അതോടെ ബിഗ് ബോസിൽ നിന്നും ചാടിപ്പോയാമതിയെന്ന് തോന്നി, നാണംകെട്ട് നാറി; പുറത്തായതിന് പിന്നാലെ രേണു സുധി
ബിഗ് ബോസ് മലയാളം സീസൺ 7 ൽ വളരെ പ്രതീക്ഷയോടെ കടന്ന് വന്ന മത്സരാർത്ഥിയായിരുന്നു രേണു സുധി. പുറത്ത് നിന്ന് 'ഫയറായി' കയറിയ രേണു അകത്തും അതുപോലെ തന്നെ ഫയർ ആയി നിൽക്കുമെന്ന് പ്രേക്ഷകർ കരുതി. എന്നാൽ ഹൗസിലെ 71 ക്യാമറയ്ക്ക് പോലും കാണാൻ സാധിക്കാത്ത വിധം മാറി നിൽക്കുകയായിരുന്നു രേണു. ഗെയിമിലും ഹൗസിലെ പ്രശ്നങ്ങളിലും രേണു ഇടപെട്ടിരുന്നില്ല. മാത്രമല്ല തനിക്ക് ഷോയിൽ നിന്നും പുറത്ത് പോകണമെന്ന് അവർ ആവർത്തിച്ച് അഭ്യർത്ഥിക്കുകയും ചെയ്തു. ഒടുവിൽ രേണുവിന്റെ അഭ്യർത്ഥന മാനിച്ച് ബിഗ് ബോസ് അവരെ ഹൗസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് തനിക്ക് ബിഗ് ബോസിൽ തുടരാൻ സാധിക്കാതിരുന്നതെന്ന് വ്യക്തമാക്കുകയാണ് രേണു. പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'സുധി ചേട്ടൻ മരിച്ചപ്പോൾ ഞാൻ ട്രോമയിലായിരുന്നു. കുടുംബവും യാത്രകളുമൊക്കെയാണ് അതിൽ നിന്നും പുറത്തുകടക്കാൻ എന്നെ സഹായിച്ചത്. ബിഗ് ബോസിൽ വന്നപ്പോൾ ഞാൻ വീണ്ടും പഴയ അവസ്ഥയിലേക്ക് പോയി. ബിഗ് ബോസ് തുടർച്ചയായി കാണുന്ന ആളല്ല ഞാൻ. ഹൗസിൽ വരുമ്പോഴാണ് അവിടുത്തെ അവസ്ഥ മനസിലാകുന്നത്.

ഹൗസിലെത്തി ആദ്യ ആഴ്ചയിൽ ആ വീഡിയോയെ കുറിച്ച് ലാലേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാൻ തകർന്നു. എന്റെ മുടിയെ കുറിച്ചൊക്കെ ആരോപണങ്ങൾ വന്നപ്പോൾ ഞാൻ പൂർണമായും തളർന്നു. അങ്ങനെ വീഡിയോ ചെയ്തുവെക്കാമോയെന്നൊന്നും അറീലായിരുന്നു. എനിക്ക് ഫിസിക്കൽ ടാസ്കിലൊന്നും ആക്ടീവാകാൻ പറ്റാത്തത് ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ടായിരുന്നു.
ഞാൻ പുറത്ത് അഭിമുഖങ്ങൾ നൽകുമ്പോൾ എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോഴാണ് ഞാൻ പ്രതികരിക്കാറുള്ളത്. എന്നാൽ എന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ തലയിടാത്ത വ്യക്തിയാണ് ഞാൻ. ക്വിറ്റ് ചെയ്തതിൽ യാതൊരു കുറ്റബോധവും അല്ല. എന്നെ നെഗറ്റീവ് പറഞ്ഞവർക്ക് മുൻപിൽ ബിഗ് ബോസിലേക്ക് വിളിക്കില്ല, വിളിച്ചാൽ ഒരു ദിവസം പോലും നിൽക്കില്ല എന്ന് പറഞ്ഞവർക്ക് മുൻപിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം ഹൗസിൽ നിൽക്കാൻ പറ്റിയത് വലിയ കാര്യമാണ്. എനിക്ക് അത് സാധിക്കും എന്ന് എനിക്ക് തെളിയിക്കണമായിരുന്നു. പക്ഷെ എനിക്ക് അതിന് സാധിച്ചില്ല.
എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ല പ്ലയർ അനീഷാണ്. പുള്ളിക്ക് നിലപാടുണ്ട്, ശക്തനായിട്ടാണ് നിൽക്കുന്നത്. ആരെന്ത് പറഞ്ഞാലും അതിൽ വീഴില്ല. പുള്ളി ആരുടെ കൂടേയുമല്ല നിൽക്കുന്നത്. പുള്ളിയുടെ മുഖം മൂടിയാണോയെന്ന് അറിയില്ല. എന്തായാലും ഈ രീതിയിൽ പോയാൽ മികച്ച രീതിയിൽ ആൾക്ക് മുന്നേറാം. ഹൗസിൽ മണ്ടത്തരം കാണിച്ച പ്ലയർ അപ്പാനി ശരത് ആയിരുന്നു. അവന്റെ നിലയ്ക്ക് അവൻ നിന്നില്ല.
വൈൽഡ് കാർഡുകൾ വന്നപ്പോൾ പൊടിപ്പും തൊങ്ങലും ചേർത്താണെങ്കിലും പുറത്ത് നടക്കുന്ന പല കാര്യങ്ങളും അറിയാൻ സാധിച്ചു. ഞാൻ അവരുമായി മിംഗിൾ ചെയ്യാൻ പക്ഷെ അധികം പോയിട്ടില്ല. മസ്താനിയാണ് പുറത്തെ കാര്യങ്ങൾ എന്നോട് പറഞ്ഞത്. സുധിച്ചേട്ടന്റെ കാര്യങ്ങൾ പറഞ്ഞു, നെഗറ്റീവ് കമന്റുകൾ വന്നതൊക്കെ പറഞ്ഞിരുന്നു. ജിഷിൻ ചേട്ടൻ ആദ്യം എന്നെ കളിയാക്കിക്കൊണ്ടുവന്നിരുന്നു. പക്ഷെ പിന്നീട് കളിയാക്കിയത് കൊണ്ട് കാര്യമില്ലെന്ന് പുള്ളിക്ക് മനസിലായി.
മുടിയുടെ പ്രശ്നം വന്നപ്പോഴാണ് എങ്ങനേലും ഇവിടെ നിന്ന് ചാടിപ്പോയാൽ മതി നാണംകെട്ട് നാറിയല്ലോ എന്ന തോന്നൽ വന്നത്. ഹൗസിൽ നിന്നും എങ്ങനേയും ഇറങ്ങിപ്പോയാൽ മതിയെന്ന് തോന്നി, ദൈവം സത്യം അതോടെ മനസ് മടുത്തു', രേണു സുധി പറഞ്ഞു.












Click it and Unblock the Notifications