തെന്നിന്ത്യയുടെ അഭിമാനമായി സാമന്ത; ഇന്ത്യയിലെ ജനപ്രിയ നടിമാരിൽ നാലാം സ്ഥാനത്ത് ഈ മലയാളിയും...
ഇന്ത്യൻ സിനിമയിലെ നായികമാർ എപ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ മുൻപന്തിയിൽ ഉള്ളവരാണ്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യയിൽ അതിത്തിരി അധികമാണ്. മുൻപ് തമിഴ്‌നാട്ടിൽ ചില നായികമാർക്ക് വേണ്ടി ക്ഷേത്രം പണിതത് വരെ നമ്മുടെ ഓർമ്മയിലുണ്ട്. എന്നാൽ രാജ്യത്ത് മുഴുവൻ ഇൻഡസ്ട്രികളും എടുത്താൽ ബോളിവുഡിൽ ആയിരിക്കും ഫാൻബേസ് അധികമെന്നായിരുന്നു ഇതുവരെയുള്ള സ്ഥിതി.
എന്നാൽ ഇന്ന് കാലം മാറി, ആളുകളും കാഴ്‌ചപ്പാടുകളും. പാൻ ഇന്ത്യൻ എന്ന കൺസെപ്റ്റ് വന്ന ശേഷം ഭാഷയുടെ അതിവരമ്പുകൾ ഏറെക്കുറെ ഇല്ലാതായി കഴിഞ്ഞു. ഇത് സൂചിപ്പിക്കുന്ന ഒരു പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓർമാക്‌സ് മീഡിയ പുറത്തുവിട്ട ഇന്ത്യയിലെ ജനപ്രിയ നായികമാരുടെ പട്ടിക ശരിക്കും ഞെട്ടിക്കുന്നതാണ്.

2023ല്‍ ജനപ്രീതിയില്‍ മുന്നിലുള്ള നായിക തെന്നിന്ത്യയില്‍ നിന്നുള്ള സാമന്ത റൂത്ത് പ്രഭുവാണെന്നാണ് ഈ പട്ടികയിൽ വ്യക്തമാക്കുന്നത്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും, സൗന്ദര്യം കൊണ്ട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും കഴിവ് തെളിയിച്ച സാമന്തയ്ക്ക് തൊട്ടുപിന്നിൽ ബോളിവുഡിൽ നിന്നുള്ള ഒരു മുൻനിര നായികയാണ്.
ആലിയ ഭട്ടാണ് പട്ടികയിൽ രണ്ടാമതുള്ളത്. കഴിഞ്ഞ വർഷം ഒരുപിടി വമ്പൻ സിനിമകളുടെ ഭാഗമായ ആലിയ പട്ടികയിൽ രണ്ടാമതെത്തിയതിൽ അത്ഭുതപ്പെടാനില്ല. കാരണം 2023ല്‍ ദേശീയ അവാര്‍ഡ് നേടി ചര്‍ച്ചകളില്‍ നിറഞ്ഞ നടിയാണ് ആലിയ ഭട്ട്. മൂന്നാമത് സൂപ്പർനായിക ദീപിക പദുക്കോണാണ്. 2023ലെ വൻ ഹിറ്റായ പഠാൻ സിനിമയിലെ കേന്ദ്ര കഥാപാത്രമായത് ദീപികയുടെ ജനപ്രീതിയില്‍ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ കാരണമായി.
പട്ടികയിൽ നാലാമത് എത്തിയത് ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ ഉൾപ്പെടെ നായികയായ മലയാളി കൂടിയായ നയൻതാരയാണ്. ഇത് മലയാളി പ്രേക്ഷകര്‍ക്കും അഭിമാനിക്കാൻ പറ്റുന്ന നേട്ടമാണ്. തൊട്ടുപിന്നില്‍ തെലുങ്കിൽ നിന്നുള്ള കാജല്‍ അഗര്‍വാളാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമയിൽ അത്ര സജീവമല്ലെങ്കിൽ കാജലിന്റെ ജനപ്രീതിയിൽ കോട്ടം തട്ടിയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആറാം സ്ഥാനത്ത് വീണ്ടും തെന്നിന്ത്യയിൽ നിന്ന് തന്നെയുള്ള മറ്റൊരു താരമാണ്. ദളപതി വിജയെ നായകനാക്കി ലോകേഷ് കനഗരാജ് ഒരുക്കിയ എക്കാലത്തെയും ഹിറ്റ് സിനിമയായ ലിയോയിലൂടെ പ്രേക്ഷക പ്രീതി നേടിയ തൃഷ കൃഷ്‌ണനാണ് ഈ നേട്ടത്തിൽ എത്തിയത്. കൂടുതൽ വൻ ചിത്രങ്ങൾ താരത്തിന്റേതായി ഇനി വരാനുമുണ്ട്.
പട്ടികയിൽ ഏഴാമത് പ്രമുഖ ബോളിവുഡ് നായിക കത്രീന കൈഫാണ് ഉള്ളത്. മറ്റൊരു ബോളിവുഡ് നടിയായ കൈറ അദ്വാനി എട്ടാം സ്ഥാനത്തും തെലുങ്കിൽ നിന്നുള്ള പാൻ ഇന്ത്യൻ താരം രശ്‍മിക മന്ദാന ഒമ്പതാമതും പട്ടികയിൽ ഇടം പിടിച്ചു. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും ജനപ്രിയ നടിയായിരുന്ന അനുഷ്‍ക ഷെട്ടി പത്താം സ്ഥാനത്താണ് ഉള്ളതെന്നും ഓർമാക്‌സ് പുറത്തുവിട്ട പട്ടികയിൽ നിന്ന് വ്യക്തമാണ്.












Click it and Unblock the Notifications