ബോക്‌സ് ഓഫീസിനെ തൂഫാനാക്കി മോഹൻലാൽ; കേരള മാർക്കറ്റിൽ മറ്റൊരു റെക്കോർഡ് കുറിച്ച് 'തുടരും', ഞെട്ടിച്ചു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. കഴിഞ്ഞ നാൽപത്തിയേഴ് വർഷങ്ങളായി സിനിമയിൽ തന്റെ താരപദവി അതേപടി കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് അദ്ദേഹം. നടനെന്ന നിലയിലും താരമെന്ന നിലയിലും ഒരുപോലെ ശോഭിച്ച മോഹൻലാലിന് കഴിഞ്ഞ നാലഞ്ച് വർഷങ്ങൾക്ക് ഇടയിൽ കാര്യമായ ഹിറ്റുകൾ കുറവായിരുന്നു. മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളാണ് ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞത്.
അപ്പോഴൊക്കെയും പലരും മോഹൻലാൽ എന്ന താരത്തിന്റെ അവസാനമായെന്ന് വിധി എഴുതിയിരുന്നു. പക്ഷേ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ കടപുഴകിയത് ഒരുപിടി റെക്കോർഡുകളാണ്. അതിൽ പ്രധാനപ്പെട്ടതായിരുന്നു ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡ്.

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ നിന്നാണ് ആ റെക്കോർഡ് എമ്പുരാൻ നേടിയെടുത്തത്. മലയാളത്തിലെ ആദ്യ 250 കോടി ചിത്രമെന്ന ഖ്യാതിയും എമ്പുരാൻ സ്വന്തമാക്കിയിരുന്നു. എന്നാൽ എമ്പുരാൻ പോലും മുട്ടുമടക്കിയത് മലയാളത്തിൽ അഥവാ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന 2018ന്റെ റെക്കോർഡിന് മുന്നിലാണ്.
ഇപ്പോഴിതാ അതും വീഴ്ത്തി മുന്നേറുകയാണ് മോഹൻലാൽ. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടം 'തുടരും' ആണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്‌ത് 15 ദിവസത്തിനുള്ളിൽ തുടരും ഇന്ത്യയിൽ നിന്ന് 90.35 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. ലോകമെമ്പാടുമായി 184.70 കോടിയിലധികം കളക്ഷൻ നേടിയാണ് ചിത്രം മുന്നേറുന്നത്.
ഇതിന് പിന്നാലെയാണ് കേരളത്തിലും ലോകമെമ്പാടുമുള്ള 2018ന്റെ കളക്ഷനുകളെ ചിത്രം മറികടന്നിരിക്കുന്നത്. എങ്കിലും ആഗോള കളക്ഷനിൽ മോഹൻലാലിന്റെ സ്വന്തം എൽ2 എമ്പുരാനെയും (265.5 കോടി) മഞ്ഞുമ്മേൽ ബോയ്‌സിനെയും (240 കോടി) മറികടക്കാൻ ഇതുവരെ ചിത്രത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിലവിൽ തുടരും പതിനാറാം ദിവസത്തിലേക്ക് കടന്നിട്ടും പലയിടത്തും തിരക്ക് അതേപടി തുടരുകയാണ് എന്നതാണ് പ്രധാന കാര്യം. എമ്പുരാനെക്കാളും കുടുംബ പ്രേക്ഷകർ കൂടുതലായി എത്തുന്നത് ചിത്രത്തിനാണ് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്‌തുത. അതുകൊണ്ട് തന്നെ നിലവിലെ തിരക്ക് കുറച്ചുദിവസം കൂടി തുടരാനാണ് സാധ്യത.
അങ്ങനെയെങ്കിൽ 200 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് ചിത്രം നടന്നടുത്തേക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ചിത്രത്തെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ലക്ഷ്യമില്ല. അടുത്ത ദിവസങ്ങളിൽ തന്നെ ഈ നേട്ടം സാധ്യമാണ് താനും.അങ്ങനെയെങ്കിൽ മോഹൻലാലിന്റെ രണ്ടാമത്തെ 200 കോടി ചിത്രവും മലയാളത്തിലെ മൂന്നാമത്തെയും ആയിരിക്കും തുടരും.
കെആർ സുനിലിന്റെ രചനയിൽ തരുൺ മൂർത്തി സംവിധാനം ചെയ്‌ത ഫാമിലി ത്രില്ലറാണ് 'തുടരും'. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമ്മിച്ചത്. ശോഭന, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്‌ണ പ്രഭ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുകളും പോസ്‌റ്ററുകളും ഒക്കെ വലിയ രീതിയിൽ വൈറൽ ആയിരുന്നു എന്നതാണ് തിയേറ്ററിലേക്ക് ആളുകളെ ആകർഷിച്ച ആദ്യ ഘടകം. പിന്നാലെ വലിയ രീതിയിൽ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. മോഹൻലാൽ വീണ്ടും പഴയ നാടൻ വേഷങ്ങളിലേക്ക് വരുന്നു എന്നതാണ് പ്രധാനമായും ചിത്രത്തെ വേറിട്ട് നിർത്തിയത്, ഒപ്പം മോഹൻലാൽ-ശോഭന കോംബോയും.












Click it and Unblock the Notifications