സ്വന്തമായി ഐപിഎൽ ടീം, ലണ്ടനിൽ 212 കോടിയുടെ വീട്; ഷാരൂഖ് സമ്പത്തിലും ബാദ്ഷാ, ആസ്‌തി 7300 കോടി?
ഇന്ത്യൻ സിനിമയിലെ എന്നല്ല ലോകത്തിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. ആരാധകർ ഏറെ പ്രിയത്തോടെ എസ്ആർകെ എന്ന് വിളിക്കുന്ന ഷാരൂഖ് ഒട്ടേറെ നേട്ടങ്ങൾ ബോളിവുഡിലേക്ക് കൊണ്ട് വന്ന വ്യക്തി കൂടിയാണ്. വളരെ സാധാരണ ജീവിതത്തിൽ നിന്നും കഠിനാധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും സഹായത്തോടെയാണ് അദ്ദേഹം പടികൾ നടന്നുകയറിയത്.
ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്‌റ്റാർ എന്ന വിശേഷണം രജനീകാന്തിന് സ്വന്തമാണെങ്കിൽ, ലോക സിനിമയ്ക്ക് മുന്നിൽ ഇന്ത്യയുടെ മുഖമായി കാണിക്കുന്നത് പലപ്പോഴും ഷാരൂഖിനെയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുറത്തും അദ്ദേഹത്തിന് ആരാധകർ ഏറെയുണ്ട്. എളിമയുള്ള പെരുമാറ്റവും വിനയവും ഒക്കെ അദ്ദേഹത്തെ കൂടുതൽ ആരാധകരിലേക്ക് അടുത്ത കാര്യമാണ്.

എന്നാൽ സ്‌റ്റാർഡവും സിനിമയിലെ മുന്നേറ്റവും ഒക്കെ ഒഴിവാക്കി നിർത്തിയാൽ യഥാർത്ഥത്തിൽ ഷാരൂഖ് ഇന്ന് എത്തി നിൽക്കുന്നത് സമ്പന്നതയുടെ വലിയ ഉയർച്ചയുടെ മുകളിലാണ്. ഒരു സാധാരണ സിനിമാ താരമെന്നതിന് അപ്പുറം വലിയൊരു ബിസിനസ് സാമ്രാജ്യം കൂടി പടുത്തുയർത്തിയാണ് എസ്ആർകെ ഇപ്പോഴും കരിയറിൽ മുന്നേറി കൊണ്ടിരിക്കുന്നത്.
നിലവിൽ സമ്പത്തിൽ ഷാരൂഖിനെ വെല്ലാൻ മറ്റാരും ഇല്ലെന്നതാണ് വാസ്‌തവം. അതിന്റെ തീവ്രത അറിയുന്തോറും പലരും ഞെട്ടും. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിൽ ഒന്നായ, പണക്കൊഴുപ്പിന്റെ വേദിയായ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുൻനിര ടീമുകളിൽ ഒന്നിന്റെ ഉടമയാണ് ഷാരുഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമാണ് ഷാരൂഖിന്റെ ഉടമസ്ഥതയിൽ ഉള്ളത്.
അതൊക്കെയും ചെറിയ നേട്ടങ്ങൾ മാത്രമാണെന്ന് മാത്രം. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അമ്പത്തിയൊമ്പതാം പിറന്നാൾ. ഈ ദിനത്തിൽ പോലും അദ്ദേഹത്തിന്റെ പേരിൽ വന്ന ആശംസകൾ പലപ്പോഴും ഞെട്ടിക്കുന്നതാണ്. ഐപിഎൽ ടീം മാത്രമല്ല, സ്വന്തമായി വലിയൊരു പ്രൊഡക്ഷൻ കമ്പനി അടക്കം ഷാരൂഖ് ഖാൻ ഈ കാലത്തിനിടയിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
റെഡ് ചില്ലീസ് എന്റർടൈൻമെന്റസ് എന്ന ഈ കമ്പനി നിരവധി വിജയ ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ രാജ്യത്തെ ഏറ്റവും മികച്ച വിഎഫ്എക്‌സ് സ്‌റ്റുഡിയോകളിൽ ഒന്നും എസ്ആർകെയുടെ കീഴിലാണ്. ബിസിനസിൽ വളരെയധികം താൽപര്യം കാട്ടിയിട്ടുള്ള ആൾ കൂടിയാണ് ഷാരൂഖ് ഖാൻ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ഇവക്കൊക്കെ പുറമെ മുംബൈയിലെ ആഡംബര വസതിയായ മന്നത്ത് കോടികൾ വിലമതിക്കുന്ന ഒന്നാണ്. അംബാനിയുടെ ആന്റിലിയ പോലെ ഒരു ഐക്കൺ ആയി ഈ വീട് ഇങ്ങനെ നിറഞ്ഞു നിൽക്കുന്നു. അടുത്തിടെ ലണ്ടനിൽ 200 കോടിയിൽ അധികം വില വരുന്ന ഓർ വീടും എസ്ആർകെ സ്വന്തമാക്കിയിരുന്നു.
ഇത് കൂടാതെ ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വില്ലകളും വസതികളും ഷാരുഖിന് ഉണ്ട്. കാർ ശേഖരത്തിലും ഷാരൂഖ് നിങ്ങളെ ഞെട്ടിക്കും. ബിഎംഡബ്ള്യു, റോൾസ് റോയ്‌സ്, മെഴ്‌സിഡസ്, ഔഡി, ബുഗാട്ടി, റേഞ്ച് റോവർ എന്നിവ കിംഗ് ഖാന്റെ ഗാരേജിലുണ്ട്. ഇതൊക്കെയും ചേരുന്നതോടെ താരത്തിന്റെ ആകെ ആസ്‌തി 7300 കോടിയോളം രൂപയായി മാറുന്നു. അത് ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ നടനായി താരത്തെ മാറ്റുന്നു.












Click it and Unblock the Notifications