'ഹണി റോസ് എന്ന നടിക്ക് മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല, ബോചെ ഇതിനെ തമാശയായി കണ്ടു'; സന്തോഷ് പണ്ഡിറ്റ്
കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തി നിൽക്കുന്ന വിഷയമാണ് ഹണി റോസിന്റെ പരാതിയും അതിൽ ബോബി ചെമ്മണ്ണൂരിന്റെ അറസ്‌റ്റും. നിരവധി പേരാണ് ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അറിയിച്ചുകൊണ്ട് രംഗത്ത് വരുന്നത്. കൂടുതൽ പേരും നടി ഹണി റോസിന് പിന്തുണ അറിയിച്ചുകൊണ്ടാണ് അഭിപ്രായം പ്രകടിപ്പിച്ചത്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റും വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ബോബി ചെമ്മണ്ണൂർ ഈ വിഷയത്തെ തമാശയായി കണ്ടുവെന്നും എന്നാൽ ഹണി റോസ് വളരെ ഗൗരവമായാണ് സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രവും ധരിച്ചുകൊണ്ട് ഹണി റോസിന് പുറത്തിറങ്ങാനുള്ള അനുവാദം ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. മൂന്ന് കക്ഷികളാണ് ഈ കേസിലുള്ളത്, ഹണി റോസും ബോബി ചെമ്മണ്ണൂരും പിന്നെ ആഭാസ കമന്റിടുന്ന ചിലരുമെന്നാണ് അദ്ദേഹം പറയുന്നത്.

മോശം കമന്റ് ഇടുന്ന പ്രമുഖരല്ലാത്ത ആളുകളെക്കുറിച്ച് ആദ്യം സംസാരിക്കണം. എന്ത് തോന്ന്യവാസവും എഴുതി വയ്ക്കാനുള്ള ഇടമല്ല സോഷ്യൽമീഡിയ. ഒരു വിഷയത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആ അഭിപ്രായം മാന്യവും സഭ്യവുമായിരിക്കണം. കൈവിട്ടുപോവുന്ന സാഹചര്യം ഉണ്ടായാലും അതൊക്കെയും സൂക്ഷിച്ചു തന്നെ കൈകാര്യം ചെയ്യണം; സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഇത്തരം കമന്റുകൾ കൈവിട്ടുപോയാൽ ശിക്ഷ ഉറപ്പാണ്. ഇതിൽ നിങ്ങൾക്കെതിരെ കേസ് വന്നാൽ പെടുമെന്ന കാര്യമുറപ്പാണ്. ഈ പ്രമുഖ കോടീശ്വരൻ തമാശ എന്ന രീതിയിൽ ഡബിള്‍ മീനിങ് പറയുകയും അത് അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസിക അവസ്ഥയുള്ള ആളുകളും നന്നായി രസിക്കുകയും ചെയ്‌തിട്ടുണ്ട്; സന്തോഷ് പറഞ്ഞു.
കുന്തിദേവി എന്ന് വിളിച്ചിടത്താണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. അദ്ദേഹത്തിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നും. എന്നാൽ മറ്റുള്ളവർക്ക് അങ്ങനെ തോന്നണമില്ല. കുന്തിദേവി ഒരു ചീത്ത വാക്കല്ല, പക്ഷേ അതിനും രണ്ട് വശങ്ങളുണ്ട്. ചിലർക്കിതൊരു അശ്ലീല വാക്കായി തോന്നുന്നതിന് കാരണവുമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.
ബോബി ചെമ്മണ്ണൂരിന്റെ മുൻകാല പരാമർശങ്ങളും കേസിന് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വാക്ക് പ്രയോഗിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ മാനേജറോട് തന്റെ ബുദ്ധിമുട്ട് നടി അറിയിച്ചിരുന്നു. എന്നാൽ അപ്പോൾ നടിയെ വിളിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നെങ്കിൽ ഈ കേസ് ഒന്നും ഉണ്ടാവില്ലായിരുന്നു; താരം പറഞ്ഞു.
കേരളത്തിൽ ഹണി റോസ് എന്ന നടിക്കു മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നും നിലവിലില്ല. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രം ധരിച്ചും അവർക്കു പുറത്തേക്ക് പോകാനുള്ള അവകാശമുണ്ട്. നിങ്ങൾക്ക് അത് കാണാം, കാണാതിരിക്കാം. അതൊന്നും അവരുടെ വിഷയത്തിൽ പെടുന്ന കാര്യങ്ങളല്ല. എന്ത് കണ്ടിട്ടാണ് ഈ വിഷയത്തിൽ ഒരു ഗുണവുമില്ലാത്ത ആളുകൾ കമന്റ് ചെയ്യുന്നതെന്ന് അറിയില്ല. അവർ ഒരു കാര്യം മനസിലാക്കണം. അവരുടെ കൈയിൽ കോടികളുമില്ല, ഒപ്പം നിൽക്കാൻ ആളുമുണ്ടാവില്ല; സന്തോഷ് കൂട്ടിച്ചേർത്തു.
അതേസമയം, ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിന് എതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്. സൈബറിടങ്ങളിൽ സംഘടിത അധിക്ഷേപം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ചാനൽ ചർച്ചകളിൽ ഉൾപ്പെടെ നടിക്കെതിരെ രൂക്ഷമായി ഭാഷയിലാണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് നടിയുടെ നടപടി.












Click it and Unblock the Notifications