ഹനുമാനിലൂടെ പാന്‍ ഇന്ത്യ താരം, പ്രതിഫലം വര്‍ധിപ്പിച്ച് തേജ സജ്ജ; ഒരു ചിത്രത്തിനായി വാങ്ങുന്നത് ഇത്ര
തെലുങ്കില്‍ സംക്രാന്തി റിലീസായി എത്തിയ ചിത്രമായിരുന്നു ഹനുമാന്‍. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം, വെങ്കിടേഷിന്റെ സൈന്ധവ്, നാഗാര്‍ജുനയുടെ നാ സാമി രങ്ക പോലുള്ള ചിത്രങ്ങള്‍ക്കിടെ ഈ കൊച്ചുചിത്രം വിജയം നേടുക അസാധ്യമെന്ന് ട്രേഡ് അനലിസ്റ്റുകളും പ്രവചിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ച് ഹനുമാന്‍ വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ്.
വമ്പന്‍ റിലീസായ ഗുണ്ടൂര്‍ കാരത്തെ വീഴ്ത്തിയായിരുന്നു ഹനുമാന്റെ തേരോട്ടം. ഈ വര്‍ഷത്തെ തെലുങ്ക് സിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായും ചിത്രം മാറി. സൂപ്പര്‍ താരങ്ങളെല്ലാം തിരിച്ചടി നല്‍കുകയും ചെയ്തു ചിത്രം. ഹനുമാനിലൂടെ നായകനായ തേജ സജ്ജയുടെ താരമൂല്യം കൂടിയാണ് ഉയര്‍ന്നത്.

സംക്രാന്തി റിലീസായിരുന്നെങ്കിലും ഇപ്പോഴും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹനുമാന്റെ ഏറ്റവും വലിയ പ്രത്യേകത അത് മറ്റ് ഭാഷകളിലും വലിയ ഹിറ്റായി എന്നതാണ്. ഹിന്ദിയില്‍ നിന്ന് അന്‍പത് കോടിയില്‍ അധികം ചിത്രം കളക്ട് ചെയ്തു. അതുപോലെ കന്നഡയിലും നേട്ടമുണ്ടാക്കി. അങ്ങനെ പാന്‍ ഇന്ത്യന്‍ ഹിറ്റായി ചിത്രം മാറുകയായിരുന്നു.
ചിത്രത്തിലെ നടന്‍ തേജ സജ്ജയും അതോടെ പാന്‍ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു. ഹനുമാന് മുമ്പ് വലിയ ഹിറ്റുകളില്ലാതിരുന്ന തേജയ്ക്ക് അപ്രതീക്ഷിതമായി വലിയ നേട്ടമാണ് സ്വന്തമായത്. തെലുങ്ക് സിനിമയില്‍ താരത്തെ വെച്ച് സിനിമയെടുക്കാനുള്ള ശ്രമത്തിലാണ് പല നിര്‍മാതാക്കളും.
വന്‍ തുക തന്നെ തേജയ്ക്ക് നിര്‍മാതാക്കളില്‍ പലരും ഓഫര്‍ ചെയ്തിട്ടുണ്ട്. പുതിയ ചിത്രമൊന്നും പക്ഷേ തേജ ഏറ്റെടുത്തിട്ടില്ല. പാന്‍ ഇന്ത്യന്‍ റീച്ചിന് അനുസരിച്ചുള്ള സിനിമയായിരിക്കും തേജ ഇനി ചെയ്യുക. നിലവില്‍ ഒരു കോടിയാണ് താരം പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ ഹനുമാന്റെ വമ്പന്‍ വിജയത്തോടെ താരം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്.
അഞ്ച് കോടി രൂപയാണ് താരം നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ തുക നല്‍കാമെന്ന് ചില നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഹനുമാന്റെ വിജയം പൂര്‍ണമായും ആസ്വദിച്ച ശേഷം അടുത്ത ചിത്രം ചെയ്താല്‍ മതിയെന്നാണ് തേജയുടെ തീരുമാനം.
തെലുങ്ക് ചിത്രങ്ങളില്‍ ബാലതാരമായിട്ടാണ് തേജ നേരത്തെ അഭിനയിച്ചിരുന്നത്. പ്രമുഖ നടന്മാര്‍ക്കൊപ്പം മുപ്പത് ചിത്രങ്ങളില്‍ തേജ സജ്ജ വേഷമിട്ടിട്ടുണ്ട്. സാമന്തയുടെ ഹേ ബേബിയാണ് നായകനായി തേജ ആദ്യമെത്തിയ ചിത്രം. സോമ്പി റെഡ്ഡിയെന്ന തേജയുടെ ചിത്രവും വലിയ ഹിറ്റായിരുന്നു. ഹനുമാന്റെ സംവിധായകന്‍ പ്രശാന്ത് വര്‍മ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്.
ഈ വര്‍ഷം ജനുവരി മാസത്തില്‍ വിക്കിപീഡിയയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട താരമാണ് തേജ സജ്ജ. ഇത് താരത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതിന്റെ ലക്ഷണമാണ്. അതേസമയം അടുത്തതായി ചെയ്യേണ്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് തേജ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ഇതിന്റെ പ്രഖ്യാപനമുണ്ടാവും.












Click it and Unblock the Notifications