ദളപതി 69: വിജയിയുടെ അവസാന ചിത്രത്തിന് വന്‍ ഡിമാന്‍ഡ്; റിലീസാവുന്നതിന് നേടിയത് 178 കോടി?
ചെന്നൈ: ഇളയദളപതി വിജയ് അവസാന ചിത്രത്തിനായി വമ്പന്‍ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ഇതുവരെ കാണാത്ത തരത്തിലായിരിക്കും ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്. ഓരോ ദിവസവും ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ഹൈപ്പ് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.
വിജയിയുടെ അവസാന ചിത്രമെന്ന പരിഗണനയുള്ളത് കൊണ്ട് ആരാധകര്‍ മെഗാ ഹിറ്റായി ദളപതി 69നെ മാറ്റാനുള്ള ശ്രമത്തിലാണ്.എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് കുമാര്‍ ചിത്രം തുനിവ് അടക്കം സംവിധാനം ചെയ്തിട്ടുണ്ട് വിനോദ് കുമാര്‍. അതേസമയം അവസാന ചിത്രത്തില്‍ വിജയ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് വേഷമിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

തുപ്പാക്കിക്ക് ശേഷം ആദ്യമായിട്ടായിരിക്കും യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനായി വിജയ് എത്തുന്നത്. ഇതിനോടകം ചിത്രത്തിന്റെ ബിസിനസുകള്‍ ആരംഭിച്ചിട്ടുണ്ട്. ദളപതി 69ന്റെ ഓവര്‍സീസ് അവകാശങ്ങള്‍ വിറ്റുപോയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഫാര്‍സ് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ റൈറ്റ്‌സിനായി അവര്‍ ചെലവിട്ട തുകയാണ് ഞെട്ടിച്ചിരിക്കുന്നത്. 78 കോടിയാണ് ഫാര്‍സ് ഫിലിംസ് ചെലവിട്ടത്. ഒരു തമിഴ് ചിത്രത്തിന് ഓവര്‍സീസ് റൈറ്റ്‌സായി ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. അടുത്തൊന്നും മറ്റൊരു ചിത്രവും ഈ റെക്കോര്‍ഡ് മറികടക്കാനും സാധ്യതയില്ല.
അതേസമയം തമിഴ്‌നാട്ടിലെ റൈറ്റ്‌സും വിറ്റുപോയിട്ടുണ്ട്. നൂറ് കോടിക്കാണ് തമിഴ്‌നാട്ടിലെ അവകാശങ്ങള്‍ വിറ്റുപോയത്. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഇതും റെക്കോര്‍ഡ് തുകയാണ്.
വിജയ് ചിത്രങ്ങളായ വാരിസ്, ലിയോ എന്നിവയുടെ റൈറ്റ്‌സും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് സ്വന്തമാക്കിയത്. മാസ്റ്റര്‍, ലിയോ തുടങ്ങിയ ചിത്രങ്ങളും ലളിത് കുമാറാണ് നിര്‍മിച്ചത്. വിജയിയുടെ അവസാന ചിത്രത്തിന് റെക്കോര്‍ഡ് ബജറ്റായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുണ്ട്. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനാല്‍ അതിന്റെ നയങ്ങളും അവസാന ചിത്രത്തിന്റെ ഭാഗമാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
വിജയിയുടെ അവസാന റിലീസായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ബോക്‌സോഫീസില്‍ 456 കോടിയാണ് കളക്ഷനായി നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ഇരുന്നൂറ് കോടിയും കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ കേരളത്തിലും ആന്ധ്രപ്രദേശിലും ചിത്രം വേണ്ടത്ര വിജയിച്ചിരുന്നില്ല. അവസാന ചിത്രം അതുകൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കും ഒരുക്കുക.
ദളപതി 69ന്റെ ഭാഗമായി വിജയ് സൈനികരെയും അവരുടെ കുടുംബങ്ങളെയും ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെത്തി കണ്ടിട്ടുണ്ട്. വലിയ ആഘോഷത്തോടെയാണ് അദ്ദേഹത്തെ സൈനികര്‍ സ്വീകരിച്ചത്. ഓഫീസേഴ്‌സ് അക്കാദമിയിലാണ് നിലവില്‍ വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.












Click it and Unblock the Notifications