മോഹന്‍ലാലിന്റെ തൂവാനത്തുമ്പികളിലെ ഭാഷ ബോറാണ്, മമ്മൂട്ടി അത്ഭുതപ്പെടുത്തുമെന്ന് രഞ്ജിത്ത്
കൊച്ചി: മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് പത്മരാജന്റെ തൂവാനത്തുമ്പികള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ജയകൃഷ്ണനും, സുമലത അവതരിപ്പിച്ച ക്ലാരയും മലയാള സിനിമയിലെ പ്രണയത്തിന്റെ പ്രതീകങ്ങളായും മാറിയിരുന്നു. അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ചുള്ള സംവിധായന്‍ രഞ്ജിത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ മികച്ചതായിരുന്നില്ലെന്ന് പറയുകയാണ് രഞ്ജിത്ത്. മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ ബോറാണ്. പപ്പേട്ടന്‍ അതൊന്നും തിരുത്താനും ശ്രമിച്ചിട്ടില്ല. മോഹന്‍ലാലും അതിന് തയ്യാറായിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാര്‍ എന്നും രഞ്ജിത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പത്മരാജന്റെ തന്നെ സാഹിത്യത്തിലാണ് ഇതേ ജയകൃഷ്ണന്‍ ക്ലാരയോട് സംസാരിക്കുന്നത്. ഇവിടെ എന്തൂട്ടാ എന്നൊന്നും തൃശൂര്‍ സ്ലാംഗില്‍ സംസാരിക്കണമെന്നില്ല. മോഹന്‍ലാലിന്റെ ഭാഷയ്ക്ക് അയാളുടേതായ താളമുണ്ട്. കണ്‍വിന്‍സിംഗായ ആക്ടറാണ്. പല കഥാപാത്രങ്ങളിലും അദ്ദേഹമത് തെളിയിച്ചതാണ്. പക്ഷേ തൃശൂര്‍ ഭാഷയെ തൂവാനത്തുമ്പികളില്‍ ലാല്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
മോഹന്‍ലാല്‍ കംഫര്‍ട്ട്‌സോണില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ക്യാമറയില്‍ നൂറുപേരെ ഇടിക്കുന്ന ആളാണ്. പക്ഷേ ലാലിന് ഇപ്പോഴും ക്രൗഡിന് മുന്നില്‍ വരാന്‍ മടിയാണ്. ലാല്‍ എപ്പോഴും അടുപ്പമുള്ളവരുടെ അടുത്ത് മാത്രമേ കംഫര്‍ട്ട് ആകൂ. വര്‍ഷങ്ങളായി ലാലിനെ അറിയാം. അദ്ദേഹം അങ്ങനെ ഒരു മനുഷ്യനാണ്.
അതേസമയം നേര്‍ വിപരീതമാണ് മമ്മൂട്ടി. ഭാഷയുടെ കാര്യത്തിലും ശ്രദ്ധാലുവാണ് മമ്മൂട്ടി. ചോദിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്ന, എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. ആള്‍ക്കാരുണ്ടാകുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം എന്നും സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. അതേസമയം രഞ്ജിത്തിന് മറുപടിയുമായി പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ രംഗത്ത് വന്നു.
സിനിമയെ അല്ല അതിന്റെ ഭാഷയെ ആണ് രഞ്ജിത്ത് വിമര്‍ശിച്ചത്. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ടാകുമെന്നും അനന്തപത്മനാഭന്‍ വ്യക്തമാക്കി. രഞ്ജിത്ത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ആ സ്ലാംഗില്‍ പിതാവ് കടും പിടിത്തമൊഴിവാക്കിയത് മനപ്പൂര്‍വമായിരുന്നുവെന്നും അനന്തപത്മനാഭന്‍ പറഞ്ഞു.
അന്ന് അച്ഛന്റെ തൃശൂര്‍ ബെല്‍റ്റില്‍ ഭാഷയുടെ കാര്യം ശരിയാക്കി നല്‍കാന്‍ ആളുകളുണ്ടായിരുന്നു. പക്ഷേ അതിനൊന്നും അച്ഛന്‍ ശ്രമിച്ചില്ല. അതിന് കാരണം അരപ്പട്ട കെട്ടി ഗ്രാമത്തില്‍ എന്ന ചിത്രമാണ്. ആ സിനിമയില്‍ ഏറനാടന്‍ ഭാഷ തെക്കന്‍ ജില്ലക്കാര്‍ക്ക് പിടികിട്ടിയില്ല എന്നൊരു പരാതിയുണ്ടായിരുന്നു. മൂപ്പനും, സുലൈമാനും, എല്ലാം പറയുന്നത് കൃത്യമായ ഭാഷയാണ്. അത് പലര്‍ക്കും മനസ്സിലായിരുന്നില്ല.
ചിത്രത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രം പറയുന്ന മൊഴിയൊക്കെ ഇപ്പോഴും മുഴുവനും എനിക്ക് മനസ്സിലായിട്ടില്ല. സുരാസുവാണ് അരപ്പട്ടയുടെ മൊഴി വിദഗ്ധന്‍. തൂവാനത്തുമ്പികള്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രമായത് കൊണ്ട് ആളുകള്‍ അത് മനസ്സിലാവാതെ പോവരുതെന്ന് കരുതിയാണ് ഒന്ന് മയപ്പെടുത്തിയത്. രഞ്ജിത്ത് അങ്ങനെ പറഞ്ഞുവെന്ന് കരുതി ഒരു വിമര്‍ശനത്തിന്റെ ആവശ്യമില്ലെന്നും അനന്തപത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications