്മാതാക്കൾ 1000 കോടി നേരത്തെ കീശയിലാക്കി എന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

തിയേറ്റർ കളക്ഷൻ റിപ്പോർട്ടുകൾ മുൻപ് തന്നെ 1000 കോടി എന്ന സ്വപ്‌ന നേട്ടമാണ് പുഷ്‌പ 2 സ്വന്തമാക്കിയിരിക്കുന്നത്. 500 കോടി രൂപ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ ഇറങ്ങുന്ന ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നാണ്. ഈ മുടക്കുമുതലിന്റെ ഇരട്ടിയോളം പുഷ്‌പ 2 നേരത്തെ തന്നെ സ്വന്തമാക്കി എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സാക്‌നിക് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇപ്പോൾ തന്നെ 1000 കോടി രൂപ കൈയിൽ കിട്ടിയെന്നാണ്. തിയേറ്റർ ഡിസ്ട്രിബൂഷൻ അവകാശം വിറ്റ വകയിൽ മാത്രം ചിത്രത്തിന് ലഭിച്ചത് 375 കോടി രൂപയോളം ആണെന്നാണ് സൂചന. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവ കൂടാതെ ഉത്തരേന്ത്യയിലെ വിതരണ അവകാശം കൂടി ചേർത്താണ് ഈ ഭീമമായ തുക.
ഇതിന് പുറമേ ഇന്ത്യയിലെ മറ്റ് ഭാഷകളിൽ നിന്നുള്ള വിതരണാവകാശ തുകയായി 100 കോടിയും, വിദേശ മാർക്കറ്റിൽ നിന്ന് 125 കോടിയും ചിത്രം നേടിയെടുത്തിട്ടുണ്ട് എന്ന് സാക്‌നിക് റിപ്പോർട്ട് ചെയ്യുന്നു. ഈ തുക ചേർത്താൽ ഇപ്പോൾ തന്നെ 600 കോടി രൂപ ഈയിനത്തിൽ നിർമ്മാതാക്കൾ കൈപ്പറ്റി കഴിഞ്ഞു. ഇതിന് ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റുകൾക്കും വമ്പൻ തുകയാണ് ഈടാക്കിയത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അല്ലു അർജുൻ ചിത്രത്തിന് നെറ്റ്ഫ്ലിക്‌സ് നൽകിയ തുക 275 കോടി രൂപയോളമാണ്. ഇതിന് പുറമേ മ്യൂസിക് റൈറ്റ്സ് 65 കോടി രൂപയ്ക്കും, സാറ്റലൈറ്റ് റൈറ്റ്സ് 85 കോടി രൂപയ്ക്കും വിറ്റുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതെല്ലാം കൂടി ചേർക്കുമ്പോൾ പുഷ്‌പ രണ്ടാം ഭാഗം നിർമ്മാതാക്കളുടെ കൈവശം എത്തിച്ചത് 1025 കോടി രൂപയാണ്.
അതേസമയം, ഇത്രയും വലിയ ബിസിനസ് നടക്കുമെന്ന് ഉറപ്പുള്ള ചിത്രമായതിനാൽ തന്നെ അല്ലു അർജുൻ വൻ തുകയാണ് പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. 300 കോടി രൂപയാണ് ചിത്രത്തിൽ അല്ലു വാങ്ങിയത്. ഇത് ഇന്ത്യൻ സിനിമയിലെ ഇതുവരെയുള്ള റെക്കോർഡ് പ്രതിഫലമാണ്. തമിഴ് സൂപ്പർതാരം വിജയുടെ 275 കോടി എന്ന നേട്ടമാണ് അല്ലു മറികടന്നിരിക്കുന്നത്.
ഡിസംബർ അഞ്ചിനാണ് പുഷ്‌പ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. വൻ വരവേൽപ്പാണ് ഇതിന് ലഭിച്ചത്. ചന്ദനക്കള്ളകടത്തുകാരൻ പുഷ്‌പരാജായി അല്ലു എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രശ്‌മിക മന്ഥാന, സുനിൽ, പ്രകാശ് രാജ് എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്‌തത് സുകുമാറാണ്.












Click it and Unblock the Notifications