'ലച്ചുവിന്റെ മരണം കൽപ്പനയ്ക്ക് ഒരു ഷോക്കായിരുന്നു, എന്നിട്ടും അവർ മൃതദേഹം കാണാൻ പോയില്ല'; ശാന്തിവിള ദിനേശ്
മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത പേരാണ് കൽപ്പനയുടേത്. ഒരു സമ്പൂർണ സിനിമാ കുടുംബത്തിൽ പിറന്ന കൽപ്പനയുടെ വിയോഗം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. കലാരഞ്ജിനി, കൽപ്പന, ഉർവശി തുടങ്ങിയ പ്രതിഭകൾ ഉണ്ടായിരുന്ന വീടായിരുന്നു അവരുടേത്. അതിൽ ഉർവശിയാവട്ടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.
ചെറിയ പ്രായത്തിൽ തന്നെ നൃത്തത്തിലും അഭിനയത്തിലും ഒക്കെ താൽപര്യം പ്രകടിപ്പിച്ചിരുന്നവരാണ് ഇവർ മൂവരും. അതുകൊണ്ട് തന്നെ സിനിമയിൽ എത്തുക എന്നത് ഇവരെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടേറിയ കാര്യവും ആയിരുന്നില്ല. സിനിമയിൽ മൂന്ന് പേർക്കും തങ്ങളുടേതായ ഒരു മേൽവിലാസം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം.

ഇവർക്ക് രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിലെ ഒരു സുപ്രധാന വിഷയത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. കലാരഞ്ജിനിയുമായും കൽപ്പനയുമായും അവരുടെ കുടുംബവുമായും തനിക്കുള്ള അടുപ്പം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ദിനേശിന്റെ വെളിപ്പെടുത്തൽ. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം മനസ് തുറന്നത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
കൽപ്പനയും മകളും ന്യൂസിലാൻഡിൽ ഒരു യാത്രയ്ക്ക് പോയി. അവിടെ നിന്നാണ് അവർ അമ്മയായ വിജയലക്ഷ്‌മി ചേച്ചിയെ വിളിക്കുന്നത്. അമ്മയുടെ ശബ്‌ദം പതറുന്നത് പോലെ അവർക്ക് തോന്നി. മുൻപ് തന്റെ അനിയൻ നന്ദു മരണപ്പെട്ടപ്പോൾ ഉണ്ടായിരുന്ന ഒരു അവസ്ഥയാണ് അവർക്ക് അപ്പോൾ തോന്നിയിട്ടുണ്ടാവുക. എന്താണ് കാര്യമെന്ന് അമ്മയോട് ചോദിച്ചപ്പോൾ നമ്മുടെ ലച്ചു പോയെന്നായിരുന്നു വിജയലക്ഷ്‌മി അമ്മ മറുപടി നൽകിയത്.
കൽപ്പനയ്ക്ക് അതൊരു ഷോക്കായിരുന്നു. പക്ഷേ അവർ മൃതദേഹം കാണാൻ പോയില്ല. എന്താണ് എന്ന് വച്ചാൽ വേണ്ടപ്പെട്ടവർ ആരെങ്കിലും മരിച്ചാൽ മൃതദേഹം കാണാൻ കൽപ്പന കൂട്ടാക്കാറില്ല. അച്ഛന്റെ മൃതദേഹം മാത്രമാണ് കൽപ്പന കണ്ടിട്ടുള്ളത്. പിന്നീട് അനിയൻ പ്രിൻസ് എന്ന നന്ദു ആത്മഹത്യ ചെയ്‌തപ്പോഴും ചെറിയച്ഛൻ മരിച്ചപ്പോഴും ഒന്നും കൽപ്പന കാണാൻ പോയിരുന്നില്ല.
അങ്ങനെ മൃതദേഹം കണ്ടില്ലെങ്കിൽ അവർ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ തനിക്കുണ്ടാവും എന്നാണ് കൽപ്പന കാരണമായി പറയാറുള്ളത്. ലച്ചു ഒരിക്കൽ കോടി പുനർജനിക്കും എന്നാണ് കൽപ്പന വിശ്വസിച്ചിരുന്നത്. തങ്ങളുടെ മൂന്ന് പേരുടെയും മകളായിട്ടല്ല, കൊച്ചുമകൾ ആയിട്ട് ആ കുടുംബത്തിലേക്ക് മനുഷ്യജന്മത്തിൽ തന്നെ വരുമെന്നാണ് അവർ പ്രതീക്ഷിച്ചത്. അവർ പുനർജന്മത്തിൽ വളരെയധികം വിശ്വസിച്ചിരുന്നു.
ഇത്രയും കേട്ടപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും ആരാണ് ഈ ലച്ചു എന്ന്. അതൊരു തത്ത ആയിരുന്നു. 26 വർഷങ്ങൾ ആ കുടുംബത്തിന് ഒപ്പം ഉണ്ടായിരുന്ന തത്ത. പണ്ടൊരിക്കൽ ഒരു പക്ഷികടക്കാരൻ അസുഖം വന്ന് ചാവുമെന്ന് ആയപ്പോൾ കൊണ്ട് കളഞ്ഞ ഇടത്ത് നിന്ന് അവർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന തത്തയായിരുന്നു. മക്കളേ എന്നാണ് കൽപ്പനയെയും മറ്റ് സഹോദരങ്ങളെയും അത് വിളിക്കുക. വിജയലക്ഷ്‍മി അമ്മ പഠിപ്പിച്ചതായിരിക്കും.
എന്തെങ്കിലും ഇഷ്‌ടപ്പെടാത്തത് കണ്ടാൽ പച്ചത്തെറി വിളിച്ച് ആ റൂമിൽ നിന്ന് ഇറങ്ങിപ്പോവാൻ പറയുന്ന ആളായിരുന്നു ഈ തത്ത. തന്റെ ആറാമത്തെ കുഞ്ഞാണ് ലച്ചുവെന്ന് വിജയലക്ഷ്‍മി അമ്മ പറയാറുണ്ട്. പണ്ടൊരിക്കൽ ഭരതേട്ടനും കെപിഎസി ലളിത ചേച്ചിയും മക്കളും കൂടി ഇവരുടെ വീട്ടിൽ പോയപ്പോൾ ഈ തത്തയെ തരുമോ എന്ന് ചോദിച്ചിരുന്നു.
ലച്ചു മരിച്ചിട്ട് ഇപ്പോൾ ഏകദേശം പതിനാല് വർഷം കഴിഞ്ഞു. ഫോട്ടോകൾ കൂടുതലായി എടുത്താൽ പക്ഷികൾ പെട്ടെന്ന് ചത്തുപോകും എന്നൊരു വിശ്വാസം ഉള്ളതിനാൽ ഇവർ ലച്ചുവിന്റെ ഫോട്ടോകൾ പോലും എടുക്കാൻ താൽപര്യം കാട്ടിയിരുന്നില്ല. നന്ദുവിന്റെ മരണം പോലെ തന്നെ വിജയലക്ഷ്‌മി അമ്മയ്ക്കും മക്കൾക്കും ലച്ചുവിന്റെ വേർപാടും വേദനിക്കുന്ന ഓർമ്മയാണ്.












Click it and Unblock the Notifications