Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽ മീഡിയക്ക് തീയിട്ട് മോഹൻലാലിന്റെ പുതിയ രൂപഭാവം; 'സ്ത്രൈണതയെ മനോഹരമായി അവതരിപ്പിച്ചു', വിമർശനവും

മലയാള സിനിമയുടെ മുഖമാണ് മോഹൻലാൽ എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എന്നാൽ ഏത് വ്യത്യസ്‌തമായ സമീപനം അദ്ദേഹം സ്വീകരിക്കുമ്പോഴും വിമർശനം ഉയരുന്നത് പതിവാണ്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗമാവുകയാണ് മോഹൻലാലിന്റെ പുതിയ സ്ത്രൈണഭാവവും അതുൾപ്പെടുന്ന പരസ്യവും ഒക്കെ. ഇറങ്ങി മണിക്കൂറുകൾക്ക് അകം ഇത് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ്.

ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ പരസ്യം സംവിധാനം ചെയ്‌തിരിക്കുന്നത്‌ മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'തുടരും' സിനിമയിലെ വില്ലൻ വേഷം കൈകാര്യം ചെയ്‌ത പ്രകാശ് വർമ്മയാണ് എന്നതാണ്. പ്രകാശ് വർമ്മയുടെ നിർവാണ പ്രൊഡക്ഷൻസ് നിർമ്മിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തിയതും കൈയ്യടി നേടുന്നതും.

mohanlalad

Courtesy: Screengrab From Vinsmera Jewels Ad

സാധാരണഗതിയിൽ സമൂഹത്തിൽ നിലനിന്നിരുന്ന സ്‌റ്റീരിയോടൈപ്പ് മാതൃകകളെ ഒന്നാകെ കടപുഴക്കി കൊണ്ടാണ് മോഹൻലാലിന്റെ പുതിയ രൂപഭാവം. സ്ത്രൈണതയുടെ അംശങ്ങൾ കൃത്യമായി പ്രതിഫലിപ്പിച്ച ഈ പരസ്യം എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഈ പരസ്യചിത്രം പങ്കിട്ടത്.

മോഹൻലാലിന്റെ സ്ത്രൈണ ഭാവം തന്നെയാണ് വീഡിയോയുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. കണ്ണാടിക്ക് മുൻപിൽ ആഭരണവും അണിഞ്ഞുകൊണ്ട് ഒരു നർത്തകിയുടെ അംഗചലനങ്ങൾ പോലെ സൂക്ഷ്‌മമായ ഭാവാഭിനയം കാഴ്‌ചവച്ച മോഹൻലാലിന്റെ പ്രശംസ കൊണ്ട് മൂടുകയാണ് താരത്തിന്റെ ആരാധകർ ഇപ്പോൾ. ഏതൊരു കഥാപത്രവും യാതൊരു മടിയും കൂടാതെ ചെയ്യുന്ന മോഹൻലാലിന്റെ ലാളിത്യമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

പ്രകാശ് വർമയുടെ സംവിധാനവും ആശയവും അതുപോലെ തന്നെ പ്രശംസിക്കപ്പെടുന്നുണ്ട്. മോഹൻലാലിനെ പോലെയൊരു സീനിയർ നടൻ ഇത്തരം വേഷങ്ങൾ പരസ്യത്തിന് വേണ്ടിയാണെങ്കിലും ചെയ്യാൻ തയ്യാറാവുന്നു എന്നതാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം. നടി ഖുശ്‌ബു ഉൾപ്പെടെയുള്ള താരങ്ങളും മോഹൻലാലിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

'മോഹൻലാല്‍ സാര്‍ റോക്കിംഗ്' എന്നാണ് പ്രമുഖ നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയും ഒക്കെയായി ഖുശ്‍ബു അഭിപ്രായപ്പെടുന്നത്. എല്ലാ പുരുഷൻമാരിലുമുള്ള സ്‍ത്രൈണതയെ അദ്ദേഹം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നും ഖുശ്‌ബു എടുത്തുപറയുന്നു. എന്തൊരു അവിശ്വസനീയമായ പരസ്യമാണ് ഇതെന്നും ഖുശ്‌ബു പറയുന്നുണ്ട്.

മോഹൻലാലിന് മാത്രം സാധിക്കുന്നത്, ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ് എന്നിങ്ങനെ ആരാധകർ വാനോളം പുകഴ്ത്തുകയാണ് മോഹൻലാലിനെ. ഇതൊരു പുതിയ തുടക്കമാണെന്നും മോഹൻലാൽ തന്നെ അതിന് വഴിയൊരുക്കിയെന്നും പറയുന്ന ആരാധകർ കുറവല്ല. ഇത്തരം വേഷങ്ങൾ കൂടുതൽ അഭിനേതാക്കൾ ചെയ്യാൻ മോഹൻലാൽ പ്രചോദനമാവുമെന്നും ചിലർ പറയുന്നു.

എന്നാൽ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമർശനവും ശക്തമാണ്. പണത്തിന് വേണ്ടി എന്തും കാണിക്കുന്ന നിലവാരത്തിലേക്ക് മോഹൻലാൽ തരംതാഴ്ന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ എന്ത് കോമാളിവേഷവും കെട്ടാൻ തയ്യാറാവുമെന്ന് വിമർശിച്ച ചിലർ പ്രകാശ് വർമ്മയെയും കുറ്റപ്പെടുത്തി. മോഹൻലാലിനെ എന്തിനാണ് ഇത്തരം വികൃതമായി ചിത്രീകരിക്കുന്നത് എന്നായിരുന്നു പ്രധാന ചോദ്യം.

ഇതിന് പിന്നാലെ മോഹൻലാൽ ആരാധകർ തന്നെ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്നാണ് ഒരുവിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. കൂടാതെ ഒരു നടനെ നിങ്ങൾ ആരാധിക്കുന്നു എന്ന് വച്ച് അദ്ദേഹം നിങ്ങളുടെ ഇഷ്‌ടത്തിന് ജീവിക്കണം, പെരുമാറണം എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. മുൻ ബിഗ് ബോസ് താരം റിയാസ് സലീം ഉൾപ്പെടെ വീഡിയോ പങ്കുവച്ച് രംഗത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+