'ചേട്ടന്റെ മരണം വല്ലാതെ തളർത്തി'; ഒടുവിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് പ്രേക്ഷകരുടെ പ്രിയതാരം സുജിത ധനുഷ്
ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായിരുന്നു സുജിത. രണ്ടായിരത്തിന്റെ തുടക്കത്തിൽ നിരവധി സിനിമകളിലാണ് ചെറുതും വലുതുമായ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത്. സഹനടിയായും സഹോദരി വേഷങ്ങളിലും ഏറ്റവും ഒടുവിൽ നായികയായും ഒക്കെ നമ്മൾ സുജിതയെ കണ്ടതാണ്. പിന്നീട് പല കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന താരം സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
മലയാളത്തിലും ധാരാളം സീരിയലുകൾ താരം അഭിനയിച്ചിരുന്നു. അങ്ങനെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി അവർ മാറിയത്. പിന്നീട് തമിഴ് സീരിയലുകളിൽ താരം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ഇടക്കാലത്ത് മലയാളത്തിൽ വീണ്ടും ചില ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിരുന്നു. എന്നാൽ അടുത്തിടെയാണ് താരത്തിന്റെ ജീവിതത്തിൽ വളരെ സങ്കടകരമായ ഒരു സംഭവ വികാസം നടന്നത്.

സുജിതയുടെ സഹോദരനായ നടനും സംവിധായകനുമായ സൂര്യകിരൺ അസുഖ ബാധിതനായി മരണപ്പെട്ടതായിരുന്നു ഇത്. ഇതോടെ സുജിത അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. മലയാളത്തിലെ മറ്റൊരു പ്രധാന നടിയായിരുന്ന കാവേരിയെ ആയിരുന്നു സൂര്യ കിരൺ വിവാഹം ചെയ്‌തിരുന്നത്. തെലുഗിലെ അറിയപ്പെടുന്ന സംവിധായകൻ ആയിരുന്നു സൂര്യകിരൺ.
എന്നാൽ സൂര്യ കിരണിന്റെ മരണം തന്നെ വല്ലാതെ തളർത്തിയെന്ന് താരം തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പല വേദികളിൽ നിന്നും സുജിത മാറി നിന്നത്. എന്നാൽ താൻ അതിനെ മറികടക്കാൻ ശ്രമിക്കുക ആണെന്നും തിരിച്ചുവരാൻ ഒരുങ്ങുകയാണെന്നുമാണ് സുജിത അറിയിച്ചിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയിലൂടെ ആയിരിക്കും സുജിതയുടെ തിരിച്ചുവരവ്.
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പ്രമുഖ റിയാലിറ്റി ഷോയായ കുക്ക് വിത്ത് കോമാളി ആയിരിക്കും മടങ്ങിവരവിലെ സുജിതയുടെ ആദ്യ വേദി എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ സൂര്യകിരണിന്റെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി താരം രംഗത്ത് വന്നിരുന്നു. ചേട്ടൻ തനിക്കൊരു ഹീറോ ആയിരുന്നു എന്നാണ് താരം പറഞ്ഞത്.
രണ്ട് മാസം മുൻപായിരുന്നു സൂര്യ കിരൺ മരണപ്പെട്ടത്. ഇതിന് ശേഷമാണ് സുജിത അഭിനയത്തിൽ നിന്ന് വിട്ട് നിന്നത്. എന്നാൽ ഇപ്പോൾ സുജിത മടങ്ങി വരികയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകർ എല്ലാവരും ആകാംക്ഷയിലാണ്. വീണ്ടും മിനിസ്‌ക്രീനിൽ തങ്ങളുടെ പ്രിയ താരത്തെ കാണാൻ കഴിയുമെന്ന സന്തോഷമാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നത്.












Click it and Unblock the Notifications