ഐഡന്റിറ്റിയുടെ പ്രമോഷനിൽ നിന്ന് തൃഷ മാറി നിന്നത് മനപൂർവമോ? കാരണം വെളിപ്പെടുത്തി ടൊവിനോ
ടൊവിനോ തോമസും തൃഷ കൃഷ്‌ണനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ഐഡന്റിറ്റി. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രം ജനുവരി രണ്ടിനാണ് തിയേറ്ററുകൾ എത്തിയത്. ചിത്രത്തിന്റെ പ്രമോഷനുമായി ഓടി നടക്കുകയാണ് നടൻ ടൊവിനോ തോമസും മറ്റ് അണിയറ പ്രവർത്തകരും.
സംവിധായകരും നിർമ്മാതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും ഒക്കെ പങ്കെടുക്കുന്ന പ്രമോഷൻ പരിപാടികൾ സജീവമാണ്. മാത്രമല്ല ടൊവിനോ ധാരാളം അഭിമുഖങ്ങൾ ചിത്രവുമായി ബന്ധപ്പെട്ട് നൽകുന്നുമുണ്ട്. എന്നാൽ ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്‌ത തൃഷ കൃഷ്‌ണന്റെ അഭാവമാണ് കൂടുതൽ ആരാധകരും എടുത്ത് പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് താഴെ തൃഷയെ കുറിച്ചുള്ള ചോദ്യങ്ങൾ സജീവമായിരുന്നു. അണിയറ പ്രവർത്തകരുമായി എന്തെങ്കിലും ഭിന്നത കാരണമാണോ തൃഷ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തത് എന്ന ചോദ്യമുൾപ്പെടെ ഉയരുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനൊക്കെ മറുപടിയുമായി ടൊവിനോ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് ടൊവിനോ തൃഷയുടെ അഭാവത്തിന്റെ കാരണം വെളിപ്പെടുത്തിയത്. തൃഷയെ കൂടി ഉൾപ്പെടുത്തിയുള്ള പ്രമോഷനാണ് തങ്ങൾ പ്ലാൻ ചെയ്‌തത് എങ്കിലും ചില വ്യക്തിപരമായ വിഷയങ്ങൾ കാരണം അവർക്ക് അവസാന നിമിഷം പിന്മാറേണ്ടി വന്നുവെന്നുമാണ് ടൊവിനോ വ്യക്തമാക്കുന്നത്.
'നമ്മൾ പ്രമോഷൻ ഒക്കെ പ്ലാൻ ചെയ്‌തു വച്ചതാണ്. ആ സമയത്താണ് പുള്ളിക്കാരിക്ക് ഒരു വ്യക്തിപരമായ നഷ്‌ടം ഉണ്ടായത്. പുള്ളിക്കാരിക്ക് ഒപ്പം പത്ത് പന്ത്രണ്ട് വർഷം ഒപ്പമുണ്ടായിരുന്ന നായ മരണപ്പെട്ടിരുന്നു. അതിന് ശേഷം സിനിമയിലും പ്രമോഷൻ പരിപാടികളിൽ നിന്നുമൊക്കെ കുറച്ചു ദിവസം ഇടവേള എടുക്കണം എന്ന ആഗ്രഹം അവർക്ക് ഉണ്ടായിരുന്നു. അഞ്ചാം തീയതി തൊട്ട് പോസ്‌റ്റ് റിലീസ് പ്രമോഷനുകളിൽ പങ്കെടുക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്' ടൊവിനോ പറഞ്ഞു.
'തീർച്ചയായിട്ടും ഒരു പെറ്റ് ലവർ എന്ന നിലയ്ക്ക് എനിക്ക് മനസിലാക്കാൻ സാധിക്കും. നിർഭാഗ്യകരം അന്ന് പറയുന്നത് നമ്മുടെ സിനിമയുടെ റിലീസ് സമയത്തായിപ്പോയി ഈ സംഭവം നടന്നത്. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ, വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരു പെറ്റ് ഇല്ലാതാവുമ്പോഴുള്ള വിഷമം. ആ സമയത്ത് പ്രമോഷൻ നടത്തിയേ പറ്റൂ എന്ന് വാശി പിടിക്കാൻ നമുക്ക് സാധിക്കില്ല' താരം കൂട്ടിച്ചേർത്തു.
അതേസമയം, മികച്ച പ്രേക്ഷക പ്രതികരണവുമായി ഐഡന്റിറ്റി തിയേറ്ററുകളിൽ മുന്നേറുകയാണ്. നേരത്തെ ടൊവിനോ നായകനായി എത്തി മികച്ച വിജയം നേടിയ ഫോറൻസിക് ഒരുക്കിയ അതേ ടീം തന്നെയാണ് ഇതിന്റെയും സംവിധാനം. ടൊവിനോ, തൃഷ എന്നിവർക്ക് പുറമേ വിനയ് റായ്, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, വിശാഖ് നായർ, ആര്യ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ജാക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രാജു മല്യത്ത്, റോയ് സിജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. നിലവിൽ മാർക്കോ മാത്രമാണ് ബോക്‌സ് ഓഫീസിൽ ചിത്രത്തിന് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നത്.












Click it and Unblock the Notifications