'അക്കാദമിയിൽ നിന്ന് രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല..'; വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രഞ്ജിത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ നിന്ന് താൻ രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സംവിധായകനും, അക്കാദമി ചെയർമാനുമായ രഞ്ജിത്. ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും രഞ്ജിത് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്തും. കുക്കൂ പരമേശ്വരനെ അതിലേക്ക് നിർദ്ദേശിക്കുമെന്നും രഞ്ജിത് അറിയിച്ചു. അക്കാദമി ചെയർമാന്റെ കസേരയിലോ ഓഫിസിലോ ഇരുന്നല്ല താൻ അഭിപ്രായം പറഞ്ഞതെന്നും രഞ്ജിത് പ്രതികരിച്ചു. വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സൗഹൃദ സംഭാഷണമാണെന്നും അദ്ദേഹം പറഞ്ഞു.

''വീടിന്റെ വാതിൽ ഞാൻ അടയ്ക്കാറില്ല. പത്രക്കാർ വന്നപ്പോൾ സൗഹാർദത്തിൽ സംസാരിച്ചു. ആ അഭിമുഖത്തിൽ ശരിയായി വസ്ത്രം പോലും ധരിച്ചിരുന്നില്ല. എന്റെ പഴയകാല സിനിമകളെപ്പറ്റി ചോദ്യമുണ്ടായപ്പോൾ, ചലച്ചിത്ര മേളയെപ്പറ്റി ചോദിക്കൂവെന്നു പഞ്ഞു. ഡോ. ബിജുവിനെ കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്." രഞ്ജിത് പറഞ്ഞു.
അതേസമയം, പരാതി കൊടുത്തവർക്ക് അതിന് സ്വാതന്ത്ര്യം ഉണ്ടെന്നും, പരാതികൾ സർക്കാർ പരിശോധിക്കട്ടെയെന്നും കഴിഞ്ഞ ദിവസം രഞ്ജിത് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങാൻ തയ്യാറാണ്. എകാധിപതി ആണോ താനെന്ന് അക്കാദമി വൈസ് ചെയർമാനും സെക്രട്ടറിയും പറയട്ടെയെന്നും രഞ്ജിത് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം രഞ്ജിത് നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പ്രമുഖ സംവിധായകന്‍ ഡോ. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും ചര്‍ച്ചകൾക്ക് തുടക്കമിടുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത് പ്രതികരണവുമായി രംഗത്തെത്തിയത്.
മന്ത്രി സജി ചെറിയാൻ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അഭിമുഖത്തിൽ രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾക്ക് ഇടയിൽ കഴിഞ്ഞ ദിവസം സംവിധായകൻ ഡോ. ബിജു സ്‌റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ നിന്ന് രാജിവയ്ക്കുകയും ചെയ്‌തിരുന്നു.
അതേസമയം, തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷാ പ്രയോഗത്തെ വിമർശിച്ച് കൊണ്ടുള്ള രഞ്ജിത്തിന്റെ പരാമർശവും വലിയ ചർച്ചയായിരുന്നു. 'തൂവാനത്തുമ്പികളി'ൽ മോഹൻലാൽ ഉപയോഗിച്ചത് പോലെയല്ല തൃശൂർ ഭാഷയെന്നും സിനിമയിലേത് വളരെ ബോറായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ ഭീമൻ രഘുവിനെതിരായ പരിഹാസവും ഏറെ ചർച്ചകൾക്ക് തുടക്കമിട്ടു.












Click it and Unblock the Notifications