'നീ ചത്തില്ലേ എന്നായിരുന്നു ഒരു കമന്റ്, അത്രയ്ക്ക് വെറുക്കപ്പെട്ടവനല്ല ഞാൻ'; സൈബർ ആക്രമണത്തെ കുറിച്ച് ടൊവിനോ
മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിൽ അഭിയനയിച്ചു കരിയർ ആരംഭിച്ച ടൊവിനോ ഇപ്പോൾ കേരളത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി വളർന്നുകഴിഞ്ഞു. ബോക്‌സ് ഓഫീസ് കളക്ഷൻ ലക്ഷ്യമിട്ടുള്ള വാണിജ്യ സിനിമകളിലും, കണ്ടന്റ് ഓറിയന്റഡ് ചിത്രങ്ങളിലും ഒരുപോലെ വേഷമിടുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും ഉടൻ തിയേറ്ററുകളിൽ എത്തുകയാണ്.
ഇതിനിടയിൽ കരിയറിന്റെ ആദ്യഘട്ടത്തിൽ നേരിടേണ്ടി വന്ന ചില തിരിച്ചടികളും, സൈബർ ആക്രമണങ്ങൾ അടക്കമുള്ള വെല്ലുവിളികളെയും കുറിച്ച് മനസ് തുറക്കുകയാണ് ടൊവിനോ ഇപ്പോൾ. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം തുറന്നുപറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ താൻ നേരിടേണ്ടി വന്ന അധിക്ഷേപത്തെ കുറിച്ചും ടൊവിനോ മനസ് തുറന്നു.

നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ പരിക്ക് പറ്റിയെങ്കിലും ആ വിവരം പുറത്തുവിട്ടിരുന്നില്ലെന്നാണ് ടൊവിനോ പറയുന്നത്. അതിന്റെ കാരണവും താരം വിശദമാക്കുന്നുണ്ട്. മുൻപ് കള എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ പരിക്ക് പറ്റിയതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്‌റ്റിൽ വന്ന മോശം കമന്റുകളെ കുറിച്ചായിരുന്നു ടൊവിനോ ചൂണ്ടിക്കാട്ടിയത്.
"പരമാവധി ആ വാർത്ത ഞാൻ പുറത്തുപറയാതിരുന്നതാണ്. കാരണം, നമ്മുടെ സന്തോഷങ്ങളല്ലേ ആളുകളുമായി പങ്കുവയ്‌ക്കേണ്ടത്. മറ്റ് കാര്യങ്ങൾ അവർ അറിഞ്ഞാലും ഇല്ലെങ്കിലും എന്താണ്. നടികറിന്റെ ഷൂട്ടിനിടയിൽ ഒരു വലിയ അക്വേറിയം പൊട്ടി എന്റെ ദേഹത്തേക്ക് വീണു ചില പരിക്കുകൾ പറ്റി. ബെഡ് റെസ്‌റ്റ് വേണമെന്നായിരുന്നു പറഞ്ഞത്. ചെറുവിരലിന് അടക്കം പരിക്കുണ്ടായിരുന്നു" ടൊവിനോ തോമസ് പറയുന്നു.
"ഒന്നാമത്തെ കാര്യം നമ്മുടെ സന്തോഷം മാത്രം പങ്കുവയ്ക്കാം എന്നാണ് ഞാൻ കരുതുന്നത്. രണ്ടാമത് ഞാൻ അഭിനയിച്ച കള എന്ന ചിത്രത്തിനിടെ എനിക്ക് പരിക്ക് പറ്റിയിരുന്നു. അന്നെനിക്ക് ഇത്ര പക്വത ഒന്നുമില്ല. പരിക്ക് പറ്റിയ ശേഷം ഹോസ്‌പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ആയി വീട്ടിലെത്തിയപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ഒരു പോസ്‌റ്റ് ഇട്ടിരുന്നു. എന്നാൽ അതിന് താഴെ ഓ അപ്പോൾ ചത്തില്ലേ എന്നൊക്കെയുള്ള കമന്റുകൾ ഉണ്ടായിരുന്നു" താരം തന്റെ ദുരനുഭവം വിവരിച്ചു.
"അതിന് മാത്രം വെറുക്കപ്പെട്ടവനല്ല ഞാൻ. അങ്ങനെയൊക്കെ പറയാൻ മാത്രം ഞാൻ ആരോടും ഒന്നും ചെയ്‌തിട്ടുമില്ല. അങ്ങനെയൊക്കെ പറയാൻ ആളുകൾക്ക് വീണ്ടും സൗകര്യം ഒരുക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ പരിക്ക് പറ്റിയ കാര്യം പുറത്ത് പറയാതിരുന്നത്." താരം പറഞ്ഞു.
ഇത്തരം കമന്റുകൾ കാണുമ്പോൾ തന്റെ കുടുംബത്തിന് വളരെയധികം വിഷമം ഉണ്ടാകുന്നുവെന്നും താരം കൂട്ടിച്ചേർത്തു. കളിയാക്കിയവർ പോലും തന്റെ സിനിമ കണ്ട് കൈയടിച്ചുവെന്നും ടൊവിനോ പറഞ്ഞു. കൂടാതെ അദൃശ്യജലകങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ടൊവിനോ തോമസ് വ്യക്തമാക്കി.












Click it and Unblock the Notifications