'താര കല്യാണിന് അത് വലിയ ഷോക്കായിരുന്നു, ആ ഫോട്ടോ അടർത്തിയെടുത്ത് ചിലർ മോശം പ്രചാരണം നടത്തി'; ആലപ്പി അഷ്‌റഫ്
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും നർത്തകിയും ഒക്കെയാണ് താര കല്യാൺ. ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു താര കല്യാൺ. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തിയിരുന്നതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അമ്മയായ നടി സുബ്ബലക്ഷ്‌മിയും മകൾ സൗഭാഗ്യയും ഒക്കെ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതമായിരുന്നു.
ഈ കുടുംബത്തിന് ഒട്ടേറെ ഫാൻസുണ്ട് സോഷ്യൽ മീഡിയയിൽ. അടുത്തിടെയാണ് താര കല്യാണിന്റെ മാതാവ് സുബ്ബലക്ഷ്‌മി അമ്മ മരണപ്പെട്ടത്. ആ സമയത്തും സോഷ്യൽ മീഡിയ അവർക്കൊപ്പം നിന്നിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ അവരും കുടുംബവും വിവാദങ്ങളിലും ചെന്ന് പെട്ടിരുന്നു. കടുത്ത വിമർശനവും ചിലർ ഉന്നയിക്കുകയുണ്ടായി.

ഇപ്പോഴിതാ താര കല്യാണും കുടുംബവും പലപ്പോഴായി നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ഭർത്താവ് മരിച്ചപ്പോൾ അവർ പറഞ്ഞ വാക്കുകൾ പോലും അനാവശ്യ വിവാദത്തിനായി ചിലർ ഉപയോഗിച്ചെന്നും വളരെ കഷ്‌ടപെട്ടാണ് അവർ ആ കുടുംബത്തെ മുന്നോട്ട് കൊണ്ട് പോയതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
സുബ്ബലക്ഷ്‌മിയമ്മാളിന്റെ ജീവിതത്തെ കുറിച്ച് പറയുമ്പോൾ സകല പ്രതിസന്ധികളെയും തരണം ചെയ്‌ത് ഒറ്റയ്ക്ക് പൊരുതി ജീവിത വിജയം നേടിയ അപൂർവ കലാകാരി എന്നാണ് പറയേണ്ടത്. മകളായ താര കല്യാണും കൊച്ചുമകളായ സൗഭാഗ്യയും അവരുടെ പാത പിന്തുടരുകയാണ് ചെയ്‍തത്. നമ്മുടെ സഹജീവികളിൽ ചിലർ എത്ര ക്രൂരന്മാർ ആണെന്ന് ഓർക്കുന്നത് ഇവർ അനുഭവിക്കേണ്ട കാര്യങ്ങൾ കാണുമ്പോഴാണ്.
ഒരു സമ്പൂർണ താര കുടുംബമെന്ന് നമുക്കിവരെ നിസംശയം വിശേഷിപ്പിക്കാം. മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുകയോ വ്യൂവേഴ്‌സിനെ കൂട്ടാനായി സംസ്‌കാര ശൂന്യമായ യാതൊരു കണ്ടന്റും ഇവരുടെ വീഡിയോകളിൽ നമുക്ക് കാണാൻ കഴിയില്ല. മുപ്പത്തിയഞ്ചാമത്തെ വയസിൽ ഉണ്ടായ അപകടത്തിലാണ് സുബ്ബലക്ഷ്‌മി അമ്മയ്ക്ക് പല്ലുകൾ നഷ്‌ടമായത്, അന്ന് അവർക്ക് ആ പല്ലുകൾ വയ്ക്കാൻ കഴിയാതിരുന്നത് സാമ്പത്തിക പ്രശ്‌നം കൊണ്ട് മാത്രമാണ്.
പലപ്പോഴും തനിക്ക് സാധിക്കാതെ പോയ സ്വപ്‌നങ്ങളാണ് മകൾ താര കല്യാണിലൂടെ സുബ്ബലക്ഷ്‌മി അമ്മ നേടിയത്. താര കല്യാൺ ഇന്ന് തന്റെ ഡാൻസ് സ്‌കൂളിലൂടെ നിരവധി കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നു. ഭർത്താവിന്റെ പെട്ടെന്നുണ്ടായ വിയോഗം താര കല്യാണിന് വലിയ ഷോക്കായിരുന്നു. ആ വിയോഗം നൽകിയ വേദന വിട്ടുമാറും മുമ്പ് സൈബർ ഇടങ്ങളിൽ നിന്ന് അവർക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നു.
ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ഭർത്താവ് മരിച്ചശേഷമാണ് താൻ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്ന് അവർ പറഞ്ഞിരുന്നു. അത് പക്ഷേ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കി. തന്റെ ഉത്തരവാദിത്തങ്ങൾ ചെയ്‌തു തീർക്കാനുള്ള തിരക്കിനിടയിൽ സ്വയം ജീവിക്കാൻ മറുന്നുവെന്നാണ് അവർ ഉദ്ദേശിച്ചത്.
അങ്ങനെ മറ്റൊരു സമയത്ത് താരയുടെ മകളുടെ വിവാഹ വീഡിയോ പുറത്ത് വന്നപ്പോൾ മരുമകനുമായി ചേർന്ന് നിൽക്കുന്ന ഫോട്ടോ അടർത്തിയെടുത്ത് പ്രചരിപ്പിച്ച് മോശം വ്യാഖ്യാനം നൽകി സോഷ്യൽ മീഡിയയിലെ ഞാറമ്പാന്മാരുടെ കൂട്ടായ്‌മ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. അതുകണ്ട് താര കല്യാൺ നടത്തിയ പ്രതികരണവും ഉള്ളുലഞ്ഞ നിലവിളിയും മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നതായിരുന്നു.
തങ്ങൾക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ എല്ലാം അവൾക്ക് കിട്ടണമെന്ന് ആഗ്രഹിച്ചാണ് മകൾക്ക് അവർ സൗഭാഗ്യ എന്ന പേരിട്ടത്. അവർ പകർന്നു നൽകിയ ധൈര്യവും സ്വഭാവഗുണവും ഒക്കെ അവളുടെ ഓരോ വാക്കിലും പ്രവൃത്തിയിലും നമുക്ക് വായിച്ചെടുക്കാവുന്നതാണ്. എപ്പോഴും സന്തോഷിച്ചും രസിച്ചും കളിച്ചും നടക്കുന്ന ഈ കുടുംബത്തിന് എല്ലാവിധ സൗഭാഗ്യങ്ങളും നേരുന്നു.












Click it and Unblock the Notifications