സന്തോഷ് പണ്ഡിറ്റിന്റെ ആ പ്രവചനം ശരിയായോ? താരത്തിന്റെ മറുപടി, 'ചിലർ തിയേറ്റർ കളക്ഷനിൽ തള്ളുന്നു'
മലയാളത്തിൽ മുഖ്യധാരാ സിനിമകൾക്ക് ഒരുകാലത്ത് വെല്ലുവിളി സൃഷ്‌ടിച്ച വ്യക്തിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. സർക്കാർ സർവീസിൽ നിന്നും ജോലി രാജിവച്ച് കുറഞ്ഞ ചിലവിൽ സന്തോഷ് നിർമ്മിച്ച സിനിമകൾ നെഗറ്റീവ് പബ്ലിസിറ്റിയുടെ പേരിൽ ആണെങ്കിലും മുടക്കുമുതൽ തിരികെ പിടിക്കുകയും വലിയ ലാഭം നൽകുകയും ചെയ്‌തിരുന്നു.എന്നാൽ പിന്നീട് കളംമാറ്റിയ സന്തോഷ് പണ്ഡിറ്റ് സമൂഹ മാധ്യമങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങിയത്.
അടുത്തകാലത്തായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ സന്തോഷ് ഒരു മടിയും കാട്ടിയിട്ടില്ല. മലയാള സിനിമയിലെ മോശം പ്രവണതകൾ തുറന്നുകാട്ടുകയും അതിനെ ഒക്കെയും കൃത്യമായി വിമർശിക്കുകയും ഒക്കെ ചെയ്‌ത വ്യക്തി കൂടിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ സിനിമയിലെ ഊതിപ്പെരുപ്പിച്ച കളക്ഷൻ കണക്കുകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം നിർമ്മാതാക്കളുടെ കൂട്ടായ്‌മ അഭിനേതാക്കളുടെ പ്രതിഫലത്തെ കുറിച്ചും മലയാളത്തിൽ സിനിമകൾ നിർമ്മിക്കുന്നത് മൂലമുണ്ടായ ഭീമമായ നഷ്‌ടത്തെ കുറിച്ചുമൊക്കെ പരസ്യമായി പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. ആദ്യമാസം തന്നെ നൂറ് കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടയതായാണ് അവരുടെ ആരോപണം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ നടത്തിയ ചില പ്രവചനങ്ങൾ ശരിയാവുകയാണ് എന്നാണ് നിർമ്മാതാക്കളുടെ ആരോപണം തെളിയിക്കുന്നത്. നിർമ്മാതാക്കൾ പറഞ്ഞത് നാമെല്ലാം കേട്ടതാണ്. ഒടിടി റിലീസുകളിലേക്ക് മലയാള സിനിമ പോയ സമയത്ത് ഞാനൊരു ഇന്റർവ്യൂ നൽകിയിരുന്നു. ഒടിടി റൈറ്റ്സ് വലിയൊരു പണിയാണ് തരിക എന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു. സിനിമ എടുക്കുന്നത് കൊണ്ട് അവർക്ക് ശരിക്കും ഒരു ഗുണവുമില്ല.
എന്നാൽ സബ്സ്ക്രൈബേഴ്‌സ് കിട്ടുവാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്യുന്നത്. ഇനി സിനിമകൾ ഒടിടിക്കാർക്കും വേണ്ടി വരില്ല. അന്ന് തന്നെ ഞാൻ ഈ കാര്യം പ്രവചിച്ചതാണ്. അപ്പോൾ അവർ പറഞ്ഞത് എനിക്ക് ഒടിടി കിട്ടാത്തത് കൊണ്ടാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകൾ ഒടിടിക്ക് കൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് എന്നൊക്കെയാണ്. എന്റെ പ്രവചനം ശരിയായി വരികയാണെന്ന് കാലം തെളിയിച്ചു.
സാറ്റലൈറ്റ് റൈറ്റ്‌സും ഏതാണ്ട് അതുപോലെ തന്നെയായി. സിഡി-ഡിവിഡി റൈറ്റ്‌സും ഒന്നും ഇപ്പോൾ ആർക്കും വേണ്ട. മലയാളത്തിൽ രണ്ടോ മൂന്നോ ചാനലുകൾ മാത്രമാണ് ഇപ്പോൾ വർഷത്തിൽ നല്ല സിനിമകൾ എടുക്കുന്നത്. അവരാവട്ടെ ഒരു നിശ്ചിത തുക മാത്രമാണ് അതിനായി മാറ്റി വയ്ക്കുന്നത്. അതിൽ അന്യഭാഷാ ചിത്രങ്ങൾ വരെ വാങ്ങേണ്ടി വരും.
മലയാള സിനിമയിലെ കളക്ഷൻ തള്ളുകൾ ഭയങ്കരമാണ്. വെറും തള്ളാണ് അത്. പല നടന്മാരും അങ്ങനെ തള്ളിയില്ലെങ്കിൽ നിർമ്മാതാക്കളെ ചീത്തവിളിക്കും. അങ്ങനെ ചീത്തവിളി കേൾക്കേണ്ടല്ലോ എന്ന് കരുതിയാണ് പല നിർമ്മാതാക്കളും കളക്ഷൻ തള്ളുന്നത്. ഈ വിഷയവും ഞാൻ പണ്ടേ പറഞ്ഞതാണ്. കേരളത്തിൽ മൂന്നരക്കോടി ജനങ്ങളുണ്ട്. അതിൽ സിനിമ കാണുന്നവരുടെ എണ്ണം എടുത്താൽ പോലും കളക്ഷൻ ഒരിക്കലും അത്രയൊന്നും വരില്ല.












Click it and Unblock the Notifications