രണ്ട് വിവാഹം, രണ്ട് കുട്ടികൾ, എന്നിട്ടും സിംഗിൾ; ഈ സൂപ്പർസ്‌റ്റാറിന്റെ പ്രതിഫലം ഞെട്ടിക്കും, ആസ്‌തി 584 കോടി
ഒരു നൂറ്റാണ്ടിൽ അധികം നീളുന്ന ഇന്ത്യൻ സിനിമയുടെ ചരിത്രമെടുത്ത് പരിശോധിച്ചാൽ നിരവധി ഭാഷകളിൽ നിന്നുള്ള സൂപ്പർ സ്‌റ്റാറുകൾ ചലച്ചിത്ര ലോകം അടക്കി ഭരിച്ചിട്ടുണ്ട്. ചിലർ തങ്ങളുടെ സ്‌റ്റാർഡം കൊണ്ടും മറ്റ് ചിലർ അഭിനയ മികവ് കൊണ്ടും ആരാധക വൃന്ദത്തെ സൃഷ്‌ടിച്ചെടുത്തു എന്നതും നമുക്ക് കാണാൻ കഴിയും. എന്നാൽ അതിൽ ചിലർക്ക് മാത്രമാണ് ഭാഷാഭേദമന്യേ ഒട്ടുമിക്ക എല്ലാ ഇൻഡസ്ട്രികളിലും ഒരുപോലെ ശോഭിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
ഇപ്പോഴത്തെ കാലത്ത് അതിനെ പാൻ ഇന്ത്യൻ എന്ന ലേബലിലാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ ഇത്തരം ഫാൻസി പേരുകൾ ഒന്നും ഇല്ലാതിരുന്ന കാലത്തും, കളക്ഷൻ റെക്കോർഡുകളുടെ ഭാരം പേറാതെ പോയിരുന്ന ഒരു കാലത്തും ഇന്ത്യൻ സിനിമയിലെ നാലോ അഞ്ചോ ഇൻഡസ്ട്രികളിൽ ഒരേ സമയം മികവ് തെളിയിച്ച ഒരു വ്യക്തിയുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത വിധം വേഷങ്ങൾ അനശ്വരമാക്കിയ കമൽ ഹാസൻ ആയിരുന്നു ആ സൂപ്പർ താരം. സിനിമയുടെ സകല മേഖലകളിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കമൽ. അഭിനയത്തിൽ മാത്രമല്ല, സംവിധാനം, തിരക്കഥ രചന, നിർമ്മാണം, ഗാനാലാപനം എന്നിങ്ങനെ താരം കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്.
വലിയ താരപദവി ഉണ്ടായിരുന്നിട്ട് കൂടി അദ്ദേഹം ഇടയ്ക്ക് സിനിമയുടെ വളർച്ചയ്ക്ക് വേണ്ടി എടുത്ത ഉറച്ച തീരുമാനമാണ് കോളിവുഡിനെയും മറ്റ് ഇന്ത്യൻ സിനിമകളെയും ഒരു തരത്തിൽ ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയത്. രജനീകാന്തിന് മുൻപ് തന്നെ സിനിമയിൽ എത്തിയ കമൽ അദ്ദേഹത്തിന് മുൻപ് തന്നെ പല ഭാഷകളിലും സാന്നിധ്യം അറിയിക്കുകയും ചെയ്‌തിരുന്ന കാര്യം ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
കമൽഹാസൻ: സിനിമയും ജീവിതവും
തന്റെ നാലാം വയസിൽ അഭിനയ ജീവിതം തുടങ്ങിയ വ്യക്തിയാണ് കമൽ ഹാസൻ. മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ തന്റെ സമകാലീകരിൽ നിന്ന് കമലിനെ വേറിട്ട് നിർത്തുന്നത് ഈ അനുഭവ സമ്പത്ത് തന്നെയാണ്. കൗമാര പ്രായത്തിൽ നായകനായി വീണ്ടും അരങ്ങിലേക്ക് വന്ന കമലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഒരേസമയം തന്നെ മലയാളത്തിലും തമിഴിലും ബോളിവുഡിലും ഒക്കെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. ഇക്കാലയളവിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ മികവ് തെളിയിച്ചു. പിന്നീട് സംവിധായകനായി ഹേയ് റാം, വിശ്വരൂപം പോലെയുള്ള ചിത്രങ്ങൾ ഒരുക്കിയ കമൽ പ്രേക്ഷകരുടെ കൈയടി നേടി.
കുടുംബജീവിതത്തിൽ പക്ഷേ കമലിന് വിജയിക്കാൻ കഴിഞ്ഞില്ല. ഈ കാലത്തിനിടയിൽ രണ്ട് വിവാഹങ്ങൾ കഴിച്ച കമലിന് ഇതിൽ രണ്ട് കുട്ടികളാണുള്ളത്. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരാണ് ഇതിൽ നമുക്കൊക്കെ അറിയാവുന്ന പ്രമുഖർ. കമലിനെ ചുറ്റിപറ്റി പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും ധാരാളമായി വന്നിരുന്നു. അതും ഇൻഡസ്ട്രിയിലെ ഏറ്റവും പ്രമുഖരായ നടിമാരുമായുള്ള ബന്ധമായിരുന്നു അന്നത്തെ ചർച്ചാ വിഷയമായത്.
ഇത്രയൊക്കെ ആണെങ്കിലും ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി കമൽ വളർന്നു എന്നതാണ് യാഥാർഥ്യം. മൂന്ന് തവണയാണ് കമൽ ഹാസനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്, ഒപ്പം എണ്ണമറ്റ സംസ്ഥാന പുരസ്‌കാരങ്ങളും ഫിലിം ഫെയർ അവാർഡുകളും താരത്തിന്റെ മികവിനെ അടയാളപ്പെടുത്തുന്നു.
കരിയറിൽ ഇപ്പോഴും ഉന്നതിയിൽ തന്നെ
നിലവിൽ പ്രായം 67 പിന്നിട്ടെങ്കിലും തന്റെ കർമ്മ മേഖലയിൽ സജീവമാണ് കമൽ ഇപ്പോഴും. അവസാനമായി അഭിനയിച്ച കൽക്കി എന്ന ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. പത്ത് മിനിറ്റോളം മാത്രം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സുപ്രീം യസ്‌കിൻ എന്ന വേഷത്തിനായി കമൽ കൈപ്പറ്റിയത് ഏതാണ്ട് 20 കോടി രൂപയോളമാണ് എന്നാണ് ലഭ്യമായ വിവരം. നിലവിലെ ആസ്‌തി ഏകദേശം 584 കോടിയോളമാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications