'സിനിമയിൽ ഒരു ലോബിയുണ്ട്, ആ കുഞ്ചാക്കോ ബോബൻ ചിത്രം ഷൂട്ടിന് മുൻപ് 20 ലക്ഷം ലാഭം കിട്ടിയിട്ടും പൊട്ടി'; തൗഫീഖ്
മലയാള സിനിമയിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് ടിഎ തൗഫീഖ്. സംവിധാനത്തിലും അഭിനയത്തിലും ഒക്കെ തന്റെ സാന്നിധ്യം അറിയിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. പത്ത് വർഷം മുൻപ് സംവിധാനം ചെയ്‌ത ജോൺ ഹോനായി എന്ന ചിത്രം പക്ഷേ ബോക്‌സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. കൂടാതെ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തൗഫീഖ്.
മലയാള സിനിമയിൽ ഒരു ലോബിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മുൻപ് ചില ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് പണം കൊടുത്ത് സഹായിച്ചതും അവർക്ക് പലിശ ഇല്ലാതെ പണം നൽകിയെന്നും അദ്ദേഹം പറയുന്നു. കുഞ്ചാക്കോ ബോബൻ നായകനായ ഒരു ചിത്രത്തിന്റെ ഷൂട്ടിന് മുൻപ് തന്നെ 20 ലക്ഷം ലാഭം കിട്ടിയിട്ടും മണ്ടത്തരം കാണിച്ച പ്രൊഡ്യൂസർ പടം പൊട്ടിച്ചുവെന്നാണ് തൗഫീഖ് ആരോപിക്കുന്നത്. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ടിഎ തൗഫീഖിന്റെ വാക്കുകൾ
കലാരംഗത്ത് നിൽകുമ്പോൾ നമ്മുടെ അവസരങ്ങൾ പോവുക സ്വാഭാവികമാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഡിക്യൂ സ്‌റ്റാർ നൈറ്റ് എന്ന പേരിൽ ഞാൻ ഒരു സ്‌റ്റേജ് ഷോ സംവിധാനം ചെയ്‌തിരുന്നു. ദുൽഖറിന്റെ ഫേസ്‌ബുക്ക് പേജിലൊക്കെ അത് കിടപ്പുണ്ട്. ഡിക്യൂ എന്നെ പേര് ആ ഷോയിലാണ് ഉണ്ടാവുന്നത്. അതൊരു വലിയ കാര്യമല്ലേ? ഈ പേരിട്ടാൽ ആൾക്കാർ വെറൈറ്റിയായി എടുക്കുമെന്ന് ഞങ്ങൾക്ക് തോന്നി.
ഇടയ്ക്ക് ദുൽഖറിനെ വിളിക്കാറുണ്ട്. മെസേജ് ചെയ്യാറുമുണ്ട്. ആ ഷോയിൽ ഇടപെട്ടിട്ടുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അല്ലാതെയുള്ള ഒരു ബന്ധമില്ല. എല്ലാ സിനിമാക്കാരുമായും നല്ല ബന്ധം തന്നയാണ് ഉള്ളത്. ഇനി ചെയ്യാൻ പോവുന്ന സിനിമയാണെങ്കിലും അത്യവശ്യം ആർട്ടിസ്‌റ്റുകൾ ഒക്കെയുള്ള ഒരു സിനിമ തന്നെയാണ്. അതിന്റെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട്.
ഒരുപാട് നിർമ്മാതാക്കളെ പണം കൊടുത്ത് സഹായിച്ചിട്ടുണ്ട്. ഒരുപാട് പേരെ അത്തരത്തിൽ സഹായിച്ചിട്ടുണ്ട്. അത് പറയുമ്പോൾ നിർമ്മാതാക്കൾക്ക് വിഷമമാവും. സ്വതന്ത്രമായി ഒരു സിനിമയും നിർമ്മിച്ചിട്ടില്ല. ഞാൻ ആർക്കും പലിശയ്ക്ക് അല്ല പണം കൊടുത്തിട്ടുള്ളത്. നമുക്ക് തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള, വിശ്വാസമുള്ള ആളുകൾ ഉണ്ടല്ലോ അവർക്ക് കൊടുക്കുന്നതാണ് ഇത്.
അടുത്തമാസം റിലീസ് ആവുന്ന പടമുണ്ട്, അതിന് പോലും നൽകിയിട്ടുണ്ട് പണം. അത്യാവശ്യം നല്ല പടങ്ങൾ ആയിരുന്നു എല്ലാം. അവയൊക്കെ ബജറ്റ് തിരിച്ചു പിടിച്ചിട്ടുമുണ്ട്. ഒന്നോ രണ്ടോ പടങ്ങൾ മാത്രമേ അങ്ങനെ അല്ലാത്തതുള്ളൂ. മുൻപ് ഞാനൊരു സിനിമയ്ക്ക് വേണ്ടി ഹീറോയ്ക്ക് അഡ്വാൻസ് കൊടുത്ത് സ്വന്തമായി നിർമ്മിക്കാം എന്ന കരുതി ഇരുന്നിരുന്നു.
അപ്പോഴാണ് എന്റെയൊരു സുഹൃത്ത് വന്ന് അത് പുള്ളിക്ക് കൊടുക്കുമോ എന്ന് ചോദിച്ചത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ആ ചിത്രത്തിലെ നായകൻ. ആ സിനിമയ്ക്ക് ഇടയിൽ മറ്റൊരു സംവിധായകന്റെ സിനിമയ്ക്ക് ആ ഫ്രണ്ട് ഓക്കേ പറഞ്ഞു. ഞാൻ വേണ്ടെന്ന് ഒരുപാട് പറഞ്ഞതാണ്. പക്ഷേ പുള്ളി കേട്ടില്ല. ചാക്കോച്ചൻ ചിത്രത്തിന് മുടക്ക് മുതൽ 1 കോടി 60 ലക്ഷ്യമായിരുന്നു. സാറ്റലൈറ്റ് തുകയായി ആദ്യം തന്നെ 1 കോടി 80 ലക്ഷം കിട്ടിയിരുന്നു, 20 ലക്ഷം ലാഭം കിട്ടിയിരുന്നു.
എന്നിട്ടും പടം ഇറങ്ങിയപ്പോൾ അത് പൊട്ടി. പുള്ളി മറ്റേ സിനിമയ്ക്ക് വേണ്ടി രണ്ടോ മൂന്നോ കോടി ചിലവാക്കി. അവസാനം രണ്ട് പടവും പരാജയപ്പെട്ടു. വീട് വിൽക്കേണ്ടി വന്നു. സിനിമയിൽ ഒരു ലോബിയുണ്ട്. അത് സത്യമാണ്. അവർ അറിയാൻ പാടില്ലാത്ത പ്രൊഡ്യൂസർമാർ സിനിമയിൽ വന്ന് കഴിഞ്ഞാൽ കൺട്രോളറും സംവിധായകനും തീരുമാനിച്ചാൽ അയാൾ തീർന്നു.












Click it and Unblock the Notifications