തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് 48ാം വയസിൽ
ചെന്നൈ: പ്രമുഖ തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ കാഖ കാഖയിൽ സൂര്യക്കൊപ്പവും, വേട്ടയാട് വിളയാടിൽ കമൽ ഹാസനൊപ്പവും ചെയ്‌ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. വില്ലൻ വേഷങ്ങളിലും, സ്വഭാവ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടനായിരുന്നു ഡാനിയേൽ ബാലാജി.
48-ാം വയസിലാണ് കലാലോകത്ത് ഒട്ടേറെ ഓർമ്മകൾ ബാക്കിയാക്കി താരം മടങ്ങിയത്. കടുത്ത നെഞ്ചുവേദനയെത്തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാനിയേൽ ബാലാജി അവിടെ വച്ചാണ് മരണപ്പെട്ടത്. ശവസംസ്‌കാര ചടങ്ങുകൾ ശനിയാഴ്‌ച നടക്കും, മൃതദേഹം പുരസൈവാക്കിലെ വസതിയിൽ സംസ്‌കരിക്കും.

തമിഴിൽ മാത്രമല്ല മലയാള സിനിമയിൽ ഉൾപ്പെടെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തുകൊണ്ട് കൈയ്യടി നേടിയ താരമായിരുന്നു ഡാനിയേൽ ബാലാജി. കമൽഹാസന്റെ നടക്കാതിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്ന 'മരുതനായഗം' എന്ന സിനിമയുടെ സെറ്റിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്.
പിന്നീട് ടെലിവിഷൻ സീരിയലായ ചിത്തിയിലൂടെയാണ് അഭിനയത്തിലെ അരങ്ങേറ്റം. ഇവിടെ നിന്നാണ് ഡാനിയേൽ ബാലാജി തന്റെ കരിയർ തുടങ്ങിയത്. പിന്നീട് സൂര്യ നായകനായി തെന്നിന്ത്യയിൽ തരംഗം സൃഷ്‌ടിച്ച കാഖ കാഖയിലൂടെ ഡാനിയേൽ ബാലാജി എന്ന നടനെ തമിഴ് സിനിമാ ലോകം തിരിച്ചറിഞ്ഞു. ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഒരു പ്രധാന വേഷത്തിൽ താരം അഭിനയിച്ചു.
ഇക്കാലയളവിൽ മലയാള സിനിമയിൽ ഒന്നിലധികം ചിത്രങ്ങളിലൂടെ ഡാനിയേൽ ബാലാജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ബ്ലാക്കിലെ വേഷവും, മോഹൻലാലിൻറെ ഭഗവാനും, ഡാഡി കൂളുമെല്ലാം ഡാനിയേൽ ബാലാജിക്ക് ബ്രേക്ക് നൽകിയ ചിത്രങ്ങളായിരുന്നു. തുടർന്നും മലയാളത്തിൽ അദ്ദേഹം സജീവമായി അഭിനയിച്ചിരുന്നു.
വ്യത്യസ്‌തമായ അഭിനയ ശൈലി തന്നെയായിരുന്നു ഡാനിയേൽ ബാലാജിയെ വേറിട്ട് നിർത്തിയ ഘടകം. വെസ്‌റ്റേൺ ശൈലിയിലുള്ള കഥാപാത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന രൂപഭാവങ്ങളും, ഒപ്പം ഡയലോഗ് ഡെലിവറിയിലെ മോഡുലേഷനുകളും ഒക്കെ അദ്ദേഹത്തെ മറ്റ് ഭാഷകളിലേക്ക് കൂടി എത്തിക്കുകയും കന്നഡ ഉൾപ്പെടെ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.
ഏപ്രിൽ മാദത്തിൽ, കാതൽ കൊണ്ടെൻ, കാഖ കാഖ, വേട്ടയാട് വിളയാട്, മായാവൻ, പൊല്ലാതവൻ, ചിരുത, മുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്. വെട്രിമാരൻ സംവിധാനം ചെയ്‌ത വട ചെന്നൈയിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിരുന്നു ഡാനിയേൽ ബാലാജി. മിത്രൻ ജവഹർ സംവിധാനം ചെയ്‌ത അറിയവൻ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ഡാനിയേൽ ബാലാജിയുടെ ചിത്രം.


Click it and Unblock the Notifications