Get Updates
Get notified of breaking news, exclusive insights, and must-see stories!

'നയൻ‌താരയുടെ ഫോട്ടോ കണ്ടപ്പോൾ കണ്ണിൽ ഉടക്കി, പക്ഷെ അവർ ശരിയാവുമോ എന്നായിരുന്നു സംശയം'; അളഗപ്പൻ

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം എന്നാണ് നയൻ‌താരയെ വിശേഷിപ്പിക്കുന്നത്. ലേഡി സൂപ്പർസ്‌റ്റാർ എന്ന വിശേഷണം ചാർത്തിക്കിട്ടിയ അവർ മലയാളി ആണെങ്കിലും കൂടുതലും തമിഴിലാണ് തന്റെ അഭിനയജീവിതം മുന്നോട്ട് കൊണ്ട് പോയത്. കൂടാതെ തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലും സജീവമായ അവരുടെ തുടക്കം മലയാളത്തിൽ നിന്ന് തന്നെയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത്‌ ജയറാം, ഷീല എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'മനസ്സിനക്കരെ' ആയിരുന്നു ഈ ചിത്രം.

ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പത്തൊൻപത് വയസ് മാത്രമായിരുന്നു അവരുടെ പ്രായം. പിന്നീട് മലയാളത്തിൽ തന്നെ ചില ചിത്രങ്ങളിൽ നായികാ വേഷങ്ങൾ കൈകാര്യം ചെയ്‌ത നയൻസ് തമിഴിലേക്ക് ചേക്കേറിയതോടെയാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. ഇപ്പോഴിതാ 'മനസ്സിനക്കരെ' എന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് നയൻ‌താര എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്‌ത ഛായാഗ്രാഹകൻ അളഗപ്പൻ.

alagappannayansmovie

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌തത്‌ അളഗപ്പനായിരുന്നു. ചിത്രത്തിലേക്ക് താൻ എത്തിയതിനെ കുറിച്ചും നയൻതാര നായികയായി വന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അദ്ദേഹം. അന്ന് നയൻ‌താരയ്ക്ക് ഒപ്പം പത്മപ്രിയയുടെയും ഫോട്ടോ അവിടെ പരിഗണിച്ചിരുന്നു എങ്കിലും താൻ നയൻതാരയെ നിർദ്ദേശിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലാണ് അളഗപ്പൻ മനസ് തുറന്നത്.

അളഗപ്പന്റെ വാക്കുകൾ

സാധാരണ സത്യേട്ടന്റെ സിനിമകളുടെ ക്യാമറാമാൻ ആയി വർക്ക് ചെയ്‌തിരുന്നത്‌ വിപിൻ മോഹനാണ്. എന്നാൽ പുതിയ സിനിമ തുടങ്ങുന്ന സമയത്ത് വിപിൻ ചേട്ടൻ സംവിധാന രംഗത്തേക്ക് കടക്കുന്ന തിരക്കിലായിരുന്നു. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. പിന്നീട് നിർമ്മാതാവ് സുബൈറും എന്നെ വിളിച്ചു പടം ചെയ്യുകയല്ലേ എന്ന് ചോദിച്ചു. ഞാൻ ഭയങ്കര സന്തോഷത്തിലായിരുന്നു, കാരണം സത്യൻ അന്തിക്കാടിന്റെ കൂടെ വർക്ക് ചെയ്യുകയല്ലേ.

അന്ന് ഞങ്ങൾ ലൊക്കേഷൻ നോക്കാനായി കോട്ടയം പാലാ, പിന്നെ തൊടുപുഴ ഭാഗത്തൊക്കെ പോയി. പലയിടത്തും നല്ല വീടുകൾ കണ്ടെങ്കിലും അവ ഒന്നും ശരിയായില്ല. പലരും അവധികാലത്ത് നാട്ടിലേക്ക് വന്നിരിക്കുകയായിരുന്നു. ചിലർ ഒന്നും വീട് തരാൻ സമ്മതിച്ചുമില്ല. ആ ഭാഗത്തുള്ള വീടുകൾ ഒന്നും ശരിയാവാതെ വന്നതോടെ ഞങ്ങൾ തൃശൂരിൽ ഒരു ഹോട്ടലിൽ മുറിയെടുത്ത് അവിടെ നിന്നു.

അപ്പോഴാണ് ഒരാൾ അവിടേക്ക് വന്നത്, കാര്യം അറിഞ്ഞപ്പോൾ പുള്ളിയാണ് ഒരു വീട് അവിടെ അടുത്തുണ്ടെന്ന് പറഞ്ഞത്. പൊന്തൻമാട സിനിമ ചെയ്‌ത വീടാണെന്ന് പുള്ളി പറഞ്ഞു. അവിടെ ചെന്ന് നോക്കാനും മറ്റ് വിവരങ്ങളും തന്നു. അങ്ങനെയാണ് ഞാൻ ആ വീട്ടിലേക്ക് ചെല്ലുന്നത്. പക്ഷേ അവിടെ ചെന്നപ്പോൾ ആ വീട്ടിലെ സ്ത്രീ, ഒരു അമ്മ, അവർ ഞങ്ങളോട് ഇറങ്ങിപ്പോവാൻ പറഞ്ഞു.

പൊന്തൻമാടയുടെ സമയത്തോ മറ്റോ അവിടെ ഒരുപാട് പേർ സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ഒക്കെ ചെയ്‌തിരുന്നു. അങ്ങനെയൊരു കൺഫ്യൂഷൻ ഉണ്ടായി, ആ വീട് ആവട്ടെ ഞങ്ങളുടെ പ്ലാനുകൾക്ക് എല്ലാം യോജിച്ചതായിരുന്നു. അവസാനം അവിടെ നിന്ന് ഇറങ്ങിപ്പോവാൻ ആ സ്ത്രീ ഞങ്ങളോട് ആവശ്യപ്പെട്ടു. പിന്നെയും ചോദിച്ചാൽ ഒരു ഇൻസൾട്ട് ആവേണ്ടെന്ന് കരുതി ഞങ്ങൾ തിരിച്ചു നടക്കാൻ ഒരുങ്ങുകയായിരുന്നു.

അപ്പോഴാണ് ഒരാൾ ആ പടി കടന്ന് അവിടേക്ക് വന്നത്. നിങ്ങളൊക്കെ ആരാണെന്ന് ചോദിച്ചു. ഞങ്ങൾ കാര്യം പറഞ്ഞു. ഞാൻ അളഗപ്പൻ ആണെന്നും ക്യാമറാമാൻ ആണെന്നും പുള്ളിയോട് പറഞ്ഞു. അമ്മ സിനിമയ്ക്ക് ആണെന്ന് പറഞ്ഞാൽ വീട് തരില്ലെന്ന് അയാൾ പറഞ്ഞു. എന്നിട്ട് പുള്ളി എന്നോട് ചോദിച്ചു നിങ്ങൾ നന്ദനത്തിന്റെ ക്യാമറാമാൻ അല്ലേ എന്ന്. ഞാൻ അതെയെന്ന് പറഞ്ഞു.

എന്നെ പെട്ടെന്ന് പുള്ളി അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി അമ്മയ്ക്ക് പരിചയപ്പെടുത്തി. നന്ദനത്തിന്റെ ക്യാമറാൻ ആണെന്ന് പറഞ്ഞു. അപ്പോൾ അവർക്ക് വല്ലാത്ത സന്തോഷമായിരുന്നു. എന്നെ അടുത്തിരുത്തി ഒരുപാട് വിശേഷങ്ങൾ ചോദിച്ചു. എനിക്ക് കൃത്യമായി ഒന്നും ഓർമ്മയില്ല, ഞാൻ എന്തൊക്കെയോ മറുപടി പറയുന്നുണ്ടായിരുന്നു. സത്യൻഅന്തിക്കാടിന്റെ സിനിമ തന്നെയല്ലേ എന്ന് അവർ ചോദിച്ചു, ഒടുവിൽ ഷൂട്ടിങ് നടത്താൻ സമ്മതിക്കുകയും ചെയ്‌തു.

അതൊക്കെ കഴിഞ്ഞപ്പോഴാണ് സത്യേട്ടൻ എന്നോട് പറഞ്ഞത് പടത്തിന് ഹീറോയിൻ ഇതുവരെ സെറ്റ് ആയിട്ടില്ലെന്ന്. ഒരുപാട് പേരെ നോക്കി, പുതുമുഖങ്ങളെ ആണ് വിചാരിച്ചതെന്നും ചിലരൊക്കെ വന്നു മടങ്ങിപോയതാണെന്നും പറഞ്ഞു. അപ്പോൾ ഞാൻ പടം ഡിലേ ആവുമോ എന്നാണ് ചോദിച്ചത്. ഒരിക്കലുമില്ല, ഇപ്പോൾ എല്ലാവരുടെയും ഡേറ്റ്, പ്രത്യേകിച്ച് ഷീലാമ്മയുടേത് കൃത്യം ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നെ വരാനുള്ള പുതുമുഖങ്ങളിൽ ചിലരുടെ ഫോട്ടോസ് എനിക്ക് സത്യേട്ടൻ കാണിച്ചു തന്നു. ഒരുപാട് തപ്പിയ ശേഷം ഒരു നാല് ഫോട്ടോ എടുത്തുവച്ചു. പിന്നെയും തിരിച്ചും മറിച്ചും നോക്കിയപ്പോൾ അത് മൂന്നെണ്ണമായി. അതിൽ ഒരാൾ ഡയാന, ഇപ്പോഴത്തെ നയൻ‌താര ആയിരുന്നു. പിന്നെയൊരാൾ പത്മപ്രിയയും ആയിരുന്നു, പിന്നീട് മമ്മൂക്കയോട് കൂടെ കാഴ്‌ചയിലൂടെയാണ് അവർ സിനിമയിലേക്ക് വന്നത്.

എനിക്ക് നയൻതാരയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ കണ്ണിലുടക്കി, സത്യേട്ടനോട് പറഞ്ഞു. പക്ഷേ പുള്ളി പറഞ്ഞത് ആ കുട്ടി അവിടെ വന്നിരുന്നു, ആർക്കും അവരുടെ കാര്യത്തിൽ ഓക്കേ ആവുമെന്ന പ്രതീക്ഷ ഇല്ലെന്നാണ്. പിന്നെ എന്നോട് ഒന്ന് ശ്രമിച്ചുനോക്കാനും പറഞ്ഞു. അങ്ങനെ ഞാൻ മാനേജർ മുഖേന ഡയാനയെ വിളിക്കുകയാണ് ചെയ്‌തത്‌. അവർ ഓഡിഷൻ പോലെ വരാമെന്ന് സമ്മതിച്ചു.

ഒരിക്കൽ വന്നത് കൊണ്ട് മടിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു ബുദ്ധിമുട്ടില്ലെങ്കിൽ വരാമോ എന്ന്. അങ്ങനെ അവർ വന്നു, അച്ഛനും അമ്മയും മകളും ഒരുമിച്ചാണ് വന്നത്. അന്ന് ഞാൻ അവരെക്കൊണ്ട് കുറച്ച് കരച്ചിലും ചിരിയും അങ്ങനെ ഓരോ കാര്യങ്ങൾ റാൻഡമായി അഭിനയിപ്പിച്ചു ഷൂട്ട് ചെയ്‌തു നോക്കി. എനിക്ക് അവർ ഓക്കേ ആയിരുന്നു. ഞാൻ അവരോട് പറഞ്ഞു എനിക്ക് ഓക്കേയാണ് ഇനി ഇത് തീരുമാനിക്കേണ്ടത് സംവിധായകനും തിരക്കഥാകൃത്തുമാണെന്ന്.

അങ്ങനെ ഷൂട്ട് ഒക്കെ തുടങ്ങി. ആദ്യം തന്നെ നയൻതാരയുടെ ഔട്ട്ഡോർ ഒരു ഷോട്ട് ആയിരുന്നു എടുത്തത്. പക്ഷേ അപ്പോഴേക്കും ചില കൺഫ്യൂഷൻസ് വന്നു. അവരെക്കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ എന്നുള്ളത്. അവരുടെ മുഖം ഇത്തിരി കൂടി സിറ്റിയിലൊക്കെ ജീവിച്ച ഒരാളുടേതായിരുന്നു. ബോഡി ലാംഗ്വേജ് ഒക്കെ ആ രീതിയിൽ ഉള്ള ആളായിരുന്നു. ഇത് ശരിയാവുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു.

അന്ന് ഞാൻ സത്യേട്ടനോട് പറഞ്ഞു നിങ്ങൾക്ക് ശരിയാക്കി എടുക്കാം എന്ന്, അങ്ങനെ അദ്ദേഹം അടുത്തുപോയി ഇരുന്ന് എല്ലാം പറഞ്ഞു കൊടുത്തു. അന്ന് ഞാൻ പത്തോ പതിനഞ്ചോ സീനുകൾക്ക് ചില ക്യാമറ ആംഗിളുകൾ ഒഴിവാക്കിയിരുന്നു.ഇന്നവർ സൂപ്പർ സ്‌റ്റാർ ആയത് കൊണ്ട് ഏത് ആംഗിളിൽ വച്ചാലും നല്ല റിസൾട്ട് കിട്ടും. എന്നവരുടെ തുടക്കമായിരുന്നു, അതിന്റെതായ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്.

ഇപ്പൊ എല്ലാം മാറി, ആർക്കും അഭിനയിക്കാം. അന്ന് ഞാൻ ബോധപൂർവം ചില ആംഗിളുകൾ ഒഴിവാക്കുകയും ചെയ്‌തിരുന്നു. അവസാനം ആയപ്പോഴേക്കും അവരെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. പിന്നെ ഞാൻ പാട്ടിൽ ഒക്കെ സാധാരണ പോലെ എല്ലാ ആംഗിളുകളും ഉപയോഗിച്ചു. കാരണം അപ്പോഴേക്കും അവർ കഥാപാത്രമായി മാറി കഴിഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+