'ഷൈനിന് വേണ്ടി ഞാൻ മാപ്പ് പറഞ്ഞിട്ടില്ല, കണ്ണ് വീങ്ങി ഷൂട്ട് മുടങ്ങിയിട്ടുമില്ല'; വിൻസിയെ തള്ളി സംവിധായകൻ
ലഹരിക്കേസിൽ അറസ്‌റ്റിലായി ജാമ്യത്തിൽ വിട്ട നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് ഷൈൻ തന്നോട് മോശമായി പെരുമാറിയെന്ന സഹതാരം വിൻസി അലോഷ്യസ് നൽകിയ പരാതിയാണ് ഇതിനെല്ലാം തുടക്കമിട്ടത്. ഇതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾക്ക് ഒടുവിൽ ഷൈനിനെതിരെ മറ്റൊരു സംഭവത്തിൽ കേസെടുക്കുകയും പോലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
എന്നാൽ ഇപ്പോഴിതാ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നടി വിൻസിയെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് സൂത്രവാക്യം സിനിമയുടെ സംവിധായകൻ യൂജിൻ ജോസ് ചിറമ്മൽ. വിൻസി ഉന്നയിച്ച പല ആരോപണങ്ങളും യൂജിൻ തള്ളുകയും സെറ്റിലെ ഷൈനിന്റെ മോശം പെരുമാറ്റം മൂലം ഒരിക്കൽ പോലും ഷൂട്ട് മുടങ്ങിയില്ലെന്നുമാണ് പറഞ്ഞത്.

തീരുമാനിച്ചതിലും വേഗത്തിൽ ഷൂട്ട് പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും ഷൈനിന് വേണ്ടി താൻ വിൻസിയോട് മാപ്പ് പറഞ്ഞുവെന്ന അവകാശവാദം തീർത്തും തെറ്റാണെന്നും യൂജിൻ ജോസ് ചിറമ്മൽ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടയിലാണ് ഷൈൻ ടോം ചാക്കോയ്ക്ക് അനുകൂല നിലപാടുമായി സംവിധായകൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 18 ചാനലിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
'ഞാൻ ഷൈനിന് വേണ്ടി വിൻസിയോട് ക്ഷമ പറയേണ്ട സാഹചര്യം ഒന്നും അവിടെ ഉണ്ടായിട്ടില്ല. ഷൈൻ ലഹരി ഉപയോഗിച്ച് വരുന്നു എന്നൊന്നും ആരും പറഞ്ഞിട്ടില്ല. അതുപോലെ തന്നെ ആര് ഉപയോഗിച്ചിട്ടാണ് വരുന്നത് എന്നും പറഞ്ഞിട്ടില്ല. എന്റെ സെറ്റ് ലഹരി വിമുക്തമായിരുന്നു എന്ന് എനിക്ക് അറിയാം. ആരും ലഹരി ഉപയോഗിച്ചിട്ടുള്ള മനോഹരമായി അഭിനയിച്ചു തീർത്തത്. 45 ദിവസത്തെ ഷൂട്ടിംഗ് വെറും 39 ദിവസം കൊണ്ട് തീർന്നു' യൂജിൻ പറയുന്നു.
'അത് വളരെ കൃത്യമായി അച്ചടക്കത്തോടെയും കൃത്യതയോടെയും ചെയ്‌തത് കൊണ്ടും എന്റെ നടീ നടൻമാർ എന്നോട് നല്ല രീതിയിൽ സഹകരിച്ചത് കൊണ്ട് കൂടിയുമാണ് നടന്നത്. എന്റെ സെറ്റിൽ ഒരു ദിവസം പോലും ഷൂട്ട് മുടങ്ങിയിട്ടില്ല. ഞാൻ പറഞ്ഞല്ലോ 45 ദിവസത്തെ ഷൂട്ട് 39 ദിവസം കൊണ്ട് തീർത്തു, ഒരു ദിവസം പോലും ഷൂട്ട് മുടങ്ങിയിട്ടില്ല' സംവിധായകൻ അറിയിച്ചു.
നേരത്തെ തന്റെ സെറ്റിൽ നിന്ന് ഒരാൾ പോലും കരഞ്ഞുകൊണ്ട് പോയിട്ടില്ലെന്നും അവസാന ദിവസം ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ മാത്രമാണ് ആളുകൾ കരഞ്ഞതെന്നും സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്റേണൽ കംപ്ലയിൻറ് കമ്മിറ്റിക്ക് മുന്നിൽ വിൻസി അലോഷ്യസ് ഒരു പരാതിയും നൽകിയിരുന്നില്ലെന്നും സംവിധായകൻ യൂജിൻ ജോസ് ചിറമ്മൽ പറഞ്ഞിരുന്നു.
സിനിമയുടെ പ്രധാന അണിയറ പ്രവർത്തകരിൽ ആർക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെറ്റില്‍ ഷൈന്‍ ടോം ചാക്കോ മികച്ച രീതിയില്‍ വര്‍ക്ക് ചെയ്‌തിരുന്നെന്നും യൂജിന്‍ ജോസ് ചിറമ്മല്‍ പറഞ്ഞു. ഷൈൻ ടോം ചാക്കോ ഷൂട്ടിന് കൃത്യസമയത്ത് എത്തിയിരുന്നെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജോലിചെയ്‌തെന്നുമാണ് യൂജിൻ പറഞ്ഞത്.
ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു ആദ്യഘട്ടത്തിൽ വിൻസി അലോഷ്യസ് വെളിപ്പെടുത്തിയത്. പേര് പറയാതെയായിരുന്നു ഈ തുറന്നുപറച്ചിൽ. ഇതിന് പിന്നാലെ താരം സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകി. ഇതിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.
എന്നാൽ അവിടെ വിവാദം നിന്നില്ല. നേരത്തെ തന്നെ കൊക്കെയ്ൻ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഷൈനിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാവുകയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഡാൻസാഫ് സംഘം പരിശോധനക്ക് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഷൈൻ ഇറങ്ങിയോടുകയും ചെയ്‌തതോടെ താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു.












Click it and Unblock the Notifications