പ്രണയത്തിന് കണ്ണും മൂക്കും മതവുമില്ല; സീരിയൽ താരങ്ങളായ സൽമാനുലും മേഘയും വിവാഹിതരായി
പണ്ട് മുതലേ കേട്ടുവരുന്നൊരു പ്രയോഗമാണ് പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്നത്. പല കാലത്തായി അത് പലരും തെളിയിച്ചിട്ടുണ്ട്. അങ്ങനെയൊരു വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഓൺ സ്‌ക്രീൻ ജോഡികളിൽ പ്രിയപ്പെട്ടവരായ സൽമാനുൽ ഫാരിസും മേഘയുമാണ് മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചെഴുതി വിവാഹിതരായത്. സൽമാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ആയിരുന്നു താരം ഇക്കാര്യം പങ്കുവച്ചത്. വിവാഹ ദിനത്തിലെ ചിത്രങ്ങളും രജിസ്‌റ്റർ മാര്യേജ് ദിവസത്തെ വീഡിയോയും താരം ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്. മേഘയുമായി രജിസ്‌റ്റർ വിവാഹം കഴിഞ്ഞതിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്.

മിഴിരണ്ടിലും എന്ന സീരിയിലിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച താരങ്ങളായിരുന്നു മേഘയും സൽമാനും. സീരിയലിൽ സഞ്ജുവും ലക്ഷ്‌മിയുമായാണ് ഇവർ എത്തിയത്. കഴിഞ്ഞ ദിവസമാണ് താരങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇരുതാരങ്ങളും തമ്മില്‍ പ്രണയത്തിലാണെന്ന് പോലും ആരാധകര്‍ അറിഞ്ഞിരുന്നില്ല എന്നതാണ് പ്രധാന വിഷയം.
'Mr & Mrs സഞ്ജു മുതൽ Mr & Mrs സൽമാൻ വരെ. ഒടുവിൽ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സ്നേഹവും കരുതലും ഉയർച്ച താഴ്ചകളും സന്തോഷവും സങ്കടങ്ങളും യാത്രകളും എല്ലാം ഒരുമിച്ച് എന്നും പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു!എന്നും എപ്പോഴും ഞങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി! നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു' എന്നായിരുന്നു വീഡിയോയുടെ ക്യാപ്‌ഷനിൽ താരം കുറിച്ചത്.
'ഞങ്ങളുടെ വലിയ ദിവസത്തിന്റെ ഒരു ചെറിയ സംഗ്രഹമാണിത്. ആകാശം മുട്ടെയുള്ള സന്തോഷത്തിലും ആനന്ദത്തിലും ഞങ്ങള്‍ ഒന്നിച്ച് മുങ്ങിയ ദിവസം' എന്നും താരം മറ്റൊരു ചിത്രത്തിൽ കുറിക്കുന്നു. നിരവധി ആരാധകരാണ് ഇവർക്ക് ആശംസകളുമായി വന്നിരിക്കുന്നത്. ഓൺസ്‌ക്രീൻ ജോഡികൾ ഓഫ് സ്ക്രീനിലും ഒന്നിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.
ബാലതാരമായി അഭിനയരംഗത്ത് കടന്നുവന്ന താരമാണ് ആളാണ് മേഘ മഹേഷ്. പ്രണയം എന്ന സീരിയലിലൂടെ ആയിരുന്നു മേഘയുടെ തുടക്കം. നായികയായി അഭിനയിക്കുന്ന ആദ്യ സീരിയല്‍ മിഴിരണ്ടിലായിരുന്നു. അവിടെ വച്ചാണ് ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം. ഒടുവിൽ അത് ജാതി മത ഭേദങ്ങൾക്ക് അപ്പുറം വിവാഹത്തിൽ എത്തി നിൽക്കുകയാണ്.
ഇതേ പരമ്പരയിലൂടെ തന്നെയാണ് സൽമാനുല്‍ സുപരിചിതനാകുന്നത്. കഴിഞ്ഞ വർഷം മിഴിരണ്ടിലും നിന്ന് നടനെ മാറ്റിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിരുന്നു. മറ്റൊരു സീരിയലിൽ അവസരം ലഭിച്ചതിനാൽ സൽമാൻ പിന്മാറി എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തന്നെ മാറ്റുകയായിരുന്നു എന്ന് താരം തന്നെ തുറന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications