ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് കളറാക്കാന്‍ ഷാരൂഖ് ഖാന്‍? സ്റ്റേജ് ഷോയ്ക്ക് വാങ്ങുന്ന പ്രതിഫലം ഇത്ര
മുംബൈ: ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് 2023ല്‍ വലിയ ചിത്രങ്ങളുമായി ആരാധകരിലേക്ക് എത്തിയിരുന്നു. വമ്പന്‍ വിജയങ്ങളായി പഠാന്‍, ജവാന്‍, ഡങ്കി എന്നീ ചിത്രങ്ങള്‍ മാറിയിരുന്നു. നിലവില്‍ ഒന്നാം സ്ഥാനത്താണ് സ്റ്റാര്‍ റാങ്കിംഗില്‍ ഷാരൂഖ്.
അതേസമയം അംബാനി കുടുംബത്തില്‍ വലിയൊരു വിവാഹം നടക്കുന്നുണ്ട്. ഇതിന് ഷാരൂഖ് ഖാനുമായി വലിയൊരു ബന്ധമുണ്ട്. ഷാരൂഖിന്റെ ലൈവ് പെര്‍ഫോമന്‍സ് ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് ടൗണ്‍ഷിപ്പില്‍ അടുത്തിടെ ഷാരൂഖ് എത്തിയിരുന്നു. ഇവിടെയാണ് ആനന്ദിന്റെ പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്.

ആനന്ദിന്റെ വിവാഹം ജൂലായിലായിരിക്കും. മുംബൈയില്‍ വെച്ചായിരിക്കും ഇതിന്റെ പരിപാടികള്‍ നടക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്. ആഗോള തലത്തില്‍ നിന്ന് തന്നെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖിന്റെ സ്‌റ്റേജ് പെര്‍ഫോമന്‍സായിരിക്കും ഇതില്‍ ഏറ്റവും പ്രധാന ആകര്‍ഷണം. അടുത്തിടെ സ്റ്റേജ് പ്രോഗ്രാമുകളില്‍ അടക്കം ഷാരൂഖ് സജീവമായിരുന്നു. അംബാനി കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഷാരൂഖിനുള്ളത്. ഇഷാ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഷാരൂഖും ഭാര്യ ഗൗരി ഖാനും സ്റ്റേജ് പെര്‍ഫോമന്‍സ് നടത്തിയിരുന്നു.
ഷാരൂഖിന്റെ സ്‌റ്റേജ് പെര്‍ഫോമന്‍സിന് വലിയ ഡിമാന്‍ഡ് തന്നെയുണ്ട്. അതുകൊണ്ട് വമ്പന്‍ തുക തന്നെ ഓരോ ഷോയ്ക്ക് താരം വാങ്ങാറുമുണ്ട്. വിവാഹത്തിലെ സ്‌റ്റേജ് പെര്‍ഫോമന്‍സുകള്‍ തന്റെ ട്രേഡ് മാര്‍ക്ക് ശൈലിയിലാണ് ഷാരൂഖ് നടത്താറുള്ളത്. മൂന്ന് മുതല്‍ നാല് കോടി വരെയാണ് ഒരു പെര്‍ഫോമന്‍സിനായി താരം വാങ്ങാറുണ്ട്. എന്നാല്‍ തന്നെ സമീപിക്കുന്നവരുടെ എല്ലാം പരിപാടികള്‍ ഷാരൂഖ് ഏറ്റെടുക്കാറില്ല.
തനിക്ക് നന്നായി അറിയാവുന്നവരുടെ വിവാഹ പരിപാടികള്‍ക്ക് മാത്രമേ ഷാരൂഖ് ലൈവ് പെര്‍ഫോമന്‍സ് നടത്താറുള്ളൂ. അതും പ്രത്യേകമായി അഭ്യര്‍ത്ഥിച്ചാല്‍ മാത്രമേ ഷാരൂഖ് ഇത്തരം പരിപാടികളുടെ ഭാഗമാകാറുള്ളൂ. അംബാനി കുടുംബം ഷാരൂഖുമായി അടുത്ത ബന്ധമുള്ളത് കൊണ്ടാവാം ഈ സ്റ്റേജ് പെര്‍ഫോമന്‍സിനായി താരം നേരിട്ടെത്തുന്നത്.
ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷം ഗംഭീരമാക്കാന്‍ തന്നെയാണ് അംബാനി കുടുംബം ഒരുങ്ങുന്നത്. ഈ ചടങ്ങിന് മാത്രമായി 1200 അതിഥികളാണ് റിലയന്‍സ് ടൗണ്‍ഷിപ്പില്‍ എത്തുക. ഷാരൂഖിന് പുറമേ രണ്‍ബീര്‍ ആലിയ, ഗായകനും നടനുമായ ദില്‍ജിത് ദോഷഞ്ച് എന്നിവരുടെ പെര്‍ഫോമന്‍സും പ്രീ വെഡ്ഡിംഗ് പരിപാടിയിലുണ്ടാവും.












Click it and Unblock the Notifications