വിന്‍സിയുടെ ഫെയ്‌സ് ഓഫ് ഫേയ്‌സ്‌ലെസ് ഓസ്‌കര്‍ യോഗ്യത പട്ടികയില്‍
വിന്‍സിയുടെ ദ ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ് എന്ന ബോളിവുഡ് ചിത്രം ഓസ്‌കര്‍ യോഗ്യത പട്ടികയില്‍. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണിത്. മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മേല്‍നേട്ടത്തില്‍ ഒരുങ്ങിയ ബോളിവുഡ് ചിത്രമാണിത്. വിവിധ രാജ്യങ്ങളിലെ പ്രശസ്ത ചലച്ചിത്ര മേളകളിലെല്ലാം ഈ ചിത്രം ഇടംപിടിച്ചിരുന്നു.
ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യതയാണ് ചിത്രത്തിലെ ഗാനങ്ങള്‍ നേടിയത്. അണ്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഈ യോഗ്യത നേടിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഓസ്‌കര്‍ സമിതിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പട്ടികയില്‍ ആകെ 94 ഗാനങ്ങളാണ് ഇതുവരെ ഇടംപിടിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ഗോത്ര വര്‍ഗ വിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയതാണ് ചിത്രത്തിലെ ഗാനങ്ങള്‍. ബരാല ആദിവാസി ഗാനം, ഏക് സപനാ മേര സുഹാന, ജല്‍ത്താ ഹെ സൂരജ് എന്നിങ്ങനെ മൂന്ന് ഗാനങ്ങളാണ് ഓസ്‌കര്‍ പട്ടികയില്‍ ഇടംപിടിച്ചത്. 149 പശ്ചാത്തല സംഗീതവും 96ാമത് അക്കാദമി അവാര്‍ഡ് മ്യൂസിക് കാറ്റഗറിയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സിസ്റ്റര്‍ റാണി മരിയയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ഫേയ്‌സ് ഓഫ് ഫേയ്‌സ്‌ലെസ് എന്ന ചിത്രം ഒരുക്കിയത്. 21ാം വയസ്സില്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ചവരാണ് സിസ്റ്റര്‍ റാണി മരിയ. വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയായി അഭിനയിച്ചത്. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.












Click it and Unblock the Notifications