'ആ കാര്യത്തിൽ എനിക്ക് മലയാള സിനിമയോട് അസൂയയുണ്ട്'; കാരണം തുറന്ന് പറഞ്ഞ് എസ്എസ് രാജമൗലി
മലയാളത്തിലെ യുവതാരങ്ങൾ ഒന്നിച്ച പ്രേമലു എന്ന ചിത്രം സൂപ്പർഹിറ്റ് വിജയത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം നൂറ് കോടി എന്ന മാജിക് നമ്പറിലേക്ക് എത്തിയത്. അതിനിടയിൽ ചിത്രം തെലുഗിൽ വലിയ അഭിപ്രായമാണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. അടുത്തിടെ സൂപ്പർസ്‌റ്റാർ മഹേഷ് ബാബു, സംവിധായകൻ എസ്എസ് രാജമൗലി എന്നിവർ ചിത്രത്തെ പുകഴ്ത്തി പറഞ്ഞിരുന്നു. അതിനിടയിൽ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങിൽ രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.
ഹൈദരാബാദിൽ നടന്ന പ്രേമലുവിന്റെ തെലുഗു വേർഷന്റെ സക്‌സസ് സെലിബ്രേഷന് ഇടയിലായിരുന്നു രാജമൗലിയുടെ വാക്കുകൾ. മലയാള സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്‌ടിക്കുന്നുവെന്ന കാര്യം ഞാൻ സമ്മതിക്കുന്നു എന്നായിരുന്നു രാജമൗലിയുടെ പറഞ്ഞത്. നസ്‌ലൻ, മമിത തുടങ്ങിയ താരങ്ങളെ വേദിയിൽ നിർത്തിയായിരുന്നു രാജമൗലിയുടെ പ്രസംഗം.

'മലയാളം ഫിലിം ഇൻഡസ്ട്രി മികച്ച അഭിനേതാക്കളെ സൃഷ്‌ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്" എന്നായിരുന്നു രാജമൗലി പറഞ്ഞത്. നേരത്തെ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെ പങ്കെടുത്ത ഒരു റൗണ്ട് ടേബിൾ ചർച്ചയിലും രാജമൗലി മലയാള സിനിമയിലെ അഭിനേതാക്കളെയും, സാങ്കേതിക പ്രവർത്തകരെയും പുകഴ്ത്തിയിരുന്നു.
ഇതിന് മമിത ബൈജുവിനെ സായ് പല്ലവിയുമായും ഗീതാഞ്ജലിയുമായും താരതമ്യം ചെയ്‌തുകൊണ്ട് താരം തലത്തിൽ ശ്രദ്ധ നേടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും രാജമൗലി പങ്കുവച്ചു. റൊമാന്റിക് കോമഡി ചിത്രങ്ങളുടെ ആരാധകൻ ആയിരുന്നില്ല താനെന്നും, എന്നാൽ പ്രേമലു ചിരിമേളമാണ് ഒരുക്കിയതെന്നും രാജമൗലി ചൂണ്ടിക്കാട്ടി.
രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയയിരുന്നു തെലുങ്കിൽ പ്രേമലുവിന്റെ ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയത്. വളരെ നല്ല പ്രമോഷൻ പരിപാടികളോടെ തന്നെയാണ് സിനിമ അവിടെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാർച്ച് 8നാണ് തിയേറ്ററുകളിലെത്തിയത്. മലയാളത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ ചിത്രം കളക്ഷൻ സ്വന്തമാക്കിയിരുന്നു.
അടുത്തിടെ പ്രേമലു കണ്ട് നടൻ മഹേഷ് ബാബുവും ചിത്രത്തെ പ്രശംസിച്ചിരുന്നു. 'ഒരു സിനിമ കണ്ട് ഞാൻ ഇതിനുമുൻപ് ഇത്രയധികം ചിരിച്ചത് എന്നാണെന്ന് ഓർക്കുന്നില്ല' എന്നായിരുന്നു മഹേഷ് ബാബുവിന്റെ കുറിപ്പിൽ പറയുന്നത്.
നസ്‌ലൻ കെ ഗഫൂർ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗിരീഷ് എഡി ഒരുക്കിയ ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തിൽപെടുന്ന ഒന്നായിരുന്നു. പത്ത് കോടിയിൽ താഴെ ബജറ്റിൽ ഒരുക്കിയ ചിത്രം മുടക്കുമുതലിനേക്കാൾ എത്രയോ ഇരട്ടി കളക്ഷനാണ് നേടിയത്. തമിഴ്‌നാട്ടിൽ മാർച്ച് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications