ഓച്ഛാനിച്ചുനിൽക്കില്ലെന്ന് സജി നന്ത്യാട്ട്; 'സുരേഷ് കുമാറെന്ന നായർ ആന്റണിയെന്ന ഡ്രൈവറെ അംഗീകരിക്കില്ല', കമന്റ്
മലയാള സിനിമ ഏറെ നേട്ടങ്ങൾ ഉണ്ടായ വർഷങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞു പോയത്. ഒട്ടേറെ സിനിമകൾ വാണിജ്യ പരമായും പ്രേക്ഷക പ്രീതിയിലും ഒരുപോലെ തിളങ്ങി. എന്നാൽ ഈ വർഷം ആദ്യമാസം തന്നെ വലിയൊരു ബോംബുമായാണ് നിർമ്മാതാക്കൾ രംഗത്ത് വന്നത്. സിനിമകളിൽ നിന്ന് ഉണ്ടാവുന്ന ഭീമമായ നഷ്‌ടം ചൂണ്ടിക്കാട്ടി ജി സുരേഷ് കുമാറാണ് ആദ്യം തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്.
ഇത് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. താരങ്ങളുടെ ഉയർന്ന പ്രതിഫലത്തെ കുറിച്ച് ജി സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും എതിർപ്പ് നേരിട്ടു. പിന്നാലെ നിർമ്മാതാക്കളുടെ സംഘടനയിലെ പ്രധാനിയായ ആന്റണി പെരുമ്പാവൂർ ജി സുരേഷ് കുമാറിനെ തള്ളി രംഗത്ത് വരികയും ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെയും പൂർണമായി അവസാനിച്ചിട്ടില്ല. മാത്രമല്ല ജൂണിൽ സമരത്തിന് കൂടി നിർമ്മാതാക്കൾ ഒരുങ്ങുമ്പോൾ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഫിലിം ചേംബർ ഭാരവാഹി കൂടിയായ നിർമ്മാതാവ് സജി നന്ത്യാട്ട്. താരങ്ങളുടെ ഡോർ തുറന്നുകൊടുക്കാനും അവർക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കാനും കഴിയില്ലെന്നാണ് സജി നന്ത്യാട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
സജി നന്ത്യാട്ടിന്റെ വാക്കുകൾ
ഒരാൾക്ക് പടം നിർമ്മിക്കാൻ അവകാശം ഇല്ലെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. ഉണ്ണി മുകുന്ദന് തന്റെ പണം വച്ച് പടം പിടിക്കാം. പൃഥ്വിരാജിന് പിടിക്കാം. പക്ഷേ അതല്ല ഞങ്ങളുടെ വിഷയം. ഞങ്ങൾ നിർമ്മാതാക്കൾ നല്ല കഥയുമായി വരുമ്പോൾ മനസാക്ഷിയോടെ പെരുമാറണം. രാജു മല്യത്തിന് ടൊവിനോ തോമസ് ഡേറ്റ് കൊടുത്തല്ലോ.. ടോവിനോയെ കൈയടിക്കണം. നല്ല ഹൃദയമുള്ള ആളാണ് അയാൾ. അങ്ങനെ ആവണം എല്ലാവരും.
സമരം അവസാന വഴിയാണ്. ഒന്നും നടന്നില്ലെങ്കിൽ മാത്രമേ അതിലേക്ക് തിരിയുകയുള്ളൂ. ജി സുരേഷ് കുമാറിന്റെ മകൾ വാങ്ങുന്ന പൈസ എത്രയെന്ന് ആർക്കെങ്കിലും അറിയുമോ? ജി സുരേഷ് കുമാറിന്റെ മകളോട് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, ഒരു പ്രൊഡ്യൂസറേയും വിഷമിപ്പിക്കരുതെന്ന്, അമിതമായി പൈസ വാങ്ങരുത്. കീർത്തി എപ്പോഴും സെറ്റിൽ നിർമ്മാതാക്കളോട് ചേർന്നുനിക്കാറാണ്, ആരെയും ബുദ്ധിമുട്ടിക്കാതെ.
കൊറോണ സമയത്ത് ഇവർ ആരെങ്കിലും സഹായിച്ചോ? എന്നിട്ടാണ് തൊഴിലാളികളുടെ കാര്യം പറയുന്നത്. സാന്ദ്ര തോമസിന്റെ പ്രശ്‌നങ്ങൾ സാമ്പത്തികമായ പരാതിയോ പരാജയമോ അല്ലല്ലോ പറഞ്ഞത്. അതും ഇതും തമ്മിൽ കൂട്ടിക്കുഴക്കരുത്. അത് വേറെയാണ് ഇതും വേറെയാണ്. ഈ സമരം നടക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളാണ്.
ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും തമ്മിൽ അങ്ങനെ ആത്മബന്ധമൊന്നുമില്ല. സുരേഷേട്ടന് ലാലേട്ടനുമായാണ് ചെറുപ്പം മുതലുള്ള ബന്ധമാണ്. അതിലാണ് സുരേഷേട്ടന് വിഷമം. എംപുരാൻ വരട്ടെ, സിനിമ വിജയിക്കട്ടെ. ആന്റണി പെരുമ്പാവൂരിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് സുരേഷ് കുമാർ തന്നെ പറഞ്ഞല്ലോ. താരങ്ങളെ കാണുമ്പോൾ ഓച്ഛാനിച്ചു നിൽക്കാനും ഡോർ തുറന്നു കൊടുക്കാനും ഒന്നും ഒട്ടും താൽപര്യമില്ല.
അതേസമയം, സജി നന്ത്യാട്ടിന്റെ അഭിമുഖം വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്. കൂടുതൽ പേരും സജി നന്ത്യാട്ടിനെയും നിർമ്മാതാക്കളുടെ സംഘടനയെയും വിമർശിച്ചു കൊണ്ടാണ് പ്രതികരിക്കുന്നത്. 'സുരേഷ് കുമാർ എന്ന നായർ തറവാടിക്ക്, ആന്റണി എന്ന ഡ്രൈവറെ അംഗീകരിക്കാൻ പറ്റില്ല അത് വേറെ' എന്നാണ് ഒരു ആരാധകൻ പറയുന്നത്. 'ജീവിതാവസാനം വരെ സിനിമ നിർമ്മിക്കണം എന്ന് ആരും വാശി പിടിക്കരുത്' എന്നും മറ്റൊരു ആരാധകൻ പറയുന്നു.












Click it and Unblock the Notifications