ഇനി മാർക്കോയുടെ കളികൾ അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആദ്യം, കളക്ഷനിൽ റെക്കോർഡ് ഇടുമോ?
മലയാള സിനിമയിലെ അല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വയലന്റ് ആയിട്ടുള്ള ചിത്രം എന്ന ടാഗ്‌ലൈനോടെ പ്രദർശനം തുടരുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. റിലീസിന് പിന്നാലെ തന്നെ കേരളത്തിൽ യുവാക്കൾ ഏറ്റെടുത്ത ചിത്രം കളക്ഷനിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്‌മസ് അവധിക്കാലത്ത് കൂടെ ഇറങ്ങിയ ചിത്രങ്ങളെ എല്ലാം പിന്നിലാക്കി കൊണ്ടാണ് മാർക്കോ വമ്പൻ മുന്നേറ്റം നടത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തെ സംഭവിച്ച പുതിയൊരു നേട്ടത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. മലയാളത്തിലാണ് ചിത്രം ആദ്യം റിലീസ് ചെയ്‌തതെങ്കിലും മറ്റ് ഭാഷകളിൽ കൂടെ ചിത്രം വലിയ രീതിയിൽ സ്വീകാര്യത നേടുന്നതിനിടെ വമ്പൻ പ്രഖ്യാപനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്.

ചിത്രം ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്യാൻ പോവുകയാണ് എന്നതാണ് ഈ വാർത്ത. ബാഹുബലിക്ക് ശേഷം കൊറിയൻ മാർക്കറ്റിൽ വമ്പൻ റിലീസിന് ഒരുങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന ഖ്യാതിയോടെയാണ് മാർക്കോ വാർത്തകൾ ഇടം നേടുന്നത്. അതും ദക്ഷിണ കൊറിയയിലെ തന്നെ വമ്പൻ വിതരണക്കമ്പനിയുമായി ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ദക്ഷിണ കൊറിയൻ എന്റർടൈൻമെന്റ് പവർഹൗസായ നൂറി പിക്‌ചേഴ്‌സുമായി മാർക്കോ നിർമ്മാതാക്കൾ വിതരണ കരാർ ഉറപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എത്ര തുകയ്ക്കാണ് ചിത്രം ഇവിടെ വിതരണത്തിന് എടുത്തത് എന്ന കാര്യം വ്യക്തമല്ലെങ്കിലും കൂടുതൽ സ്‌ക്രീനുകളിൽ വമ്പൻ റിലീസായി തന്നെയാവും ചിത്രം പ്രദർശനം നടത്തുകയെന്നാണ് വിവിധ വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
മലയാള സിനിമയ്ക്ക് തന്നെ ചരിത്രനേട്ടവുമായാണ് മാർക്കോ റിലീസിന് ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുമെന്ന് പോലും കരുതാതിരുന്ന ചിത്രമാണ് ഇപ്പോൾ ഇന്റർനാഷണൽ മാർക്കറ്റിൽ വലിയ നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. വമ്പൻ മാർക്കറ്റായ ദക്ഷിണ കൊറിയയിൽ ചിത്രം വിജയിച്ചാൽ ആകെ കളക്ഷൻ കുതിച്ചുയരും എന്ന പ്രത്യേകത കൂടിയുണ്ട്.
1993-ൽ സ്ഥാപിതമായ നൂറി പിക്‌ചേഴ്‌സ്, ദക്ഷിണ കൊറിയൻ ചലച്ചിത്ര വിതരണത്തിലെ ഒരു മുൻനിര ശക്തിയെന്ന നിലയിൽ അവിടെ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയ കമ്പനിയാണ്.അവർ ചിത്രം ഏറ്റെടുത്തതോടെ വലിയ പ്രതീക്ഷയിലാണ് മാർക്കോ അണിയറപ്രവർത്തകർ. മികച്ച നിലവാരമുള്ള അന്താരാഷ്ട്ര ചിത്രങ്ങൾ കൊറിയയിൽ എത്തിക്കുക എന്നതാണ് കമ്പനിയുടെ നയം.
വയലൻസിന് ഒട്ടും കുറവില്ലാത്ത ഇടമാണ് കൊറിയൻ സിനിമാ വ്യവസായം. അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദൻ ചിത്രം ഇവിടെ കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പലരും കരുതുന്നത്. ചിത്രം കൊറിയയിൽ ഹിറ്റായാൽ മലയാള സിനിമയ്ക്ക് കൂടുതൽ വിപണികൾ തുറന്നുകിട്ടുമെന്ന പ്രത്യേകത കൂടിയുണ്ട്. ഏപ്രിലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് കരുതുന്നത്.
അതേസമയം, കളക്ഷൻ റെക്കോർഡിൽ മുന്നേറുകയാണ് മാർക്കോ. ബോളിവുഡ് മാർക്കറ്റിലും കാര്യമായ ലാഭം ഉണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞു. വരുൺ ധവാൻ നായകനായ ബേബി ജോൺ പോലെ വമ്പൻ ചിത്രങ്ങൾ ഉണ്ടായിട്ടും അവയുടെ സ്‌ക്രീൻ കൗണ്ട് കുറച്ചുകൊണ്ടാണ് പലയിടത്തും മാർക്കോ ഷോ വർധിപ്പിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഹനീഫ് അദേനി സംവിധാനം ചെയ്‌ത മാർക്കോയിൽ ഉണ്ണി മുകുന്ദന് പുറമേ വമ്പൻ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. തെലുങ്ക് നടി യുക്തിയാണ് നായികാ വേഷം കൈകാര്യം ചെയ്‌തത്. ജഗദീഷ് അടക്കമുള്ള താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കെജിഎഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂർ ആണ് സംഗീത സംവിധാനം.












Click it and Unblock the Notifications