സലാറിൽ പ്രഭാസിനൊപ്പം റോക്കി ഭായിയും..? യാഷിന്റെ വരവിനെ കുറിച്ച് മറുപടി നൽകി നിർമ്മാതാവ്...
സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ ചിത്രമാണ് സലാർ. കെജിഎഫ് ഫ്രാഞ്ചൈസിയിലെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിജയത്തിന് ശേഷം നീൽ ഒരുക്കുന്ന ഈ ചിത്രത്തിൽ സൂപ്പർ സ്‌റ്റാർ പ്രഭാസാണ് നായകൻ. മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയർന്ന അഭ്യൂഹമാണ് കന്നഡ സൂപ്പർ സ്‌റ്റാർ യാഷ് ചിത്രത്തിൽ ഒരു അതിഥി വേഷം അവതരിപ്പിക്കുമെന്ന്. കെജിഎഫുമായി ചിത്രത്തിന് ബന്ധമില്ലെന്നും, ഇത് മറ്റൊരു കഥയാണെന്നും പ്രശാന്ത് നീൽ വ്യക്തമാക്കിയിട്ടും യാഷിന്റെ സാന്നിധ്യത്തെ കുറിച്ച് വാർത്തകൾ പരന്നിരുന്നു.

ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവായ വിജയ് കിരാഗണ്ടൂർ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യാഷിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്. സിനിമയിൽ യാഷ് ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
'കെജിഎഫുമായി ചിത്രത്തിന് ഒരു ബന്ധവുമില്ലെന്ന് പ്രശാന്ത് തന്നെ ഇതിനകം വ്യക്തമാക്കി കഴിഞ്ഞതാണ്. അതിനാൽ തന്നെ ചിത്രത്തിൽ യാഷ് ഉണ്ടാവില്ല' വിജയ് വ്യക്തമാക്കി. ഇതോടെ റെബൽ സ്‌റ്റാർ പ്രഭാസിനെയും, റോക്കിങ് സ്‌റ്റാർ യാഷിനെയും ഒരുമിച്ച് സ്ക്രീനിൽ കാണാമെന്ന ആരാധകരുടെ പ്രതീക്ഷയാണ് ഇല്ലാതായിരിക്കുന്നത്.
അതേസമയം, ഉഗ്രം, കെജിഎഫ് 1, 2 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സലാർ'. ഹൊംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രുതി ഹസനാണ് ചിത്രത്തിൽ നായിക. പൃഥ്വി വരദ രാജ മന്നാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരി, ഈശ്വരി റാവു, ജഗപതി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഹോളിവുഡ് ചിത്രം 'അക്വാമാന്‍:ആന്‍ഡ് ദ ലോസ് കിംഗ്‌ഡ്', ഷാരൂഖ് ഖാൻ- രാജ്‌കുമാർ ഹിറാനി ചിത്രമായ 'ഡങ്കി', മലയാളത്തിൽ നിന്ന് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ 'നേര്' എന്നിവയും സലാറിനൊപ്പമാണ് റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് സലാർ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.












Click it and Unblock the Notifications