'മീന ഗണേഷിന്റെ ആങ്ങളയുടെ മകളായിട്ടും അവസാന കാലത്ത് തിരിഞ്ഞുനോക്കിയില്ല'; ചുട്ട മറുപടി നൽകി സീമ ജി നായർ
സോഷ്യൽ മീഡിയ പലപ്പോഴും ഗുണകരമായ ഒന്നായി മാറുന്ന കാഴ്‌ചകൾ നാം കാണാറുണ്ട്. വാർത്തകൾ അറിയാനും സംഭവ വികാസങ്ങൾ മനസിലാക്കാനും ഒക്കെ അത് നമ്മെ സഹായിക്കുന്നു. എന്നാൽ വ്യാജ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകളും അതിലേറെ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമാ, സീരിയൽ രംഗത്ത് നിറ സാന്നിധ്യമായ സീമ ജി നായരും ഇത്തരമൊരു വ്യാജ പ്രചാരണത്തിന് ഇരയായിരിക്കുകയാണ്.
അന്തരിച്ച നടി മീന ഗണേഷുമായി ബന്ധപ്പെട്ട് തന്റെ ഫേസ്‍ബുക്ക് പോസ്‌റ്റിൽ വന്ന കമന്റിനെതിരെ ആഞ്ഞടിക്കുകയാണ് താരം. തനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളിലാണ് താരം കടുത്ത ഭാഷയിൽ പ്രതികരണവുമായി രംഗത്ത് വന്നത്. മീന ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമയെന്നും എന്നിട്ടും സുഖമില്ലാതെ കിടന്നപ്പോൾ അവരെ സീമ തിരിഞ്ഞു നോക്കിയില്ലെന്നും കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഫേസ്‌ബുക്കിൽ ആരോപിച്ചിരുന്നു.

ഇതിനെതിരെയാണ് സീമ ജി നായർ രംഗത്ത് വന്നത്. ഇത്തരം നട്ടാൽ കുരുക്കാത്ത നുണകൾ പറയുന്നത് എന്തിനാണ് എന്നായിരുന്നു സീമയുടെ ചോദ്യം. തന്റെ പിതാവിന് ഇങ്ങനെയൊരു സഹോദരിയോ മീനമ്മയ്ക്ക് ഇങ്ങനെയൊരു സഹോദരനോ ഉള്ളതായി അറിയില്ലെന്ന് പറഞ്ഞ സീമ ജി നായർ വ്യാജ പ്രചാരണം നടത്തിയ വ്യക്തിയുടെ പേരുൾപ്പെടെ പുറത്തുവിട്ടിരുന്നു. ശിൽപ എന്ന് പേരുള്ള വ്യക്തിയാണ് പോസ്‌റ്റിൽ മോശം കമന്റ് രേഖപ്പെടുത്തിയത്.
സീമ ജി നായരുടെ പ്രതികരണം
കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോ വന്നിരുന്നു. കൊടുങ്ങല്ലൂർ ഒരു പരിപാടിക്കു പോയപ്പോൾ എടുത്തത്. അതിന്റെ താഴെ നല്ലതും, ചീത്തയുമായ കമന്റുകൾ വന്നിരുന്നു. ചീത്ത കമന്റൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല, പക്ഷേ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി. മരണപ്പെട്ട നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാനെന്നും, അവർക്ക് വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ലെന്നും പറഞ്ഞു.
സത്യത്തിൽ എനിക്ക് അത്ഭുതം തോന്നി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല, മീനമ്മയ്ക്ക് അങ്ങനെ ഒരു ആങ്ങളയുമില്ല. എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നു. ഈ സ്ത്രീക്ക് എവിടുന്ന് കിട്ടി, ഇങ്ങനെ ഒരു ബന്ധം. കേട്ടുകേൾവിയില്ലാത്ത കഥകൾ ആണ് അവർ പറയുന്നത്. കുറച്ച് പേരെങ്കിലും അത് വിശ്വസിക്കും, എന്റെ അച്ഛനും, മീന ഗണേഷ് അമ്മയും മരിച്ചുപോയ സ്ഥിതിക്ക് ഇവർ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാൻ പറ്റില്ല.
ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത്, ഉണ്ടാക്കുന്നത്. എനിക്കൊരു സംശയം ഇല്ലാതില്ല, ആ ആങ്ങളയുടെ മകൾ നിങ്ങൾ ആണോന്ന്. ശിൽപ പ്രതീഷ് കുമാറിന് അഭിനന്ദനങ്ങൾ. എനിക്കൊരു അപ്പച്ചിയെ ഉണ്ടാക്കി തന്നതിന്. എനിക്ക് ആ മെസേജ് ഇട്ട ആളെ നേരിട്ട് കാണണം എന്നു പറഞ്ഞു, രാത്രി 9 മണിയോടെ ബോട്ടിം കോളിൽ ഞാൻ അവരെ കണ്ടു, ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല.
അതേസമയം, തന്നോട് അവർ മാപ്പ് പറഞ്ഞതായാണ് സീമ ജി നായർ അറിയിച്ചത്. അവരുടെ സ്ക്രീൻഷോട്ട് സഹിതം തന്റെ കൈവശം ഉണ്ടെന്നും സീമ വ്യക്തമാക്കി. എന്തിന് വേണ്ടി ആണേലും, ആർക്ക് വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അറിയാത്ത കാര്യങ്ങൾ പറയരുത്. ആപത്ത് കാലത്ത് ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കിൽ ആണ് ഇതിന് പിന്നാലെ പോവാൻ കാരണം. ചിലർക്ക് ഇത് നിസാരം ആയി തോന്നാം, പക്ഷേ എനിക്കത് അത്ര നിസാരം അല്ല; സീമ ജി നായർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications