'ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും നമ്മൾ ശരിയായി മനസിലാക്കിയിട്ടില്ല'; ഷൈൻ ടോം ചാക്കോ
പങ്കാളി പറയുമ്പോഴാണ് പലപ്പോഴും നമ്മൾ ഇത്രയും ടോക്‌സിക് ആയിരുന്നുവെന്ന് അറിയൂവെന്ന് നടൻ ഷൈൻ ടോം ചാക്കോ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്. 'എൽജിബിറ്റിക്യൂ+' കമ്യൂണിറ്റിയെ കുറിച്ചുള്ള ചോദ്യത്തോടെ പ്രതികരിക്കവേ ആയിരുന്നു ഷൈൻ തന്റെ അഭിപ്രായം പങ്കുവച്ചത്. ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും നാം ഇതുവരെ ശരിയായി മനസിലാക്കിയിട്ടില്ലെന്നും ഷൈൻ ചൂണ്ടിക്കാട്ടി.
'നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായ രീതിയിൽ മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാൾ കാണുമ്പോൾ തന്നെ അവർക്ക് അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ.' എന്നായിരുന്നു ഷൈനിന്റെ മറുചോദ്യം.

'ഇത് മാറണമെങ്കിൽ ആദ്യം നമ്മുടെ ഉള്ളിൽ തന്നെ മാറ്റം വരണം. അപ്പോൾ ഞാൻ തന്നെ പലകാര്യങ്ങളിലും ഓകെ അല്ല. ഞാൻ എന്റെ പങ്കാളിയുടെ കാര്യത്തിൽ പോലും ഓകെ അല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല. അതിന്റെ പേരിൽ തർക്കങ്ങളുണ്ടാവും. അങ്ങനെയുള്ള ഞാൻ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും.' ഷൈൻ പറയുന്നു.
'തിരിച്ച് ഭാര്യ ആങ്ങനെ പൊസസീവ്നസ് ആവുന്നത് നമുക്ക് ഇടയ്ക്ക് ഇഷ്‌ടപ്പെടുമെങ്കിലും അത് ചില സമയങ്ങളിൽ ടോക്‌സിക്കായിരിക്കും. എന്റെ പങ്കാളി പറയുമ്പോഴാണല്ലോ ഞാൻ ഭയങ്കര ടോക്‌സിക്ക് ആണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്.' ഷൈൻ തുടർന്നു.
അതേസമയം, ഷൈൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളി ഫ്രം ഇന്ത്യ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഷൈൻ പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു. വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയും അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
അതിനിടെ ഈ വർഷം ജനുവരിയിൽ സുഹൃത്തും പ്രണയിനിയുമായ തനുജയുമായി താരത്തിന്റെ വിവാഹ നിശ്ചയവും നടന്നിരുന്നു. എൻഗേജ്മെന്റ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഷൈൻ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ ഇരുവരുടെയും വിവാഹം എപ്പോഴാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications