'രാജാവിനേക്കാൾ രാജഭക്തി, ജെഎസ്‌കെ വിവാദത്തിൽ സുരേഷ് ഗോപി മിണ്ടാത്തത് എന്തുകൊണ്ട്?'; ചോദ്യവുമായി ജോസ് തോമസ്
അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രം ജെഎസ്‌കെയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സെൻസർ വിവാദം. ചിത്രത്തിന് കേന്ദ്ര സെൻസർ ബോർഡ് അനുമതി നിഷേധിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ ജാനകി എന്ന പേരാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിച്ചത്. ഇതോടെ വിവിധ കോണുകളിൽ നിന്നും വിമർശനവും ഉയർന്നിരുന്നു.
എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നായകനും കേന്ദ്ര മന്ത്രിയും കൂടിയായ സുരേഷ് ഗോപിയുടെ മൗനമാണ് ഏറ്റവും വലിയ ചർച്ചയായത്. സെൻസർ വിവാദത്തിൽ പ്രതിഷേധിച്ച് ഫെഫ്‌ക അടക്കമുള്ള സംഘടനകൾ നേരത്തെ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും അണിയറ പ്രവർത്തകർ ആരും തന്നെ ഇതിൽ പങ്കെടുക്കാതിരുന്നതും ചർച്ചകൾക്ക് വഴിയൊരുക്കി.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകനും ഫെഫ്‌ക മുൻ ഭാരവാഹിയുമായ ജോസ് തോമസ്. എന്തുകൊണ്ടാണ് സുരേഷ് ഗോപി പ്രതികരിക്കാത്തത് എന്ന് ജോസ് തോമസ് ചോദിച്ചു. കൂടാതെ ഫെഫ്‌ക അടക്കമുള്ള സംഘടനകളുടെ പരിപാടിയിൽ അണിയറ പ്രവർത്തകരുടെ അഭാവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജോസ് തോമസിന്റെ വാക്കുകൾ
ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് അഥവാ ജെഎസ്‌കെ സുരേഷ് ഗോപി നായകനായി അഭിനയിച്ച സിനിമയാണ്. ആ സിനിമയ്ക്കു ഇപ്പോഴും സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ജൂലൈ അഞ്ചിന് ഹൈക്കോടതി ജസ്‌റ്റിസും റിവൈസിംഗ് കമ്മിറ്റി അംഗങ്ങളും ഈ സിനിമ കാണുന്നുണ്ട്. ശേഷമാവും കോടതിയുടെ അന്തിമ തീരുമാനം എന്നാണ് അറിയിച്ചിരിക്കുന്നത്. കോടതിയുടെ വിധി വരുന്നത് വരെ നമുക്ക് കാത്തിരിക്കാം.
എന്നാൽ അതിനേക്കാൾ പരമ പ്രധാനമായ ചില ചോദ്യങ്ങളുണ്ട്. ഈ നിമിഷം വരെ സുരേഷ് ഗോപി എന്ന മനുഷ്യൻ, അതിലെ നായക നടൻ, ബിജെപി എംപി, കേന്ദ്രമന്ത്രി അതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരേഷ് ഗോപി മന്ത്രിയും എംപിയും ഒക്കെ ആയിരിക്കെ കേന്ദ്രത്തിൽ വിഷയം സംസാരിച്ചിട്ടുണ്ടാവും എന്നാണ് കരുതുന്നത്. അതോ സിനിമ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കില്ലെന്ന് കരുതി സുരേഷ് ഗോപി മിണ്ടാതിരിക്കുകയാണോ എന്ന് എനിക്ക് അറിയില്ല.
പദ്‌മകുമാർ എന്ന സംവിധായകന്റെ സിനിമയ്ക്കും ഇതേ പ്രശ്‌നം നേരിടേണ്ടി വന്നു. അന്ന് അദ്ദേഹത്തിന് പേര് തിരുത്തേണ്ടി വന്നു. ഒരു വർഷം ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേരിലും പ്രശ്‌നം വന്നിരുന്നു. ഫെഫ്‌കയും അമ്മയും നിർമ്മാതാക്കളുടെ സംഘടനയും ഒക്കെ ചേർന്ന് തിരുവനന്തപുരത്ത് ഒരു സമരകോലാഹലം നടന്നു.
ബി ഉണ്ണികൃഷ്‍ണന്റെ നേതൃത്വത്തിൽ ആയിരുന്നു സമരം. ഒരുപാട് പേർ പ്രസംഗിച്ചു. ബിജെപിയിൽ നിന്ന് ഒരാൾ പോലും പങ്കെടുത്തില്ല. സുരേഷ് ഗോപിയും അതിൽ പങ്കെടുത്തില്ല. ആ സിനിമയുടെ മുൻനിര അണിയറ പ്രവർത്തകർ ആരും പങ്കെടുത്തില്ല എന്നത് വലിയ ചർച്ചയായി. അത് ഉന്നയിക്കേണ്ട ഒരു ചോദ്യം തന്നെയാണ്.
എന്തുകൊണ്ടാണ് ഈ സിനിമയുടെ നിർമ്മാതാവോ സംവിധായകനോ നായക നടനോ മറ്റ് സാങ്കേതിയ പ്രവർത്തകരോ ആ സമരത്തിൽ പങ്കെടുത്തില്ല? ഈ സംഘടനകൾ ഇത് ചോദിച്ചിട്ടുണ്ടോ? സിനിമയ്ക്ക് മൊത്തത്തിൽ ഉണ്ടാവുന്ന പ്രതിസന്ധിക്ക് വേണ്ടി സമരം ചെയ്യണം. എന്നാൽ ഈ സമരത്തിൽ അണിയറ പ്രവർത്തകർ പങ്കെടുക്കേണ്ടതല്ലേ. ഇത് പൊതുസമൂഹം ചോദിക്കുന്നതാണ്.
ഇതിന് രണ്ടാമതൊരു വശമുണ്ട്. കേന്ദ്രത്തിൽ ഇരിക്കുന്ന അമിത് ഷാ, നരേന്ദ്ര മോദി എന്നിവർ ഇത് അറിഞ്ഞുകാണണമെന്നില്ല. പറഞ്ഞു പഴകിയ ഒരു പഴമൊഴി ഉണ്ട്. രാജാവിനേക്കാൾ വലിയ രാജഭക്തി എന്നാണ് അത്. അതുപോലെ സെൻസർ ബോർഡിലെ അംഗങ്ങൾ രാജാവിനേക്കാൾ രാജഭക്തി കാണിച്ചത് കൊണ്ടാണോ ഇങ്ങനെ എന്ന് എനിക്കറിയില്ല. ഇതൊക്കെ മാർക്കറ്റിംഗ് തന്ത്രമാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്.
ഇതിലെ യാഥാർഥ്യം ഒക്കെ തുറന്ന് പറയേണ്ടത് നിർമ്മാതാവും സംവിധായകനും പിന്നെ നായകനായ സുരേഷ് ഗോപിയുമാണ്. അവരാരും ശബ്‌ദിക്കുന്നില്ല. ഇപ്പോൾ ഈ സിനിമയ്ക്ക് കോടതി പ്രദർശനാനുമതി കൊടുത്താൽ അത് സൂപ്പർഹിറ്റ് ആവുമെന്ന് ഉറപ്പാണ്. അതാണോ സുരേഷ് ഗോപിയും മറ്റ് അണിയറ പ്രവർത്തകരും ചിന്തിച്ചിരിക്കുക? അറിയില്ല, എന്തായാലും ജനങ്ങൾ മണ്ടന്മാരല്ല. അവർ ചോദ്യങ്ങൾക്ക് ഇനിയെങ്കിലും മറുപടി പലായനം.












Click it and Unblock the Notifications