'വടക്കൻ വീരഗാഥ സമയത്ത് എംടി സാർ ഒരുപാട് വെള്ളം കുടിപ്പിച്ചു..'; അനുഭവം പങ്കുവച്ച് സുരേഷ് ഗോപി
മലയാളത്തിൽ സൂപ്പർ താരങ്ങളുടെ പട്ടിക എടുത്താൽ എന്നും മോഹൻലാൽ, മമ്മൂട്ടി എന്നീ പേരുകൾക്ക് ശേഷം വരുന്നത് സുരേഷ് ഗോപിയാണ്. ഇടക്കാലത്ത് തന്റെ സിനിമകൾക്ക് ചെറിയ ഇടവേള നൽകിയ താരം രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഇപ്പോഴിതാ മുൻനിര സംവിധായകർക്ക് ഒപ്പമുള്ള പഴയകാല ഓർമ്മകളും, മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ ഒരു വടക്കൻ വീരഗാഥ സമയത്ത് എംടി വാസുദേവൻ നായർ തന്ന ഉപദേശങ്ങളും പങ്കുവച്ച സുരേഷ് ഗോപിയുടെ പഴയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വടക്കൻ വീരഗാഥ സമയത്താണ് തന്റെ ഡയലോഗ് ഡെലിവറി, ഉച്ചാരണ ശുദ്ധി എന്നിവയിൽ പ്രകടമായ മാറ്റമുണ്ടായതെന്നാണ് സുരേഷ് ഗോപി പറയുന്നത്. ദി ക്യൂവിൽ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ ആക്ഷൻ സൂപ്പർതാരം. വടക്കൻ വീരഗാഥ ഡബ്ബിങ് സമയത്ത് എംടി സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നും സുരേഷ് ഗോപി വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കാർക്കശ്യം ഗുണം ചെയ്‌തെന്നും താരം പറയുന്നു.

'ഞാൻ ബാര്യ എന്നാണ് പറഞ്ഞിരുന്നത്. പിന്നെ എന്നെ ഇരുത്തി പഠിപ്പിക്കുകയായിരുന്നു. മൈക്കിൽ ചെന്ന് നിന്ന് പറയുമ്പോൾ വീണ്ടും തിരുത്തും. അന്ന് പറഞ്ഞൊപ്പിക്കാൻ ഒരുപാട് സ്ട്രഗിൾ ചെയ്‌തു. എന്നെ വെള്ളം ശരിക്കും കുടിപ്പിച്ചു കളഞ്ഞു.' സുരേഷ് ഗോപി തന്റെ അനുഭവം പങ്കുവച്ചു. പിന്നീട് അതിനോട് ചേർന്ന് നിൽക്കാൻ താൻ ശീലിച്ചെന്നും താരം പറയുന്നു.
'പിന്നെ ഞാൻ അഡാപ്റ്റഡ് ആയി. രഞ്ജിയും കൂടി വന്നതോടെ എന്റെ ശബ്‌ദപ്രഷാളനം നടത്തി. എന്റെ തൊണ്ടയെ പോസ്‌റ്റുമോർട്ടം ചെയ്‌തു, കുറച്ചൊക്കെ സാധിക്കുമെന്ന് കണ്ടപ്പോൾ മലയാളത്തിൽ അങ്ങനെ അധികം ഉപയോഗിക്കാത്ത ഡയലോഗുകൾ ഒക്കെ വന്നുതുടങ്ങി' സുരേഷ് ഗോപി പറയുന്നു.
സംവിധായകൻ ജോഷിയെ കുറിച്ചുള്ള അനുഭവങ്ങളും സുരേഷ് ഗോപി പങ്കുവച്ചു. ജോഷി വളരെയധികം ഇമോഷണലായ വ്യക്തി ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ' ഒരു ഇമോഷണൽ ബീസ്‌റ്റ് ആണ് ജോഷിയേട്ടൻ. ഷൂട്ട് ചെയ്‌തു കൊണ്ടിരിക്കുമ്പോ പോലും കരയും. കണ്ണു തുടച്ചുകൊണ്ടായിരിക്കും പല സീനുകളും പൂർത്തിയാക്കുക. ലേലം രണ്ടാം ഭാഗത്തെ കുറിച്ച് കേട്ടിരുന്നു എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയില്ല.'
'ഹൈവേ രണ്ടാം ഭാഗം ഒരിക്കലും ഒരു സീക്വൽ അല്ലെന്നും നടൻ പറയുന്നു. ' അന്ന് മാഡ് മാക്‌സ് ചിത്രങ്ങൾ കണ്ട് ആവേശം കയറി എടുത്ത ചിത്രമാണത്. അതുപോലെ ഒരു ഹൈവേ മൂവി വേണമെന്ന് കരുതി. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് അത്തരത്തിൽ ചെയ്യാൻ പറ്റിയില്ല. എന്നാൽ തെലുങ്കിൽ അത് വലിയ ഹിറ്റായിരുന്നു' സുരേഷ് ഗോപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications