'നയൻതാര വന്നപ്പോൾ എന്നെ മുറിയിൽ നിന്ന് പുറത്താക്കി..;; അനുഭവം പങ്കുവച്ച് നടൻ റോണി വർഗീസ്
മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷവുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് റോണി വർഗീസ്. പ്രളയത്തിന്റെ നേർസാക്ഷ്യം ലോകത്തിന് മുൻപിൽ കാട്ടിയ 2018 സിനിമയിലും, മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡിലുമെല്ലാം താരം മികച്ച വേഷമാണ് കൈകാര്യം ചെയ്‌തത്. എന്നാൽ ഇപ്പോൾ ഇതാ തന്റെ കരിയറിൽ നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് റോണി.
കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ എത്തിയ മലയാളത്തിലെ ത്രില്ലർ ചിത്രമായിരുന്നു നിഴൽ. ഇതിൽ റോണിയും ഒരു വേഷം അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ലൊക്കേഷനിൽ നടന്ന സംഭവം ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കവെയാണ് റോണി പങ്കുവച്ചത്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നേരത്തെ എത്തിയെന്ന് റോണി പറയുന്നു. ചാക്കോച്ചനും, നയൻതാരയുമൊക്കെ നേരത്തെ എത്തുന്ന ആളുകളാണെന്ന് കേട്ടിട്ടുണ്ട്. അതിനാലാണ് നേരത്തെ എത്തിയതെന്ന് റോണി പറയുന്നു.
ഒരു ഫ്ലാറ്റിലാണ് ഷൂട്ട് നടക്കുന്നത്. താനും കുറച്ചു പേരും അവിടെ ഇരിക്കുമ്പോൾ സഫാരി സ്യൂട്ട് അണിഞ്ഞ കുറെ പേർ അവിടേക്ക് പെട്ടെന്ന് കടന്നുവന്നു. നയൻതാര വരുമ്പോൾ ആവശ്യമില്ലാത്ത ആളുകൾ ഉണ്ടാവാൻ പാടില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് പുറത്താക്കിയെന്ന് റോണി പറയുന്നു. ഇക്കാര്യം ചാക്കോച്ചനോട് പറഞ്ഞപ്പോൾ ആരോടും പറയേണ്ടെന്ന് ഉപദേശിച്ചെന്നും റോണി കൂട്ടിച്ചേർത്തു.
അപ്പു എൻ ഭട്ടതിരി ഒരുക്കിയ ചിത്രമാണ് നിഴൽ. മലയാളത്തിൽ ഇറങ്ങിയ മികച്ച മിസ്‌റ്ററി ത്രില്ലറുകളിൽ ഒന്നായിരുന്നു ഈ ചിത്രം. കുഞ്ചാക്കോ ബോബനും നയൻതാരക്കും പുറമെ ഇസിൻ ഹാഷ്, റോണി ഡേവിഡ്, ദിവ്യ പ്രഭ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.












Click it and Unblock the Notifications