"സുരേഷ് ഗോപി വിചാരിക്കുന്നത് തൃശൂരിൽ ഉള്ളവർ എല്ലാം മണ്ടൻമാർ ആണെന്ന്, മൈക്ക് കണ്ടാൽ വച്ച് കാച്ചുകയാണ്"
മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർതാരമായി കണക്കാക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഒരുകാലത്ത് വമ്പൻ ഹിറ്റുകൾ സമ്മാനിച്ച താരം ദേശീയ പുരസ്‌കാരം ഉൾപ്പെടെ നേടി തന്റെ മികവ് തെളിയിച്ചിരുന്നു. എന്നാൽ അടുത്തകാലത്തായി സിനിമയിൽ നിന്ന് മാറി നിന്നുകൊണ്ട് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് അദ്ദേഹം. നിലവിൽ കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമാണ് സുരേഷ് ഗോപി.
എന്നാൽ മന്ത്രിസ്ഥാനത്ത് എത്തിയതിന് ശേഷം പല കോണുകളിൽ നിന്ന് അദ്ദേഹത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയും വാക്കുകളും ഒക്കെ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു. അടുത്തിടെ തന്റെ മണ്ഡലമായ തൃശൂരിൽ നടന്ന കലുങ്ക് സമ്മേളനം എന്ന പരിപാടിയുടെ പേരിൽസുരേഷ് ഗോപി ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തെ വിമർശിക്കുകയാണ് സംവിധായകൻ കൂടിയ ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ
എന്ത് പറ്റി ഈ സുരേഷ് ഗോപിക്ക് എന്നാണ് ഞാൻ ചിന്തിക്കുന്നത്. അദ്ദേഹത്തെ ഞാൻ കാണാൻ തുടങ്ങിയിട്ട് ഏകദേശം മുപ്പത്തിയഞ്ചോ നാൽപതോ വർഷങ്ങൾ ആയി. ഒരു കുഴപ്പവും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു. അദ്ദേഹം കരുണാകരന്റെ സപ്‌തതിക്ക് ആഹാരം വിളമ്പാൻ നടക്കുമ്പോൾ ആയാലും മലമ്പുഴയിൽ വിഎസിന്റെ പ്രചാരണം നടക്കുമ്പോൾ ജീപ്പിൽ അനുവാദമില്ലാതെ വലിഞ്ഞു കേറിയതായാലും വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു, ബിജെപിയിൽ പോയപ്പോൾ ആയാലും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.
കേരളത്തിൽ ഞാൻ അല്ലാതെ വേറൊരു അൽപ്പൻ ഉണ്ടാവരുത് എന്ന് തോന്നുന്ന രീതിയിൽ എന്തൊക്കെ കള്ളങ്ങളാണ് ഈ മനുഷ്യൻ പറയുന്നതെന്ന് ആലോചിച്ചു നോക്കിയേ. കലുങ്ക് സമ്മേളനം, തേങ്ങാ സമ്മേളനം എന്നൊക്കെ പറഞ്ഞ് ഒരു കലുങ്കിൽ കയറി ഇരുന്ന് എന്തൊക്കെ വങ്കത്തരങ്ങളാണ് പറയുന്നതെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. ശബരിമലയിൽ സ്വർണപ്പാളി കാണാതായ വാർത്ത മുക്കാനാണ് ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇഡി, കസ്‌റ്റംസ് റെയ്‌ഡ് നടന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഈ കലുങ്ക് സമ്മേളനത്തിലാണ് പറയുന്നത്. നമ്മൾ മണ്ടത്തരങ്ങൾ പറയുന്ന ആളുകളെ പൊട്ടൻ എന്ന് വിളിക്കാറുണ്ട്, അതിലും കൂടുതൽ ഐറ്റങ്ങൾ പറയുന്നവരെ നമ്മൾ മരപൊട്ടൻ എന്ന് വിളിക്കാറുണ്ട്. പക്ഷേ, അതിനും അപ്പുറം ആയാൽ എന്ത് വിളിക്കും എന്നുള്ളതാണ് ചോദ്യം. കസ്‌റ്റംസ് ആയാലും ഇഡി ആയാലും കേന്ദ്ര സ്ഥാപനങ്ങളാണ് എന്ന സാമാന്യ വിവരം പോലും ഇല്ലാത്ത ആളൊന്നുമല്ല സുരേഷ് ഗോപി. എന്നാലും മൈക്ക് കിട്ടിയാൽ വച്ച് കാച്ചുന്നത് ഇങ്ങനെ ഒക്കെയാണ്.
എനിക്ക് തോന്നുന്നത് തൃശൂരിൽ ഉള്ളവർ മണ്ടന്മാർ ആണെന്നാണ് പുള്ളി വിചാരിക്കുന്നത്. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ പറയുമോ? കസ്‌റ്റംസിനെയും ഇഡിയെയും ഒക്കെ ഇറക്കി ഇഡി കളിക്കുന്നുവെന്ന്. അതും ഇടതുപക്ഷക്കാരായി നടക്കുന്ന മമ്മൂട്ടിയുടേയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും ഒക്കെ വീട്ടിൽ റെയ്‌ഡ് നടത്തുന്നുവെന്ന്, ശബരിമലയിലെ വാർത്ത മുക്കാൻ.
ഇവരുടെ ഒക്കെ പുറകെ ഈ അന്വേഷണ ഏജൻസികൾ നടക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി സുരേഷ് ഗോപീ. ഇപ്പോൾ മമ്മൂട്ടിയുടെ വീട്ടിലും കയറി. നിങ്ങളുടെ നെഞ്ചിലെ കല്ലിറങ്ങട്ടെ എന്ന് ഞാൻ പറയും. 200 വിദേശ കാറുകൾ ഭൂട്ടാനിൽ നിന്ന് ആക്രി വിലയ്ക്ക് വാങ്ങി ഇന്ത്യയിൽ വന്ന് വിറ്റു. അത് ബിഗ് ഷോപ്പറിൽ കടത്തിയതാവും, അല്ലാതെ ആരും അറിയാതെ എങ്ങനെ കടത്തും. അതിർത്തിയിൽ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരും പട്ടാളവും ഒന്നും അറിഞ്ഞില്ല.
അവയിൽ കുറച്ച് കാറുകൾ കേരളത്തിൽ എത്തിയെന്ന് പറയുന്നു. ബാക്കി കാറുകൾ മറ്റ് സംസ്ഥാനങ്ങളിലാണ്. അവിടെയൊന്നും അന്വേഷണമില്ല. അതൊക്കെ രാജ്യസ്നേഹികളുടെ സംസ്ഥാനങ്ങൾ ആയതിനാൽ. പക്ഷേ സുരേഷ് ഗോപി സാർ പറയുന്നത് ഇത് സംസ്ഥാന സർക്കാരിന്റെ കളിയാണെന്നാണ്. ഇത്രയും തൊലിക്കട്ടി അദ്ദേഹത്തിന് മുൻപ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ മക്കളും അക്കാര്യം ഓർക്കണം. അതുകൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്.












Click it and Unblock the Notifications