'ആളുകളെ തമ്മിലടിപ്പിച്ചു കളക്ഷൻ നേടുന്നു, മലയാള സിനിമ കാണുന്നവർ 75 ശതമാനവും വിഡ്ഡികളും കഴുതകളും'; പണ്ഡിറ്റ്
മലയാള സിനിമ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന കാലഘട്ടമാണ് ഇത്. ആദ്യഘട്ടത്തിൽ നിർമ്മാതാക്കളുടെ എതിർപ്പും അവർ ഉന്നയിച്ച വിഷയങ്ങളും ഒക്കെയാണ് സിനിമയെ സാരമായി ബാധിച്ചത്. ഈ വിഷയത്തിൽ ഇതുവരെയും പ്രശ്‌നപരിഹാരം ആയിട്ടില്ല. നിർമ്മാതാക്കളുടെ സംഘടനയും താരങ്ങളും തമ്മിൽ ഇതുവരെയും കൃത്യമായ ധാരണയിൽ എത്തിയിട്ടുമില്ല.
താരങ്ങളുടെ ഉയർന്ന പ്രതിഫലവും പ്രൊഡക്ഷൻ ചിലവും ഒക്കെ നിർമ്മാതാക്കൾ നിരന്തരമായി ഉന്നയിക്കുന്നുണ്ട്. അത് തെല്ലൊന്ന് അടങ്ങിയതിന് പിന്നാലെയാണ് മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയോടെ എത്തിയ എമ്പുരാൻ തീവ്ര വലതുപക്ഷ കക്ഷികളുടെ വിമർശനത്തിന് ഇരയാവുന്നത്.

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ചിത്രം നിറഞ്ഞ സദസുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. എങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ മലയാള സിനിമയിലെ പ്രതിസന്ധികളെ കുറിച്ച് തുറന്നുപറയുകയാണ് സന്തോഷ് പണ്ഡിറ്റ്. എന്താണ് ഇപ്പോഴത്തെ വിഷയങ്ങളുടെ യാഥാർഥ്യമെന്നും താരം വെളിപ്പെടുത്തുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
ഈയിടെയായി സിനിമയിൽ ഒക്കെ ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിലും ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാവാറുണ്ട്. ശരിക്കും പറഞ്ഞാൽ സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത്തരം പല വിവാദങ്ങളും ഉണ്ടാവുമ്പോൾ എന്റെ മനസിലൊരു കഥയാണ് ഓർമ്മ വരാറുള്ളത്. കുട്ടനും മുട്ടാനും എന്ന രണ്ട് ആടുകളുടെ കഥയാണത്. നമ്മൾ ചെറുപ്പത്തിലൊക്കെ ഒരുപാട് കേട്ട കഥയാണത്.
ആരാണ് കൂടുതൽ ശക്തൻ എന്ന തർക്കമാണ് ആടുകൾക്ക് ഇടയിൽ. അത് മനസിലാക്കാൻ അവർ ചെന്നത് ഒരു കുറുക്കന്റെ അടുത്താണ്. കുറുക്കനാണ് അവർക്ക് കൂട്ടിയിടിക്കാനുള്ള ഐഡിയ പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ പലതവണ ഇടിക്കുമ്പോൾ ഒരാൾ വീഴും. കുറുക്കന് ശരിക്കും അവരുടെ ചോരയാണ് വേണ്ടത്. അതാണ് സിനിമാ വിവാദങ്ങളും സൂചിപ്പിക്കുന്നത്.
ഈ മുട്ടനാടുകളാണ് രണ്ട് രാഷ്ട്രീയ പാർട്ടിക്കാർ, അല്ലെങ്കിൽ രണ്ട് മതങ്ങൾ. ഈ കുറുക്കന്റെ റോൾ എന്ന് പറയുന്നത്, സിനിമയിൽ ആണെങ്കിൽ പ്രമുഖ നടൻമാർ, പ്രമുഖ സംവിധായകർ, പ്രമുഖ നിർമ്മാതാക്കൾ എന്നിവർ. ഇവിടുത്തെ വിവിധ ആളുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് എങ്ങനെ സിനിമയ്ക്ക് കളക്ഷൻ നേടാം എന്നാണ് അവർ ചിന്തിക്കുന്നത്. നിങ്ങളുടെ കൈയിലെ പണം എങ്ങനെ ഞങ്ങളുടെ കൈയിൽ എത്തിക്കാം എന്നാണ് ചിന്തിക്കുന്നത്.
മലയാള സിനിമയിൽ കലാകാരൻമാർ ഇല്ല, കലയെ വിറ്റ് ബിസിനസുകാർ മാത്രമേ ഉള്ളൂവെന്ന് ഞാൻ പറഞ്ഞിരുന്നു. മലയാള സിനിമ കാണുന്ന 75 പേരും വെറും വിഡ്ഡികളും കഴുതകളുമാണെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. അവാർഡുകൾ ഒക്കെ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. അവാർഡ് ഒന്നും കിട്ടിയില്ലെന്ന് അല്ല ഞാൻ പറഞ്ഞത്. അവാർഡ് കിട്ടുമ്പോൾ പിന്നെ പ്രതിഫലം ഉയർത്തുകയാണ് ചെയ്യാറുള്ളത്. സിനിമയിൽ ബിസിനസ് ഇല്ലെന്ന് പറയുന്നത് തെറ്റാണ്.
ആരാധകർ എന്ന് പറയപ്പെടുന്നവർ താരങ്ങളെ സുഹൃത്തുക്കളായി കാണുന്നു, ബന്ധുക്കളായി കാണുന്നു, ചങ്കുകളായി കാണുന്നു. എന്നാൽ അവർ ഇവരെ എങ്ങനെയാണ് കാണുന്നത്. വെറും കറവ പശുക്കളായും കഴുതകളായുമാണ് കാണുന്നത്.താരങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ആരാധകർ അവരുടെ ജോലിയും സമയവും ഒക്കെ കളഞ്ഞ് ഇരുന്ന് കാണുന്നു. സിനിമ കാണണം, പക്ഷേ ആർക്ക് വേണ്ടിയും അടിയുണ്ടാക്കരുത്.












Click it and Unblock the Notifications