പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോളിലെത്തുമോ സത്യരാജ്? നടന്റെ മറുപടി ഇങ്ങനെ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ സത്യരാജ് അഭിനയിക്കുമെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നടന്‍. താന്‍ മോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ലെന്ന് സത്യരാജ് വ്യക്തമാക്കി. ആശയപരമായി താനൊരു പെരിയാറിസ്റ്റാണ്. അങ്ങനെയുള്ളപ്പോള്‍ മോദിയായി വേഷമിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ തന്നെ സത്യരാജ് മോദിയായി വേഷമിടും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉണ്ടായിരുന്നു. സത്യരാജിനെ ആ റോളിലേക്ക് പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് താന്‍ നരേന്ദ്ര മോദിയായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കി സത്യരാജ് രംഗത്തെത്തിയത്.

തമിഴ് മാധ്യമങ്ങളാണ് സത്യരാജിന്റെ അഭിപ്രായം പുറത്തുവിട്ടത്. മോദിയായി വേഷമിടാന്‍ എന്നെയാരും സമീപിച്ചിട്ടില്ല. ആശയപരമായി താനൊരു പെരിയാറിസ്റ്റാണ്. അത്തരമൊരു വേഷം വന്നാല്‍ താന്‍ ചെയ്യില്ലെന്നും സത്യരാജ് വ്യക്തമാക്കി. 2007ല്‍ സത്യരാജ് തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ സത്യരാജ് അഭിനയിച്ചിരുന്നു.
രണ്ട് ദിവസം ദിവസം മുമ്പാണ് സത്യരാജിനെ ഈ വേഷം ചെയ്യുന്നതിനായി സമീപിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം ഇതിഹാസ നടന്‍ എംആര്‍ രാധ നിരീശ്വര വാദിയായിരുന്നു. എന്നാല്‍ ഭക്തനായി അദ്ദേഹം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെന്ന് സത്യരാജ് ചൂണ്ടിക്കാണിച്ചതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ബോളിവുഡില്‍ ഇറക്കുന്ന മോദിയുടെ ബയോപിക് പാന്‍ ഇന്ത്യന്‍ പ്രൊജക്ടായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രാദേശിക ഭാഷകളിലെ മാര്‍ക്കറ്റുകളില്‍ കൂടി ചിത്രം മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സത്യരാജിനെ നായകനാക്കുന്നത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ചിരപരിചിതനാണ് സത്യരാജ്. നേരത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ റിപ്പോര്‍ട്ട് വന്നതിനെ പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം അടക്കമുള്ളവര്‍ ഇതിലുണ്ടായിരുന്നു.
ബിജെപി നേതാക്കളും സത്യരാജിനെ മോദിയുടെ വേഷത്തിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് സത്യരാജ് മോദിയായി വേഷമിടുന്നുവെന്ന് അറിയിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമായി നേരത്തെ ബോളിവുഡില്‍ ഒരു ചിത്രം പുറത്തുവന്നിരുന്നു. വിവേക് ഒബ്രോയിയായിരുന്നു ഈ ചിത്രത്തില്‍ മോദിയായി വേഷമിട്ടത്. ഒമുംഗ് കുമാറാണ് പിഎം നരേന്ദ്ര മോദി എന്ന ഈ ചിത്രം സംവിധാനം ചെയ്തത്.












Click it and Unblock the Notifications