രണ്ട് മതങ്ങളിൽപെട്ടവർ, ഏഴ് വർഷത്തെ പ്രണയം; ഒടുവിൽ രജിസ്‌റ്റർ വിവാഹം ചെയ്‌ത് സൊനാക്ഷിയും സഹീറും
ബോളിവുഡിലെ പ്രമുഖ നടിയായ സൊനാക്ഷി സിൻഹ വിവാഹിതയായി. കാമുകനും പ്രമുഖ നടനുമായ സഹീർ ഇഖ്ബാലാണ് വരൻ. വർഷങ്ങളായി ഇരുവരും ഡേറ്റിങില്‍ ആയിരുന്നു. ഞായറാഴ്‌ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹ ചടങ്ങ് നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മുപ്പത്തിയേഴുകാരിയായ സൊനാക്ഷി സിൻഹയും മുപ്പത്തിയഞ്ചുകാരനായ സഹീർ അബ്ബാസും ഏഴ് വർഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടർന്നാണ് ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചത്. ഇരുവരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം.

വിവാഹ ശേഷം സൊനാക്ഷി മതം മാറുമോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപറത്തി കൊണ്ടാണ് യാതൊരു വിധ മതപരമായ ചടങ്ങുകളും കൂടാതെ സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇരുവരും വിവാഹിതരായത്. എംപിയും നടനുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി.
തൃണമൂൽ കോൺഗ്രസ് നേതാവായ അദ്ദേഹം തന്നെ അഭ്യൂഹങ്ങൾ എല്ലാം നീക്കിയിരുന്നു. തന്റെ മകൾക്ക് യോജിച്ച വരനെ അവൾ തന്നെ കണ്ടെത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഹീറിന്റെ വീട്ടുകാരും വിവാഹത്തിന് പൂർണ സമ്മതം മൂളിയിരുന്നു. വിവാഹ ചടങ്ങുകൾ ഒട്ടും ആഡംബരമില്ലാതെയാണ് നടന്നതെന്നതും ശ്രദ്ധേയമാണ്.
സാധാരണ ബോളിവുഡ് വിവാഹങ്ങൾ സിനിമയേക്കാൾ ചിലവേറിയതാവാറാണ് പതിവ്. എന്നാൽ ഇത് തെറ്റിച്ചു കൊണ്ടാണ് സൊനാക്ഷിയും സഹീറും ഒരുമിച്ച് ജീവിതം ആരംഭിച്ചത്. വിവാഹ ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ കുറിപ്പുപ്പും സൊനാക്ഷി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഓഫ്-വൈറ്റ് വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്.
ഞായറാഴ്‌ചത്തെ ആഘോഷങ്ങൾക്ക് മുമ്പ്, ദമ്പതികൾ ജൂൺ 20ന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഒരു ഇൻഡോർ പാർട്ടിയും ജൂൺ 21ന് മെഹന്ദി ചടങ്ങും സംഘടിപ്പിച്ചിരുന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദബാങിലൂടെ ആയിരുന്നു സൊനാക്ഷിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഡബിൾ എക്‌സ്എൽ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
അതേസമയം, വിവാഹത്തിന് പിന്നാലെ മുംബൈയിൽ വലിയ രീതിയിൽ റിസപ്‌ഷൻ നടന്നിരുന്നു. ബാസ്‌റ്റിയാനിലാണ് ആഘോഷം നടന്നത്, ഏകദേശം 1000 പേർ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ബോളിവുഡിലെ വൻ താരങ്ങൾ ഉൾപ്പെടെ പലരും ആഘോഷത്തിന് എത്തിയിരുന്നു. സൽമാൻ ഖാൻ, കജോൾ എന്നിവർ ഉൾപ്പെടെ ചടങ്ങിനെത്തി.
അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളായ അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും ചടങ്ങിനെത്തി. മുതിർന്ന താരം രേഖ, ആദിത്യ റോയ് കപൂർ, അനിൽ കപൂർ, നടി തബു, സൊനാക്ഷിയുടെ അടുത്ത് സുഹൃത്ത് കൂടിയായ ഹുമ ഖുറേഷി, രവീണ ടണ്ടൻ, പ്രശസ്‌ത ഗായകൻ ഹണി സിംഗ് എന്നിവരും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ എത്തിയവരിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications