തുടക്കം കരൺ ജോഹർ ചിത്രത്തിൽ, ജുഹുവിൽ ആഡംബര വില്ല; വരുൺ ധവാൻ റിച്ചാണ്, ആസ്‌തി 200 കോടി കടക്കും
ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് ബോളിവുഡിൽ നെപ്പോട്ടിസം അധികമാണെന്ന ആരോപണം പണ്ട് മുതൽക്കേ ശക്തമാണ്. മുതിർന്ന നടന്മാരുടെയും സംവിധായകരുടെയും മക്കൾ അവരുടെ മേൽവിലാസം ഉപയോഗിച്ച് സിനിമയിൽ എത്തുന്നത് ഇടക്കാലത്ത് ഇൻഡസ്ട്രിയിൽ ഒരുപരിധി വരെ വ്യാപകവുമായിരുന്നു. എന്നാൽ ഇന്നതിലൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്തരത്തിൽ ബോളിവുഡിൽ നെപ്പോട്ടിസത്തിന്റെ പേരിൽ പഴികേട്ട താരങ്ങൾ ഒട്ടേറെയാണ്.
ബോളിവുഡിൽ ശ്രീവിദ്യയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി മുതൽ അർജുൻ കപൂർ, ആലിയ ഭട്ട്, അഭിഷേക് ബച്ചൻ വരെയുള്ള പഴയ തലമുറ വരെ ഇതിൽ നിന്ന് മുക്തരായിരുന്നില്ല. ഇക്കൂട്ടത്തിൽ ഒരുപാട് കാലം വിമർശകരുടെ ഇരയായിരുന്നു താരമാണ് വരുൺ ധവാൻ എന്ന യുവനടൻ. ഒരു സിനിമാ കുടുംബത്തിൽ ജനിച്ച വരുണിന്റെ അരങ്ങേറ്റം അത്ര എളുപ്പമായിരുന്നില്ല എന്നതാണ് പക്ഷേ യാഥാർഥ്യം.

ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകനായ ഡേവിഡ് ധവാന്റെ മകനാണ് വരുൺ എന്ന കാര്യം മറ്റു ഇൻഡസ്ട്രികളിലെ പലർക്കും അറിവില്ലാത്ത കാര്യമായിരിക്കും. അത് മാത്രമല്ല ഈ കുടുംബത്തിലെ മറ്റ് പലരെയും ഹിന്ദി സിനിമാ-ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതമായിരിക്കും. അതുകൊണ്ട് തന്നെ വരുണിന് സിനിമ അത്ര ബുദ്ധിമുട്ടേറിയ ചോയ്‌സ് ആയിരുന്നില്ലെന്ന് വേണമെങ്കിൽ പറയാം.
എന്നാൽ അഭിനയത്തിലൂടെ ആയിരുന്നില്ല വരുൺ സിനിമയിലേക്ക് പ്രവേശിച്ചത്. പിതാവിന്റെ പാത പിന്തുടർന്ന് സംവിധായക കുപ്പായം അണിയാനാണ് ആദ്യം ശ്രമം നടത്തിയത്, ഇതിന്റെ ഭാഗമായി എസ്ആർകെ കജോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ വരുൺ സംവിധായക സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് കരൺ ജോഹറാണ് അഭിനയത്തിൽ അരങ്ങേറാൻ സഹായിച്ചത്.
ഇടയ്ക്ക് കരിയറിൽ പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നുവെന്നത് ഒഴിച്ചാൽ വരുൺ ധവാൻ ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കേറിയ നടൻമാരിൽ ഒരാളായാണ് പിന്നീട് മാറിയത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം പ്രവർത്തിച്ചിരുന്നു. ബദ്‌ലാപൂർ എന്ന ചിത്രത്തിലൂടെ വിമർശകരുടെ വായടപ്പിച്ച താരത്തിന്റെ വളർച്ച അതിവേഗമായിരുന്നു.
നിലവിൽ ഒരു ചിത്രത്തിന് 20 കോടി രൂപ വരെയാണ് താരം ഈടാക്കുന്നതെന്നതാണ് ലഭ്യമായ വിവരം. പത്ത് വർഷത്തോളം മാത്രം ഇൻഡസ്ട്രിയിൽ പ്രവർത്തിച്ച താരത്തിന്റെ ആസ്‌തി കുതിച്ചുയരാൻ കാരണമായതും ഈ വമ്പൻ പ്രതിഫലമാണ്. നിലവിൽ വരുൺ ധവാന്റെ ആസ്‌തി പലരെയും അമ്പരപ്പിക്കുന്ന അളവിലേക്ക് വളർന്നു കഴിഞ്ഞു. കുറഞ്ഞ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള വരുൺ ധവാന്റെ ആകെ സമ്പാദ്യം ഇരുനൂറ് കോടിക്ക് മുകളിൽ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൃത്യമായി പറഞ്ഞാൽ അത് ഏകദേശം 205 കോടി രൂപയോളം വരും. സിനിമയിലെ അഭിനയത്തിന് പുറമേ വിവിധ കമ്പനികളുമായി അദ്ദേഹം പരസ്യ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. മുംബൈ ജുഹുവിലെ ആഡംബര വില്ല തന്നെയാണ് താരത്തിന്റെ സ്വത്തുക്കളിൽ പ്രധാനപ്പെട്ട ഒന്ന്. ഇത് കൂടാതെ അമ്പരപ്പിക്കുന്ന വാഹന കളക്ഷനും വരുൺ ധവാന് സ്വന്തമായുണ്ട്. റേഞ്ച് റോവർ, മെഴ്‌സിഡസ് ബെൻസ്, ഓഡി, ബിഎംഡബ്ല്യു എന്നിവ അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.












Click it and Unblock the Notifications