'സിൽക്ക് സ്‌മിതയുടെ ഡ്രസ് കുറഞ്ഞാൽ എല്ലാവരും അങ്ങോട്ട് നോക്കും, സിനിമ സ്വാധീനിക്കും'; രവീന്ദ്രൻ
മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരങ്ങളിൽ ഒരാളാണ് രവീന്ദ്രൻ. ഡിസ്‌കോ രവീന്ദ്രൻ എന്നാണ് ഒരുകാലത്ത് താരം അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ ഡാൻസ് നമ്പറുകൾ കൊണ്ട് കൈയ്യടി നേടിയ രവീന്ദ്രൻ എൺപതുകളിൽ മിന്നും താരമായിരുന്നു. തന്റെ അതുല്യമായ നൃത്തമികവ് കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുകയായിരുന്നു താരം. മലയാളത്തിന് പുറമേ തമിഴിലും തന്റെ മികവ് തെളിയിച്ചിരുന്നു.
പിന്നീട് ചെറിയ വേഷങ്ങളും സഹതാരമായും ഒക്കെ അഭിനയിച്ച രവീന്ദ്രൻ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് ഏറെ ഹിറ്റ് ആയ ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിലെ രവീന്ദ്രന്റെ കഥാപാത്രം വലിയ കൈയ്യടി നേടിയിരുന്നു. ശേഷം ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പിന്നീട് സിനിമയിൽ സജീവമായി.

ഇപ്പോഴിതാ സിനിമയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് രവീന്ദ്രൻ. സിനിമ സമൂഹത്തെ സ്വാധീനിക്കാൻ കഴിയില്ലെന്ന് പറയാൻ ആവില്ലെന്ന് രവീന്ദ്രൻ ചൂണ്ടിക്കാട്ടി. സിനിമ കണ്ട് കൊലപാതകം ചെയ്‌ത ഒട്ടേറെ പേരുണ്ട്. എന്നാൽ സിനിമയിലൂടെ ഒട്ടേറെ നന്മകളും അറിവുകളും സമൂഹത്തിന് ലഭിച്ചിട്ടുണെന്നും അതാരും പറയുന്നത് കേട്ടിട്ടില്ലെന്നും രവീന്ദ്രൻ വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താരത്തിന്റെ പ്രതികരണം.
രവീന്ദ്രന്റെ വാക്കുകൾ
മിമിക്രിക്കാരാണ് എന്നെ ഡിസ്കോ രവീന്ദ്രൻ ആക്കിയത്. ഇടുക്കി ഗോൾഡിന് മുൻപ് വരെ അങ്ങനെയൊരു പേര് എനിക്ക് ഉണ്ടായിരുന്നില്ല. അതിൽ അഭിനയിച്ചപ്പോൾ എന്നെ കുറിച്ച് ആളുകൾ കൂടുതലായി സംസാരിച്ചത് പണ്ട് ഡിസ്കോ ഒക്കെ കളിച്ചിരുന്ന രവീന്ദ്രൻ എന്നായിരുന്നു. രണ്ടായിരത്തിന് ശേഷമാണ് എന്നെ അനുകരിക്കാൻ തുടങ്ങിയത്. അതിൽ എനിക്ക് നന്ദിയുണ്ട്. അവരാണ് എന്നെ കൂടുതൽ നിലനിർത്തിയത്.
ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട പടമാണ് ഇടുക്കി ഗോൾഡ്. അതിൽ ശരിക്കും എന്താണ് പറയുന്നത്. സൗഹൃദമാണ് ഏറ്റവും വലിയ ലഹരി എന്ന് പറഞ്ഞുകൊണ്ടാണ് അത് അവസാനിക്കുന്നത്. ഏറ്റവും അധികം അതിനെ ആഗ്രഹിച്ച മ്ലേച്ചൻ എന്ന് പറയുന്ന എന്റെ കഥാപാത്രം, ഒരുപാട് റിസ്‌ക് എടുത്ത് ആ ലഹരി തേടി പോയി അവസാനം അവർ എന്താണ് ചെയ്യുന്നത്, അത് തിരിച്ചുകൊടുക്കുകയാണ്. ആ വാക്കിനെ വിട്ട് ബാക്കി കാര്യങ്ങളെയാണ് എല്ലാവരും എടുത്ത് പറയുന്നത്.
സിനിമ സ്വാധീനിക്കില്ലെന്ന് പറയാൻ കഴിയില്ല. സിനിമ കണ്ട് കൊലപാതകം ചെയ്‌തവർ ഒരുപാടുണ്ട്. പക്ഷേ അതുപോലെ സിനിമ ചെയ്‌ത നന്മ ആരും കാണുന്നില്ല. ഒരുപാട് അറിവുകളും നല്ല കാര്യങ്ങളും സിനിമയിലൂടെ ആളുകളിലേക്ക് എത്തുന്നുണ്ട്. പല സുപ്രധാന വിഷയങ്ങളും സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ലഹരിയുടെ കാര്യം സിനിമ മാത്രമല്ല കാരണം. അതിന്റെ ലഭ്യത എന്തുകൊണ്ടാണ് എന്നൊക്കെ നോക്കണം. എവിടെ നിന്ന് ഇത് വരുന്നു, സമൂഹത്തിൽ എങ്ങനെ എത്തുന്നു എന്നാണ് പരിശോധിക്കേണ്ടത്. നമുക്കൊക്കെയും ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന് മുഴുവൻ അതിൽ ബാധ്യത ഉണ്ട്. അത്തരം തെറ്റുകൾ കണ്ടാൽ നാം പ്രതികരിക്കണം.
എനിക്ക് ഏറ്റവും പ്രയാസം തോന്നിയത് സിൽക്ക് സ്‌മിതയ്ക്ക് ഒപ്പം അഭിനയിക്കുമ്പോഴാണ്. കാരണം എല്ലാവരും ശ്രദ്ധിക്കുന്നത് സിൽക്കിനെയാണ്. റിഹേഴ്‌സൽ നടക്കുമ്പോൾ സിൽക്ക് ഡ്രസൊക്കെ ഇട്ടായിരിക്കും ഉള്ളത്. എന്നാൽ ഷൂട്ട് ചെയ്യുമ്പോൾ സിൽക്ക് ഡ്രസ് ഊരിയാൽ എല്ലാ കണ്ണും അങ്ങോട്ടേക്കായിരിക്കും. എന്നെയാരും ശ്രദ്ധിക്കാറില്ല.












Click it and Unblock the Notifications