'സോ കോൾഡ് ഫെമിനിസ്‌റ്റ് എന്ന് വാദിക്കുന്ന നടി ഉടലിന് നൽകിയത് മോശം റിവ്യൂ'; സംവിധായകൻ രതീഷ് രഘുനന്ദൻ
മലയാളത്തിലെ ത്രില്ലർ സിനിമകളിൽ വളരെ വ്യത്യസ്‌തമായ ഒരു ട്രീറ്റ്‌മെന്റുമായി എത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഉടൽ. ഈ ചിത്രം വളരെയധികം പ്രേക്ഷക പ്രശംസ നേടിയിരുന്നു. അടുത്തിടെയാണ് ഉടൽ ഒടിടിയിൽ എത്തിയത്. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്‌ണ, ഇന്ദ്രൻസ് എന്നിവരായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അഭിനയിച്ചത്. ഇപ്പോഴിതാ ഉടലിന്റെ സംവിധായകനായ രതീഷ് രഘുനന്ദൻ ചിത്രത്തിന് ചിലരിൽ നിന്ന് നേരിടേണ്ടി വന്ന മോശം റിവ്യൂസിനെ പറ്റി മനസ് തുറക്കുകയാണ്.
മലയാളത്തിലെ ഒരു നടി തന്നെ ചിത്രത്തെ കുറിച്ച് മോശമായ രീതിയിൽ റിവ്യൂ എഴുതിയെന്നും, അത് തനിക്ക് നിരാശ ഉണ്ടാക്കിയെന്നും രതീഷ് രഘുനന്ദൻ പറഞ്ഞു. സ്ത്രീയെ മോശമായി ചിത്രീകരിച്ചുവെന്നും, ഇത്രയും വൾഗർ ചിത്രം കണ്ടിട്ടില്ലെന്നുമൊക്കെ അവർ അവരുടെ ഫേസ്‌ബുക്കിൽ കുറിച്ചെന്നും രതീഷ് ചൂണ്ടിക്കാട്ടി.

'മലയാളത്തിൽ അത്ര മുൻനിരയിൽ ഇല്ലാത്ത, സോ കോൾഡ് ഫെമിനിസ്‌റ്റ് എന്ന് വാദിക്കുന്ന ഒരു ഉടൽ സിനിമ കണ്ടിട്ട് ഫേസ്‍ബുക്കിൽ കുറിച്ച വാക്കുകൾ വളരെ മോശം റിവ്യൂസിന്റെ വിഭാഗത്തിൽ പെടുത്താൻ പറ്റിയതായിരുന്നു. ഇത്രയും മോശമായി ചിത്രീകരിച്ച ഒരു സിനിമ കണ്ടിട്ടില്ലെന്നും, ഇത്രയും വൃത്തികെട്ട സിനിമ ഞാൻ കണ്ടിട്ടില്ലെന്നുമൊക്കെയായിരുന്നു എഴുതിയത്' സംവിധായകൻ പറഞ്ഞു.
'അവർക്ക് ആ രീതിയിൽ മാത്രമേ സിനിമ കാണാൻ പറ്റിയിട്ടുള്ളൂ. ഒരു കാര്യം ഓർക്കണം അവരൊരു അഭിനേത്രിയാണ്. കൂടാതെ ഫെമിനിസ്‌റ്റ് എന്ന് വാദിക്കുന്ന ഒരാളാണ്. എന്നിട്ട് പോലും അവർക്ക് ഷൈനിയെ മനസിലാക്കാൻ കഴിഞ്ഞില്ല. അതിൽ എനിക്ക് വളരെയധികം നിരാശ തോന്നിയിരുന്നു' രതീഷ് രഘുനന്ദൻ തന്റെ അനുഭവം വിവരിച്ചു.
ഇതിന് പുറമെ ചിത്രത്തിലെ ഷൈനി എന്ന കഥാപാത്രത്തെ മുൻനിർത്തി ചർച്ചകൾ ഒന്നും നടന്നില്ലെന്നും സംവിധായകൻ പരാതി ഉന്നയിക്കുന്നുണ്ട്. 'ഷൈനിയെ മുൻനിർത്തി ഉടൽ എന്ന സിനിമ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഞാൻ എഴുതുമ്പോഴും, സിനിമ ചെയ്യുമ്പോഴും ഒക്കെ എന്റെ മനസിൽ വാണിജ്യ സാധ്യതകൾക്ക് ഉപരി അവർ പ്രതിനിധീകരിക്കുന്ന വലിയ വിഭാഗം സ്ത്രീകളെ ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു' രതീഷ് കൂട്ടിച്ചേർത്തു.
അതേസമയം, രതീഷ് രഘുനന്ദൻ സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമായ തങ്കമണി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രം കൂടിയാണ്. ദിലീപിനെ കൂടാതെ നീത പിള്ള, സിദ്ദിഖ്, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും ഇതിൽ പ്രധാന വേഷം അവതരിപ്പിച്ചിരുക്കുന്നു.












Click it and Unblock the Notifications