ബിഗ് ബോസ് 4 നേയും 5 നേയും താരതമ്യം ചെയ്യാമോ? അതിന് അർഹതയില്ലെന്ന് ശാലിനി, എന്തുകൊണ്ട്?
മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ പ്രേക്ഷക പ്രീതിയില്‍ ഏറ്റവും കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നത് സീസണ്‍ 4 ആണെന്നാണ് പൊതുവെ പറയാറുള്ളത്. കേവലം പറച്ചിലിന് അപ്പുറം ടിആർപി റേറ്റിങ്ങുകളിലും സീസണ്‍ 4 മുന്നിലായിരുന്നു. ഏറെ നാടകീയത നിറഞ്ഞ സീസണ്‍ ആയിരുന്നു എന്നത് തന്നെയാണ് സീസണ്‍ 4 നെ ശ്രദ്ധേയമാക്കുന്നത്.
ജാസ്മിന്‍-റോബിന്‍ പോര്, വൈല്‍ഡ് കാർഡ് എന്‍ട്രിയായിട്ടുള്ള റിയാസിന്റെ കടന്ന് വരവ്, ജാസ്മിന്റെ സ്വയം പുറത്താകല്‍, റോബിനെ പുറത്താക്കല്‍ തുടങ്ങി ആദ്യ വനിത ബിഗ് ബോസ് വിജയിയായി ദില്‍ഷ എന്നത് വരെ സീസണ്‍ 4 ന്റെ പ്രത്യേകതകളാണ്. തുടക്കത്തില്‍ പുറത്തായ ശാലിനി മുതല്‍ അഖിലും സൂരജും നവീനും ലക്ഷ്മി പ്രിയയും ധന്യയും നിമിഷയും തുടങ്ങി പ്രകടന മികവില്‍ മുന്നിട്ട് നില്‍ക്കുന്ന ഒട്ടനവധി താരങ്ങളും സീസണ്‍ ഫോറിന്റെ സംഭാവനയാണ്.

സീസണ്‍ 5 ലേക്ക് വരുമ്പോള്‍ തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ ഏകദേശം പ്രവചനങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് മുന്നോട്ട് പോയത്. അഖില്‍ മാരാർ എന്ന മത്സരാർത്ഥിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ പോവുന്ന ഒരു താരം സീസണിലുണ്ടായിരുന്നില്ല. വിഷ്ണുവിനെ ഈ ഒരു തലത്തിലേക്ക് ആളുകള്‍ കണ്ടിരുന്നെങ്കിലും അദ്ദേഹം വേറൊരു രീതിയിലേക്കാണ് മത്സരത്തെ കൊണ്ടുപോയത്. ഒടുവില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തുന്നതിന് മുമ്പ് പുറത്താകുകയും ചെയ്തു.
പ്രേക്ഷകർക്ക് സീസണ്‍ 4 നേയും സീസണ്‍ 5 നേയും സംബന്ധിച്ച് ഇത്തരത്തില്‍ കൃത്യമായ അഭിപ്രായങ്ങളുണ്ട്. സീസണ്‍ 5 -ാണ് പ്രകടന മികവില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് പറയുന്നവരും കുറവല്ല. എന്നാല്‍ ഈ രണ്ട് സീസണുകളേയും താരതമ്യം ചെയ്യാമോയെന്ന് ചോദിച്ചാല്‍ സീസണ്‍ 4 താരമായ ശാലിനി നായർക്ക് വ്യത്യസ്തമായ ഉത്തരമാണ് ഉള്ളത്. ഇത്തരമൊരു താരതമ്യത്തിന് അർഹയായ വ്യക്തിയല്ല താനെന്നാണ് ശാലിനി പറയുന്നത്. അതിനുള്ള കാരണവും അവർ വ്യക്തമാക്കുന്നു.
സീസണ്‍ 4 ഉം സീസണ്‍ 5 ഉം തമ്മില്‍ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാനെന്നാണ് വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ശാലിനി പറയുന്നത്. സീസണ്‍ 4 ല്‍ അത്രയും വലിയ ഒരു അവസരം കിട്ടിയിട്ടും ഗെയിം എന്താണെന്ന് അറിയാതെ 21 ദിവസത്തിന് ശേഷം മടങ്ങേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാന്‍, എന്നതുകൊണ്ട് തന്നെ രണ്ട് സീസണുകളേയും താരതമ്യം ചെയ്യുന്നതിന് എനിക്ക് അർഹതയുണ്ടെന്ന് കരുതുന്നില്ലെന്നും ശാലിനി പറയുന്നു.
ഒരു വീട്ടിലേക്ക് അതിഥിയായി പോകുന്നത് പോലെയാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. നമ്മുടെ ഇമോഷന്‍സും അഭിപ്രായങ്ങളുമൊക്കെ അതുപോലെ പ്രകടിപ്പിച്ചു. എന്നാല്‍ ഗെയിമിനെ അതിന്റെ സ്പിരിറ്റില്‍ കാണണം. കൂടെയുള്ളവർ നമ്മളെ തോല്‍പ്പിക്കാന്‍ നില്‍ക്കുന്ന എതിരാളികള്‍ ആണെന്ന് മനസ്സിലാക്കാതെയായിരുന്നു ഞാന്‍ അവിടെ തുടർന്നതും.
അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ 5 വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. ബിഗ് ബോസ് സീസണ്‍ 4 ന് ശേഷം ബിഗ് ബോസ് താരം എന്ന് പേരിനോട് ചേർത്ത് മറ്റുള്ളവർ വിശേഷിപ്പിക്കുന്നത് തന്നെ പുതിയ അനുഭവമായിരുന്നു. അങ്ങനെയാണ് അടുത്ത സീസണിലെ താരങ്ങളെ കാണാന്‍ കാത്തിരിക്കുന്നത്. മറ്റ് സീസണിനെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും സീസണ്‍ 5 ല്‍ കണ്ടു. മുന്‍സീസണിലെ താരങ്ങളെ ചലഞ്ചേഴ്സായി കൊണ്ടുവന്ന നീക്കം ഏറെ മികച്ചതായിരുന്നുവെന്നും ശാലനി പറയുന്നു.












Click it and Unblock the Notifications