വെള്ളത്തിന്റെ ബോട്ടിൽ വിറ്റു, ഡ്രൈവറായി; ഇപ്പോൾ 100 കോടി പ്രതിഫലം വാങ്ങുന്ന സംവിധായകൻ, ഋഷഭ് ഞെട്ടിക്കും..!
ദക്ഷിണേന്ത്യൻ സിനിമയിൽ തരംഗം തീർത്തിരിക്കുകയാണ് അക്ഷരാർത്ഥത്തിൽ കാന്താര രണ്ടാം ഭാഗം. ഒരു സാധാരണ ഇൻഡസ്ട്രി ആയി മാത്രം രാജ്യം മൊത്തം അറിഞ്ഞിരുന്ന സാൻഡൽവുഡിനെ മുൻനിരയിൽ എത്തിച്ചതിൽ ഷെട്ടി ഗ്യാങ് വഹിച്ച പങ്ക് വളരെ വലുതാണ്. അതിൽ രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി എന്നിവർ കൊമേഴ്‌സ്യൽ സിനിമകൾക്ക് ഉപരി വ്യത്യസ്‌തമായ കഥകളുമായി വരുമ്പോൾ മറുവശത്ത് മറ്റൊരാൾ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ നേടി ചരിത്രം കുറിക്കുകയാണ്.
ഒരുപക്ഷേ ഈ വ്യക്തി ഇല്ലെങ്കിൽ കാന്താര എന്ന സിനിമ തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് നിസംശയം പറയാം. കാരണം ആദ്യ ചിത്രം ഇറങ്ങിയപ്പോൾ വമ്പൻ ഹിറ്റായി റാൻഡം ഭാഗവുമായി വന്നപ്പോൾ ഋഷഭ് ഷെട്ടി എന്ന സംവിധായക-നടന് നേരിടേണ്ടി വന്നത് കേട്ടുകേൾവി പോലുമില്ലാത്ത വെല്ലുവിളികളും പ്രശ്‌നങ്ങളുമാണ്. ഒരുപക്ഷേ സിനിമ നടക്കില്ലെന്ന സ്ഥിതി വരെ എത്തിയെങ്കിലും അവിടെയൊന്നും തളരാതെ ഋഷഭ് മുന്നോട്ട് പോയി.

ഇപ്പോഴിതാ സിനിമ വെറും ഇരുപത് ദിവസങ്ങൾ കൊണ്ട് മാത്രം കളക്ഷനിൽ വലിയ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്. എണ്ണൂറ് കോടി എന്ന നമ്പറിലേക്ക് നീങ്ങുകയാണ് കാന്താര. ഋഷഭ് ഷെട്ടിയുടെ കഠിനാധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും കൂടി കഥയാണ് കാന്താരയ്ക്ക് പറയാനുള്ളത്. മാത്രമല്ല സിനിമാ മോഹവുമായി മുംബൈയിൽ എത്തി ഡ്രൈവർ ജോലി വരെ ചെയ്‌ത് ഒടുവിൽ വിജയിച്ച ഒരാളുടെ ജീവിതകഥയും.
ഋഷഭ് ഷെട്ടിയുടെ തുടക്കം
അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന കോൻ ബനേഗാ ക്രോർപതി എന്ന റിയാലിറ്റി ഷോയിൽ അടുത്തിടെ അതിഥിയായി വന്ന വേളയിലാണ് ഋഷഭ് ഷെട്ടി തന്റെ ജീവിതകഥ തുറന്ന് പറഞ്ഞത്. ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ ജനിച്ച ഋഷഭ് ഷെട്ടിയുടെ സിനിമയിലേക്കുള്ള വരവ് ഒരിക്കലും മുൻകൂട്ടി തീരുമാനിച്ചതോ കൃത്യമായ കണക്കുകൂട്ടലോ ഉള്ളത് ആയിരുന്നില്ല. അത് തന്നെയാണ് ആ യാത്രയുടെ രസവും.
സിനിമാ മേഖലയിലേക്ക് വരുന്നതിനു മുമ്പുള്ള ആദ്യകാലങ്ങളിൽ, തന്റെ നിലനിൽപ്പിനായി 20 ലിറ്റർ മിനറൽ വാട്ടർ ക്യാനുകൾ വിൽക്കുകയും, ചായപ്പൊടി വിതരണം ചെയ്യുകയും, ഹോട്ടലുകളിൽ ജോലി ചെയ്യുകയും ചെയ്‌തിരുന്നുവെന്ന് ഋഷഭ് ഷെട്ടി തന്നെ പറയുന്നു. ജ്യോതിഷിയായ പിതാവിന് ഒറ്റയ്ക്ക് കുടുംബം നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പട്ടപ്പോഴാണ് ഋഷഭ് ഉഡുപ്പിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വണ്ടി കയറിയത്.
ഫിലിം മേക്കിംഗ് കോഴ്‌സുകൾ പഠിച്ചതിന് ശേഷം അതുകൊണ്ടാണ് തനിക്ക് അക്കാലത്ത് രണ്ട് സിനിമകളിൽ അവസരം ലഭിച്ചതെന്ന് താരം പറഞ്ഞു. എന്നിട്ടും ഏകദേശം പത്ത് വർഷത്തോളം തനിക്ക് കാര്യമായ ജോലിയൊന്നും ലഭിച്ചില്ലെന്നും ആ സമയത്ത്, ഞാൻ മുംബൈയിലെത്തിയപ്പോൾ പ്രൊഡക്ഷൻ ഹൗസുകളിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്‌തും നിർമ്മാതാക്കൾക്ക് വേണ്ടി കാറുകൾ പോലും ഓടിച്ചു നടന്നുവെന്നും ഋഷഭ് പറയുന്നു.
ആസ്‌തി എത്ര?
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കാന്താരയ്ക്ക് വേണ്ടി ഋഷഭ് ഷെട്ടി വാങ്ങിയ പ്രതിഫലം 100 കോടി രൂപയോളമാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹോംബാലെ ഫിലിംസ് ആയിരുന്നു നിർമ്മാതാക്കൾ. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഋഷഭ് ഷെട്ടിയുടെ ആസ്‌തി 100 കോടിയിൽ അധികമാണ്. അഭിനയം, സംവിധാനം, അംഗീകാരങ്ങൾ, സിനിമകളുടെ ലാഭത്തിൽ പങ്കുചേരൽ എന്നിവയിൽ നിന്നാണ് അദ്ദേഹം തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സമ്പാദിക്കുന്നത്.
കർണാടകയിലെ ഉഡുപ്പിയിലെ കുന്ദാപുരയിൽ ഋഷഭ് ഷെട്ടിക്ക് 12 കോടി രൂപ വിലമതിക്കുന്ന ഒരു വീട് ഉണ്ടെന്നും അത് മറവാന്തെ ബീച്ചിനടുത്താണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. തീരദേശ പാരമ്പര്യത്തിന്റെയും ആധുനിക ആഡംബരത്തിന്റെയും മിശ്രിതമാണ് അദ്ദേഹത്തിന്റെ വീട്. ടൊയോട്ട വെൽഫയർ (₹1.2-1.3 കോടി), ഓഡി ക്യൂ7 (83 ലക്ഷം), മഹീന്ദ്ര ഥാർ (16 ലക്ഷം), ജീപ്പ് കോമ്പസ് (28 ലക്ഷം) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ആഡംബര വാഹനങ്ങൾ.


Click it and Unblock the Notifications