'വിജയകാന്തിനെ വടിവേലു അപമാനിച്ചു, മരിച്ചിട്ടും കാണാൻ വന്നില്ല, നിറത്തിന്റെ പേരിൽ പലരും തഴഞ്ഞു'; ആലപ്പി അഷ്‌റഫ്
തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടന്മാരിൽ ഒരാളായിരുന്നു വിജയകാന്ത്. നാല് പതിറ്റാണ്ടിൽ അധികം നീണ്ടുനിന്ന തന്റെ കരിയറിൽ അദ്ദേഹം ചെയ്‌ത വേഷങ്ങൾ ഒട്ടനവധിയാണ്. ഇന്ത്യൻ സിനിമയിൽ ടിപ്പിക്കൽ നായകന്മാർക്ക് വേണ്ട സൗന്ദര്യ ഗുണങ്ങളോ ആകാരഭംഗിയോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടി മറ്റ് നടന്മാരെക്കാൾ ആരാധകരെ ഉണ്ടാക്കി എടുക്കുവാൻ വിജയകാന്തിന് സാധിച്ചിരുന്നു.
കരിയറിന്റെ തുടക്കത്തിൽ സഹതാര വേഷങ്ങളും മറ്റും ചെയ്‌തു തിളങ്ങിയ അദ്ദേഹം പിന്നീടാണ് നായകനായി മാറിയത്. നിരവധി സൂപ്പർ, മെഗാ ഹിറ്റ് ചിത്രങ്ങളിൽ നായകനായി അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ വിജയകാന്തിന്റെ പെട്ടെന്നുള്ള രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തിന് ജീവിതത്തിൽ നഷ്‌ടങ്ങൾ മാത്രമാണ് നൽകിയതെന്ന് വേണമെങ്കിൽ പറയാം.

ഇപ്പോഴിതാ വിജയകാന്തിന്റെ ജീവിതകഥ തുറന്ന് പറയുകയാണ് സംവിധായകനും മിമിക്രി കലാകാരനും നടനുമൊക്കെയായ ആലപ്പി അഷ്‌റഫ്. തന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്ന ആളാണ് വിജയകാന്ത് എന്നും താൻ വളർത്തിയെടുത്ത ആളുകൾ പോലും അദ്ദേഹത്തെ അപമാനിച്ചെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. നടൻ വടിവേലുവിനെ കുറിച്ചും ആലപ്പി അഷ്‌റഫ് മനസ് തുറന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
തന്റെ ശത്രുക്കളെ പോലും സ്നേഹത്താൽ പൊതിഞ്ഞ് ഹൃദയത്തോട് ചേർത്ത് വച്ച് പോയ നടനാണ് വിജയകാന്ത്. വർഷങ്ങൾക്ക് മുൻപ്, എഴുപതുകളിൽ തിരുവനന്തപുരത്ത് ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്നു അദ്ദേഹം. അന്ന് സിനിമാ മോഹം വളരെയധികം ഉണ്ടായിരുന്ന അദ്ദേഹം പ്രേം നസീറിന്റെ ഏത് സിനിമ റിലീസ് ചെയ്‌താലും അന്ന് തന്നെ കാണാൻ പോവുന്ന ആളായിരുന്നു. മധുര സ്വദേശിയായിരുന്നു വിജയകാന്ത്.
നമ്മളൊക്കെ അദ്ദേഹത്തെ പറ്റി കേൾക്കുന്നത് തമിഴ് സിനിമയിലെ സൂപ്പർസ്‌റ്റാറായിട്ടാണ്. കറുത്ത എംജിആർ, പുരട്ച്ചി കലൈഞ്ചർ എന്നീ പേരുകൾ കൂടി അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ക്യാപ്റ്റൻ പ്രഭാകർ എന്ന് പറയുന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് അദ്ദേഹത്തിന് ക്യാപ്റ്റൻ എന്ന പേര് കിട്ടിയത്. പാവങ്ങളെയും ദരിദ്രരെയും കൈയയച്ച് സഹായിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിന് കറുത്ത എംജിആർ എന്ന പേര് കിട്ടിയത്.
ആദ്യകാലത്ത് മധുരയിൽ മദ്രാസിലേക്ക് സിനിമാ മോഹവുമായി എത്തിയ അദ്ദേഹത്തിന് ഒട്ടേറെ അവഗണനകൾ നേരിടേണ്ടി വന്നിരുന്നു. പല സിനിമകളിലും രൂപത്തിന്റെ പേരിൽ അദ്ദേഹത്തെ ഒഴിവാക്കി. ഒരുപാട് അവസരം ചോദിച്ച് നടന്നയാളാണ് അദ്ദേഹം. അത്തരം കഷ്‌ടപാടുകൾ ഒക്കെ അറിയുന്നത് കൊണ്ടാണ് അദ്ദേഹം പാവപ്പെട്ടവരെ സഹായിച്ചത്. സിനിമാ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം നടപ്പാക്കിയതും അദ്ദേഹമായിരുന്നു.
അന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും ചാൻസ് ചോദിച്ചു നടന്ന ഉറ്റസുഹൃത്ത് ഇബ്രാഹിം റാവുത്തറിന് പിന്നീട് സിനിമയിൽ നിർമ്മാണം ആരംഭിക്കാനും അദ്ദേഹം വഴിയൊരുക്കി. റാവുത്തർ ഫിലിംസ് എന്ന ബാനറിലാണ് ആ സിനിമകൾ നിർമ്മിച്ചത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് അവർ നിർമ്മിച്ചത്. വിജയകാന്ത് അത്തരത്തിൽ ഒരുപാട് പേർക്ക് ജീവിതത്തിൽ തണലാവുകയും അവരെ മുന്നോട്ട് നയിക്കുകയും ചെയ്‌തിരുന്നു.
അതിലൊരാളാണ് വടിവേലു. ഒരുകാലത്ത് വിജയകാന്തിന്റെ പിന്നിൽ കുട പിടിച്ച് നിൽക്കുന്ന റോളുകൾ ചെയ്‌ത ആളായിരുന്നു വടിവേലു. എന്നാൽ പണവും പ്രശസ്‌തിയും ആയപ്പോൾ ഇരുവരും തമ്മിൽ പിരിഞ്ഞു. ക്യാപ്റ്റൻ വിജയകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ആ ഭിന്നത രൂക്ഷമായി. അവർ ചെന്നൈയിൽ കഴിഞ്ഞിരുന്നത് ഒരേ തെരുവിൽ ആയിരുന്നു. വിജയകാന്തിന്റെ വീടിന് മുന്നിൽ മനപൂർവം കാർ പാർക്ക് ചെയ്‌തതിന്റെ പേരിൽ ആരാധകർ വടിവേലുവിനെ കൈയേറ്റം ചെയ്‌തു.
അത് പകയായി വടിവേലുവിന്റെ മനസിൽ നിന്നു. പിന്നീട് വിജയകാന്ത് മദ്യപാനത്തിലേക്ക് തിരിഞ്ഞപ്പോൾ അതിന്റെ പേരിൽ വടിവേലു അദ്ദേഹത്തെ അപമാനിച്ചു. മുഴുവൻ സമയം വെള്ളത്തിൽ നിൽക്കുന്ന ക്യാപ്റ്റനാണ് നമ്മുടേത് എന്നാണ് പറഞ്ഞത്. എന്നിട്ടും വടിവേലുവിനോട് ദേഷ്യമൊന്നും വിജയകാന്ത് പ്രകടിപ്പിച്ചിട്ടില്ല. മരിച്ചിട്ട് പോലും വടിവേലു വിജയകാന്തിനെ അവസാനമായി ഒരുനോക്ക് കാണാൻ പോയിരുന്നില്ല.












Click it and Unblock the Notifications