'എങ്ങനെയാണ് ഒരു സിനിമയുടെ റവന്യൂ മാസാമാസം കണക്ക് കൂട്ടുക'; നിർമ്മാതാക്കളുടെ സംഘടനക്കെതിരെ വിജയ് ബാബു
മലയാള സിനിമയിലെ നഷ്‍ട കണക്കുകളെ കുറിച്ചുള്ള വാർത്തകൾ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. മുതിർന്ന നിർമ്മാതാവ് ജി സുരേഷ് കുമാർ ആണ് ഇത് സംബന്ധിച്ച ആരോപണം ആദ്യം എടുത്തിട്ടത്. മലയാളത്തിൽ ഇറങ്ങുന്ന സിനിമകളിൽ ഭൂരിഭാഗവും പരാജയമാണെന്നും മുടക്ക് മുതൽ പോലും തിരിച്ചുപിടിക്കാൻ സാധിക്കുന്നില്ലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
കൂടാതെ മലയാള സിനിമയുടെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച പരാമർശവും അദ്ദേഹം നടത്തിയിരുന്നു. താരങ്ങൾ അമിത പ്രതിഫലം വാങ്ങുന്നുവെന്നും അത് ഒഴിവാക്കണമെന്നും ജി സുരേഷ് കുമാർ പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ പ്രതിഫലം കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നായിരുന്നു അമ്മയിലെ അംഗങ്ങൾ പറഞ്ഞത്. ഈ വിവാദത്തിന് ഇതുവരെയും അന്ത്യമായിട്ടില്ല.

അതിനിടെ എമ്പുരാൻ എന്ന ചിത്രത്തിന്റെ ബജറ്റ് കണക്കുകൾ പുറത്തുവിട്ട സുരേഷ് കുമാറിന്റെ നടപടിയും വിമർശനത്തിന് ഇടയാക്കിയിരുന്നു. മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം എമ്പുരാൻ മാത്രമാണ് ഭേദപ്പെട്ട കളക്ഷൻ നേടിയത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചിരുന്നു. അതിന് പിന്നാലെ വിഷയത്തിൽ ചർച്ചകൾ തുടരുകയാണ്.
ഇപ്പോഴിതാ പ്രമുഖ പ്രൊഡ്യൂസർ കൂടിയായ വിജയ് ബാബു അസോസിയേഷന്റെ തീരുമാനത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിൽ മാസാമാസം കളക്ഷൻ റിപ്പോർട്ടുകൾ എന്ന പേരിൽ കണക്കുകൾ പുറത്തുവിടുന്നത് ശരിയല്ലെന്നാണ് വിജയ് ബാബു ചൂണ്ടിക്കാണിക്കുന്നത്. എങ്ങനെയാണ് വാർഷിക തലത്തിൽ അല്ലാതെ ഇത്തരം കണക്കുകൾ പുറത്തുവിടുകയെന്നും അദ്ദേഹം ചോദിക്കുന്നു. പടക്കളം സിനിമയുടെ പ്രസ് മീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിജയ് ബാബുവിന്റെ വാക്കുകൾ
പടക്കളത്തിന്റെ റവന്യൂ എങ്ങനെയാണ് എനിക്ക് ഇപ്പോൾ പറയാൻ കഴിയുക. ഞാനാണ് അതിന്റെ മ്യൂസിക് റൈറ്റ്സ് കൊടുക്കുന്നത്, അതിൽ നിന്ന് മാസാമാസം എനിക്ക് വരുമാനം കിട്ടില്ലേ. പിന്നെ എങ്ങനെയാണ് ഞാൻ അതിന്റെ വരുമാനം പറയുക. എവിടെയാണ് അതിന്റെ വരുമാനം അവസാനിക്കുന്നത്. ചിലപ്പോൾ രണ്ട് മാസം കഴിഞ്ഞിട്ടായിരിക്കും ഞാൻ ഇതിന്റെ റീമേക്ക് റൈറ്റ്സ് വിൽക്കുന്നത്. അതെങ്ങനെ കണക്ക് കൂട്ടും.
ഞാൻ ചിലപ്പോൾ ആറോ ഏഴോ മാസം കഴിയുമ്പോൾ ആയിരിക്കും പടക്കളം എന്ന ചിത്രത്തിന്റെ ബുക്ക്‌സ് ക്ലോസ് ചെയ്യുന്നത്. അപ്പോഴാണ് എനിക്ക് ചിലവും വരവും ഒക്കെ കണക്കാക്കാൻ കഴിയുകയുള്ളൂ. എന്റെ ചോദ്യം ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ കണക്കുകൾ വച്ച് എങ്ങനെയാണ് അത് നഷ്‍ടമാണോ ലാഭമാണോ എന്ന് പറയാൻ കഴിയുക.
എനിക്ക് കാര്യക്ഷമമായ ഒരു ടീം പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ എപ്പോഴും ഉയർന്ന ബജറ്റ് ആണ് ഇടാറുള്ളത്. എന്തെങ്കിലും ഒരു പ്രശ്‌നം വന്നാൽ അത് മേക്കപ്പ് ചെയ്യാൻ വേണ്ടിയാണ് അത്. ചിലത് കൂടിയേക്കാം, ചിലത് കുറഞ്ഞേക്കാം. നമ്മൾ ആദ്യം കൊടുക്കുന്ന കോസ്‌റ്റ് ഒരിക്കലും കറക്റ്റ് ആവണമെന്നില്ല. ഒരുപാട് വേരിയേഷൻസ് വരും.
ഒരു വാർഷിക കണക്ക് എല്ലാ നിർമ്മാതാക്കളിൽ നിന്ന് വാങ്ങുകയാണെങ്കിൽ ശരി, മാസാമാസം എങ്ങനെയാണ് കണക്ക് കൊടുക്കുക, ഇതൊരു സ്ഥാപനം അല്ലാലോ മാസത്തിൽ കണക്കുകൾ കാണിക്കാനും മറ്റും. അതൊരിക്കലും നടക്കാത്ത ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് അക്കാര്യം ഒഴിവാക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എന്റെ സിനിമയുടെ കണക്കുകൾ വിടരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരിക്കലും കൃത്യമായ കണക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കിട്ടില്ല. കാരണം അവർ പറയുന്നതിൽ ഓവർസീസ്, റെസ്‌റ്റ് ഓഫ് ഇന്ത്യ ഒന്നുമില്ല. കേരള ബോക്‌സ് ഓഫീസ് കണക്കുകൾ മാത്രമാണ് അതിലുള്ളത്. ഞാൻ റീമേക്ക് റൈറ്റ്‌സോ ഡബ്ബിംഗ് റൈറ്റ്‌സോ കൊടുക്കുന്നുണ്ടോ എന്ന കാര്യം അവർക്ക് അറിയില്ല.












Click it and Unblock the Notifications