'ആ സിനിമ ഡിവോഴ്‌സുകൾ കൂടാൻ കാരണമായി...'; ഷാരൂഖ് ചിത്രത്തെ കുറിച്ച് റാണി മുഖർജി
ബോളിവുഡിലെ താരറാണിമാരിൽ ഒരാളാണ് റാണി മുഖർജി. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും മനംകവർന്ന പ്രിയ നായിക തന്റെ ചിത്രങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ വിവാഹ സമ്പ്രദായത്തെ കുറിച്ച് അസുഖകരമായ നിരവധി സത്യങ്ങൾ തുറന്നു കാട്ടിയ ചിത്രമായിരുന്നു 'കഭി അൽവിദ നാ കെഹ്‌ന' അവർ പറയുന്നത്.
ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാണി മുഖർജി. കഭി അൽവിദ നാ കെഹ്‌ന റിലീസായതിനു ശേഷം വിവാഹമോചനങ്ങൾ കൂടിയതായി അറിയാന്‍ കഴിഞ്ഞുവെന്നും നടി പറഞ്ഞു.

തീയേറ്ററിൽ പോയി സിനിമ കണ്ടിരുന്നവർ വളരെയേറെ അസ്വസ്ഥരായി. ഈ ചിത്രം ധാരാളം പേരുടെ കണ്ണുതുറപ്പിച്ചുവെന്നും അവർ സന്തോഷമായിരിക്കാനുള്ള തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിച്ചുവെന്നും ഞാൻ കരുതുന്നു; റാണി വ്യക്തമാക്കി.
ചിത്രത്തിൽ മായ എന്ന കഥാപത്രത്തെയായിരുന്നു റാണി മുഖർജി അവതരിപ്പിച്ചത്. അതിനെകുറിച്ചും അവർ മനസ് തുറന്നു. മായയുടെ കഥാപാത്രത്തിന്റെ ഭംഗി എന്താണെന്നാൽ അവൾ ഋഷിയെ ഒരു സുഹൃത്തെന്ന നിലയിലും സ്നേഹിച്ചു എന്നതായിരുന്നു. ഷാരൂഖിന്റെ കഥാപാത്രത്തിൽ അവൾ എപ്പോഴും തിരയുന്ന പ്രണയത്തെ ആയിരുന്നു കണ്ടെത്തിയത്; റാണി മുഖർജി ചൂണ്ടിക്കാട്ടി.
ആ കാലഘട്ടത്തിൽ ഇത്തരത്തിലൊരു ചിത്രം നിർമ്മിക്കാൻ ധൈര്യം കാട്ടിയ കരൺ ജോഹറിനെയും റാണി മുഖർജി പുകഴ്ത്തി. ശക്തമായ സിനിമകൾക്കും ശക്തമായ വേഷങ്ങൾക്കും ഒപ്പം നിൽക്കുകയാണ് പ്രധാനമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, കാലത്തിന് മുന്‍പേ സഞ്ചരിച്ച ഒരു സിനിമയായി ഇത് ഓർമ്മിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.
2006ലാണ് കരൺ ജോഹർ സംവിധാനം ചെയ്‌ത കഭി അൽവിദ നാ കെഹ്‌ന എന്ന ചിത്രം പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ, റാണി മുഖർജി, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, പ്രീതി സിന്റ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചത്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്ന പരാജയവും, അതിനെ മറികടന്ന് ശരിയായ ബന്ധം തിരഞ്ഞെടുക്കുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം.












Click it and Unblock the Notifications