ചേച്ചി പഴയ ഓർമ്മകൾ മനസിലേറ്റി ഇപ്പോഴും കരയും; ബാലുവിന്റെ ഭാര്യയെ കുറിച്ച് ഇഷാൻ ദേവ്
പൊതുവെ സംഗീതജ്ഞർക്ക് വളരെയേറെ ബഹുമാനവും സ്നേഹവും നൽകുന്ന മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു വയലിനിസ്‌റ്റ് ബാലഭാസ്‌കർ. തന്റെ നിഷ്‌കളങ്കത കൊണ്ടും, പ്രതിഭ കൊണ്ടും മലയാളിയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ബാലുവിന്റ് മരണം അപ്രതീക്ഷിതമായിരുന്നു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു വാഹനാപകടത്തിൽ ബാലുവും മകളും ലോകത്തോട് വിടപറഞ്ഞപ്പോൾ അതിൽ ബാക്കിയായ ഒരാളുണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്‌മി. കഴിഞ്ഞ അഞ്ച് വർഷമായി ബാലുവിന്റെയും മകളുടെയും ഓർമ്മകളിൽ നീറി കഴിയുകയാണ് ലക്ഷ്‌മി.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ പല ദുരൂഹതകളും ഉടലെടുത്തിരുന്നു. ഒടുവിൽ അത് സിബിഐ അന്വേഷണം വരെ എത്തിയെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. എങ്കിലും സമൂഹ മാധ്യങ്ങളിൽ ഉൾപ്പെടെ ഇപ്പോഴും ലക്ഷ്‌മിക്കെതിരെ സൈബർ ആക്രമണം നിർബാധം തുടരുന്നു.
പ്രത്യേകിച്ച് ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുമ്പോൾ 'സത്യം അറിയാൻ അവർക്ക് രണ്ട് ചവിട്ട് കൊടുത്താൽ മതി', 'അവളെപ്പിടിച്ച് അകത്തിടണം' എന്നിങ്ങനെയുള്ള മോശം കമന്റുകൾ നിരന്തരം വരാറുണ്ട്.
ഇപ്പോഴിതാ അഞ്ച് വർഷമായി ലക്ഷ്‌മിയുടെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബാലുവിന്റെ അടുത്ത സുഹൃത്തായ ഇഷാൻ ദേവ്. ലക്ഷ്‌മിയെ ചേച്ചി എന്ന് വിളിക്കുന്ന ഇഷാൻ ദേവ് കഴിഞ്ഞ നാളുകളിൽ അവർ അനുഭവിച്ച കഷ്‌ടപ്പാടുകളെ കുറിച്ചും വെളിപ്പെടുത്തുന്നു.
തന്റെ ജീവിതം ഡിസൈൻ ചെയ്‌ത അധ്യാപകനായാണ് ബാലുവിനെ കാണുന്നതെന്നാണ് ഇഷാൻ പറയുന്നത്. അദ്ദേഹത്തെയും കുടുംബത്തെയും കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുമ്പോൾ താൻ ഭയങ്കരമായ രീതിയിൽ പ്രതികരിക്കാറുണ്ടെന്നും, ചിലപ്പോഴൊക്കെ നീയാരാടാ എന്ന ചോദ്യം ഉയരാറുണ്ടെന്നും, താനെത്ര വൈകാരികമായാണ് പ്രതികരിക്കുന്നതെന്ന് ആരും മനസിലാക്കുന്നില്ലെന്നും ഇഷാൻ ദേവ് ചൂണ്ടിക്കാണിക്കുന്നു.
മറ്റൊരാളുടെ വീട്ടില്‍ ഒരാള്‍ മരിച്ചാല്‍ ഞാന്‍ അടുത്തിരുന്നു അതെന്ത്, അങ്ങനെ, എന്ന് ചോദിച്ചാല്‍ അവര്‍ എങ്ങനെയാകും ഗ്രഹിക്കുക? എന്നാണ് ഇഷാന്റെ ചോദ്യം. അതേസമയം, തന്റെ കാലം വരെയും അദ്ദേഹത്തിന്റെ ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഇഷാന്‍ പറയുന്നു.
ലക്ഷ്‌മിയുടെ ഇപ്പോഴത്തെ നിലയെക്കുറിച്ചും ഇഷാൻ വാചാലനായി. 'ചേച്ചി നോർമലായി വരുന്നു. ഒരു പത്ത് മിനിറ്റ് സംസാരിച്ചാൽ പഴയ ഓർമ്മകൾ മനസിലേറ്റി നാലാമത്തെ മിനിറ്റിൽ കരയും. അതൊന്നും ഓർക്കേണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. ചേച്ചി വീണ്ടും കരയും' ഇഷാൻ പറഞ്ഞു.
അഞ്ച് വർഷമായി തങ്ങളിത് കണ്ടുകൊണ്ടിരിക്കുക ആണെന്നും, ലക്ഷ്‌മിക്ക് പഴയത് പോലെയൊരു ജീവിതത്തിലേക്കുള്ള മടക്കം പ്രയാസമായിരിക്കുമെന്നും ഇഷാൻ ചൂണ്ടിക്കാട്ടി.

സ്വന്തം ഭർത്താവും കുഞ്ഞും അവർക്ക് നഷ്‌ടപ്പെട്ടു, അതിന്റെ പിന്നാലെ കേസിൽ ക്രൂശിക്കപ്പെടുന്നു. എന്റെ ഭാര്യ അവർക്കൊപ്പം നിൽക്കാൻ ശ്രമിക്കാറുണ്ട്. അവരെ മനസിലാക്കുന്ന സുഹൃത്തുക്കളായി ഞങ്ങൾ ഒപ്പമുണ്ട്; ഇഷാൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications