'സ്‌ക്രീനിൽ കാണുന്നതെല്ലാം അന്ധമായി വിശ്വസിക്കരുത്..'; കുട്ടികളെ പറഞ്ഞുപഠിപ്പിക്കണമെന്ന് സണ്ണി ലിയോണി...
രൺബീർ കപൂർ നായകനായി കഴിഞ്ഞ വർഷത്തെ വമ്പൻ പണംവാരി പടമായ അനിമൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടി സണ്ണി ലിയോണി. ഏത് സിനിമ കാണണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാണികൾക്കുണ്ടെന്നും എന്നാൽ രക്ഷകർത്താക്കൾ സിനിമയെന്ത് എന്നതിനെ കുറിച്ച് കുട്ടികൾക്ക് മാർഗനിർദേശം നൽകേണ്ടത് അനിവാര്യമാണെന്നും സണ്ണി ലിയോണി പറയുന്നു.
"സിനിമകളെക്കുറിച്ചുള്ള നല്ല കാര്യം, നമുക്ക് കാണാനും കാണാതിരിക്കാനും ഒരു ഓപ്ഷൻ ഉണ്ട് എന്നതാണ്. എന്നാൽ ഞാൻ വിശ്വസിക്കുന്നത് ഇതൊരു സൈക്കിൾ പോലെയാണ്, എല്ലാം തിരികെ വരുന്നു എന്നതാണ് കാര്യം. സിനിമയ്ക്ക് വളരെ മോശം സമയം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആളുകൾ കാണാൻ തയ്യാറാണ്. സിനിമ തിയേറ്ററുകളിലേക്ക് മടങ്ങാനും ടിക്കറ്റുകൾ വാങ്ങാനും കുടുംബത്തോടൊപ്പം സമയം ആസ്വദിക്കാനും അവർ ഒരുങ്ങുന്നു." നടി ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ആനിമലിന്റെ വിജയത്തെ പിന്തുണച്ച സണ്ണി, പ്രേക്ഷകർക്ക് എന്ത് സിനിമ കാണണമെന്ന സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും ചൂണ്ടിക്കാട്ടി. 'ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അതുപോലെ തന്നെ ചില എഴുത്തുകളോടും കഥകളോടും നമ്മൾ എപ്പോഴും യോജിക്കണമെന്നില്ല. അത് റൈറ്ററുടെ ഇഷ്‌ടമാണ്' സണ്ണി ലിയോണി പറഞ്ഞു.
ബിഗ് സ്ക്രീനിൽ കാണുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്നും സണ്ണി വ്യക്തമാക്കി. കുട്ടികൾ ഇത്തരം ഉള്ളടക്കം കാണുന്നില്ലെന്ന് മാതാപിതാക്കൾ എങ്ങനെ ഉറപ്പുവരുത്തണമെന്നും, അല്ലെങ്കിൽ അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് തമ്മിലുള്ള വ്യത്യാസം കുട്ടികൾ അറിയണമെന്നും സണ്ണി ലിയോണി തന്റെ അഭിപ്രായത്തിൽ രേഖപ്പെടുത്തി.
"കുട്ടികൾ ഇത് കാണുന്നുണ്ടെങ്കിൽ നമ്മുടെ കുടുംബങ്ങളും സുഹൃത്തുക്കളും മാതാപിതാക്കളും ഒരു പടി മുന്നോട്ട് പോകേണ്ടതുണ്ട്. 'ഇത് കെട്ടുകഥയാണ് അല്ലെങ്കിൽ ഇത് യാഥാർത്ഥ്യമാണ്' എന്ന് പറഞ്ഞു കൊടുക്കൂ. ജീവിതം യഥാർത്ഥത്തിൽ എങ്ങനെയായിരിക്കണമെന്ന് നമ്മുടെ കുട്ടികളെയും ചെറിയ പെൺമക്കളെയും ആൺമക്കളെയും പഠിപ്പിക്കണം" സണ്ണി ലിയോണി കൂട്ടിച്ചേർത്തു.
അതേസമയം, 900 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് അനിമൽ എന്ന ചിത്രം നേടിയെടുത്തത്. കൂടാതെ നിരൂപകരുടെ ഭാഗത്ത് നിന്ന് വൻ വിമർശനവും ചിത്രം ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ കഥാപാത്ര സൃഷ്‌ടി തന്നെയായിരുന്നു പലരും എടുത്തു കാട്ടിയത്. ചിത്രത്തെ ചിലർ പ്രശംസിച്ചപ്പോഴും വലിയൊരു വിഭാഗം പ്രേക്ഷകരും ചിത്രം മുന്നോട്ട് വച്ച കണ്ടന്റിനെ വിമർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications