'ആ സിനിമ ചെയ്‌ത് കഴിഞ്ഞതിന് പിന്നാലെ ഡിപ്രഷനിലായി, അന്നൊരു തീരുമാനം എടുത്തിരുന്നു'; സൈജു കുറുപ്പ്
മലയാള സിനിമയിൽ ഏത് വേഷവും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന യുവനടന്മാരിൽ ഒരാളാണ് സൈജു കുറുപ്പ്. ഇടക്കാലത്ത് സ്വഭാവ നടൻ എന്നതിലുപരി സൈജു നായകനായി ഒരുപാട് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിരുന്നു. കോമഡി എന്റർടെയ്‌നറായ ജനമൈത്രി ഒക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. പിന്നീട് ആടിലെ അറക്കൽ അബു എന്ന കഥാപാത്രം വർഷങ്ങൾക്ക് ശേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സൈജുവിനെ തേടി കൂടുതൽ വേഷങ്ങൾ എത്തിയത്.
കഥാപാത്രം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ അതിനെ പൂർണമായ തലത്തിൽ എത്തിക്കാനുള്ള സൈജുവിന്റെ മികവ് പലകുറി തെളിയിക്കപ്പെട്ടതാണ്. അടുത്തിടെ പ്രദർശനത്തിന് എത്തിയ അഭിലാഷം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കരിയറിൽ വിജയങ്ങൾ കൊണ്ട് വന്ന മാറ്റത്തെ കുറിച്ച് മനസ് തുറക്കുകയാണ് സൈജു ഇപ്പോൾ.

സണ്ണി വൈനും സൈജു കുറുപ്പും അപർണ ദാസും പ്രധാന വേഷത്തിൽ എത്തുന്ന റിട്ടൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടയിലാണ് സൈജു കുറുപ്പ് മനസ് തുറന്നത്. ജീവിതത്തിൽ ഒരു ഘട്ടം വരെയും വിജയങ്ങൾ ഉണ്ടാവണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് താൻ അത് ഉപേക്ഷിച്ചുവെന്നും സൈജു കുറുപ്പ് പറയുന്നു.
സൈജുവിന്റെ വാക്കുകൾ
അങ്ങനെ ഒരു വിജയം ഉണ്ടാവണമെന്നും ആഹ്ളാദിക്കണം എന്നുമൊക്കെ ആഗ്രഹിച്ചൊരു ഘട്ടം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. അന്ന് പക്ഷേ എനിക്ക് സക്‌സസ് കിട്ടിയില്ല. അങ്ങനെ ഞാൻ ഒരു തീരുമാനം എടുത്തു. എനിക്ക് ഇനി ജീവിതത്തിൽ ഒരു ഹിറ്റ് സിനിമയിൽ അഭിനയിച്ചേ പറ്റൂ. ഹിറ്റാവണം, നൂറ് ദിവസം ഓടണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഇന്നത്തെ കാലത്ത് അങ്ങനെ നൂറ് ദിവസം ഒന്നും ചിത്രങ്ങൾ ഓടുന്നില്ലലോ.
അങ്ങനെയൊരു സമയം വരികയാണെങ്കിൽ ഞാൻ അങ്ങ് ആഹ്ളാദിക്കും. പക്ഷേ പിന്നീട് ഞാൻ അത് മാറ്റി. സിനിമയിൽ എത്ര സക്‌സസ് വന്നാലും ഞാൻ പക്വതയോടെ പെരുമാറും. ഞാൻ അങ്ങനെ കരുതി, എന്നെക്കൊണ്ട് അതിന് പറ്റും. ഒരു ഹിറ്റ് വന്നാൽ ഞാൻ ഒരിക്കലും അധികമായി ആഹ്ളാദിക്കില്ല, ഒരു ഫ്ലോപ്പ് വന്നാൽ ഞാൻ അമിതമായി സങ്കടപെടില്ല എന്നൊക്കെ.
അങ്ങനെ ഒരു ഡിസിഷൻ ഞാൻ തീരുമാനം എടുത്ത് കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും ട്രിവാൻഡ്രം ലോഡ്‌ജ് സംഭവിച്ചു. അപ്പോഴാണ് എന്റെ ഭാര്യം പറയുന്നത്, ദൈവത്തിനും അറിയാം, അല്ലെങ്കിൽ ഒരു അൾട്ടിമേറ്റ് പവർ ഉണ്ടെങ്കിൽ ഒരാൾക്ക് എപ്പോൾ സക്‌സസ് കൊടുക്കണമെന്ന്. അയാൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ദൈവത്തിന് കൂടി തോന്നണം. അപ്പോഴേ അത് നിങ്ങൾക്ക് വരികയുള്ളൂ.
അത് കേട്ടപ്പോൾ ഞാൻ അപ്പാടെ അങ്ങ് പക്വതയുള്ള ആളായി മാറിയതല്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഒരുപാട് തോൽവികൾ എന്നെ തേടിയെത്തി. അപ്പോൾ എനിക്ക് സക്‌സസ് ലഭിച്ചപ്പോൾ മനസിലായി ഇത് ദൈവത്തിന്റെ ലിമിറ്റഡ് പിരിയഡ് ഓഫറാണ് എന്ന്. അധികനാൾ ഇത് കാണുന്നില്ല. ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ആളുകൾ മറക്കും.
അതുപോലെ തന്നെയാണ് ഫ്ലോപ്പുകളും, ഉദാഹരണത്തിന് ഭരതനാട്യം. അതിലാണ് ഞാൻ ഏറ്റവും കൂടുതൽ ഡിപ്രസ്ഡ് ആയത്. അതിന്റെ കാരണം ഞാൻ പ്രൊഡ്യൂസർ ആയത് കൊണ്ട് മാത്രമായിരുന്നില്ല. കാരണം അത്രമാത്രം ഇത് ഹിറ്റാവുമെന്ന് ഞാൻ വിചാരിച്ചു. ഭയങ്കര കോൺഫിഡൻസ് ആയിരുന്നു എനിക്ക്. അധികം ആരോടും ഞാൻ കാണിച്ചിരുന്നില്ല.
പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ അതുണ്ടായിരുന്നു, ആ സിനിമ ഹിറ്റാവുമെന്ന്. പക്ഷേ അത് നടക്കാതായതോടെ ഞാൻ ഭയങ്കര ഡിപ്രഷനിലായി. അതങ്ങ് വിട്ടേക്കാം എന്ന് വച്ചപ്പോൾ സിനിമ ഒടിടിയിൽ വന്നു. അപ്പോഴതാ ആളുകൾ കൂടുതലായി ഏറ്റെടുക്കുന്നു, അതിൽ ഞാൻ പക്ഷേ അമിതമായി സന്തോഷിക്കാൻ നിന്നില്ല എന്ന് മാത്രം.












Click it and Unblock the Notifications