ഒന്നാം സ്ഥാനത്തിന് മാറ്റമില്ല, ബോളിവുഡില്‍ ഷാരൂഖ് തന്നെ കിംഗ്; ജനപ്രീതിയില്‍ മുന്നില്‍ ഈ താരങ്ങള്‍
രാജ്യത്തെ ഏറ്റവും വലിയ സിനിമാ ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. കൊവിഡിന് ശേഷം ബോളിവുഡ് വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സമയം തന്നെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വന്‍ തോതില്‍ വളരുകയും ചെയ്തിരുന്നു. ബോളിവുഡില്‍ തന്നെ കെജിഎഫും പുഷ്പയും പോലുള്ള ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങള്‍ നേടുകയും ചെയ്തു. സമീപകാലത്ത് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ തമിഴില്‍ നേട്ടമുണ്ടാക്കിയിരുന്നു.
എന്നാല്‍ ഈ വര്‍ഷം ബോളിവുഡ് അവരുടെ ശരിക്കുള്ള കരുത്ത് കാണിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ അടക്കം ഇപ്പോള്‍ ബോളിവുഡ് ചിത്രങ്ങള്‍ വമ്പന്‍ കളക്ഷനാണ് നേടുന്നത്. ഈ വര്‍ഷം തന്നെ ഇതിനോടകം മൂന്ന് ആയിരം കോടി ചിത്രങ്ങളാണ് ബോളിവുഡില്‍ നിന്ന് പിറന്നത്. ബോളിവുഡ് ചരിത്രത്തില്‍ 1997ന് ശേഷമുള്ള ഏറ്റവും മികച്ച വര്‍ഷമായി 2023 മാറിയിരിക്കുകയാണ്.

ഈ വര്‍ഷം തന്നെ ഷാരൂഖ് ഖാന്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ പുറത്തിറക്കിയ രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങളുടെ പട്ടികയിലൂടെ വീണ്ടുമൊരിക്കല്‍ കൂടി ഞെട്ടിക്കുകയാണ് ഷാരൂഖ്. ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കിയ പട്ടികയാണിത്.
ഒന്ന് മുതല്‍ പത്ത് സ്ഥാനങ്ങളില്‍ വരെയുള്ള താരങ്ങളുടെ പട്ടികയിലാണ് ഷാരൂഖ് ആദ്യ സ്ഥാനത്തെത്തിയത്. വമ്പന്‍ താരങ്ങളെ മുഴുവന്‍ അദ്ദേഹം പിന്നിലാക്കിയിരിക്കുകയാണ്. അതേസമയം ഷാരൂഖിന്റെ ഈ നേട്ടത്തിന് കാരണങ്ങള്‍ ഏറെയാണ്. ഈ വര്‍ഷം രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകളാണ് ഷാരൂഖിനുള്ളത്. പഠാനും ജവാനും ബോളിവുഡിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറിയിരിക്കുകയാണ്.
രണ്ടും ബോക്‌സോഫീസില്‍ ആയിരം കോടിയില്‍ ഏറെ നേടിയിരുന്നു. ബോളിവുഡ് ഒരു സൂപ്പര്‍ താരം ചൈനയുടെ സഹായമില്ലാതെ ആയിരം കോടി നേടുന്നത് ആദ്യമാണ്. രണ്ട് തവണ നേടിയ ഒരു താരം പോലും ഇന്ത്യയില്‍ ഇല്ല. പഠാനായിരുന്നു ഈ നേട്ടം ആദ്യം കൈവരിച്ചത്. എന്നാല്‍ ജവാന്‍ ഇതിലും വലിയ കളക്ഷന്‍ സ്വന്തമാക്കിയതോടെ ബോളിവുഡ് അമ്പരക്കുകയായിരുന്നു. ഇനി വരാനിരിക്കുന്ന ഡങ്കിയും ഈ നേട്ടം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം രണ്ടാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. സമീപകാലത്ത് ടൈഗര്‍ ത്രീയിലൂടെ ബോക്‌സോഫീസ് വിജയം സല്‍മാന്‍ സ്വന്തമാക്കിയിരുന്നു. മൂന്നാം സ്ഥാനത്തുള്ളത് അക്ഷയ് കുമാറാണ്. നാലാം സ്ഥാനത്ത് ആനിമലിലൂടെ മെഗാ ഹിറ്റ് വിജയം സ്വന്തമാക്കിയ രണ്‍ബീര്‍ കപൂറിനാണ്. ഈ ചിത്രം 2023ലെ നാലാമത്തെ 500 കോടി ചിത്രമായി മാറാനും സാധ്യതയുണ്ട്.
അഞ്ചാം സ്ഥാനത്ത് ഹൃതിക് റോഷനാണ്. താരത്തിന്റെ ഫൈറ്റര്‍ ജനുവരിയില്‍ റിലീസ് ചെയ്യുന്നുണ്ട്. ഇത് വമ്പന്‍ ഹിറ്റാവുമെന്നാണ് കരുതുന്നത്. രണ്‍വീര്‍ സിംഗാണ് ആറാം സ്ഥാനത്തുള്ളത്. ഏഴാമത് ആമിര്‍ ഖാനും, കാര്‍ത്തിക് ആര്യന്‍ എട്ടാമതുമാണ്. ഒന്‍പതാം സ്ഥാനത്ത് അജയ് ദേവ്ഗണും, പത്താം സ്ഥാനത്ത് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ്.












Click it and Unblock the Notifications